| Monday, 18th November 2024, 4:51 pm

താൻ മ്യൂസിക് മാത്രം നോക്കിയാൽ മതി മറ്റ് കാര്യങ്ങളിൽ ഇടപെടേണ്ടെന്ന് പറഞ്ഞ് അദ്ദേഹം അന്ന് തെറ്റിപ്പോയി: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ ഗാനങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകനായിരുന്നു ജോൺസൺ മാസ്റ്റർ. തൂവാനതുമ്പികൾ, നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഞാൻ ഗന്ധർവ്വൻ, വരവേൽപ്പ് തുടങ്ങി മികച്ച സിനിമകളുടെ ഭാഗമായ അദ്ദേഹം ഏറ്റവും കൂടുതൽ വർക്ക്‌ ചെയ്തിട്ടുള്ളത് സത്യൻ അന്തിക്കാട് സിനിമകളിലാണ്.

പൊന്മുട്ടയിടുന്ന താറാവ്, മഴവിൽകാവടി, പിൻഗാമി തുടങ്ങിയ സിനിമകളെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്നവയാണ്. വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയിൽ ജോൺസനൊപ്പം വർക്ക്‌ ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്.

സെറ്റിൽ വെച്ച് താൻ ജോൺസനോട്‌ പിണങ്ങിയിരുന്നുവെന്നും ഓർക്കസ്ട്ര ടീമിനെയടക്കം അന്ന് പിരിച്ചുവിട്ടിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. തന്റെ മ്യൂസിക് ശരിയാണോ എന്ന് മാത്രം നോക്കിയാൽ മതിയെന്ന് ജോൺസൺ അന്ന് പറഞ്ഞെന്നും പിന്നീട് ജോൺസനെ താൻ തിരിച്ച് വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അന്ന് തികച്ചും വ്യക്തിപരമായ കാരണംകൊണ്ട് ഞാനും ജോൺസണും തമ്മിലൊന്ന് പിണങ്ങി. അന്ന് വർക്ക്‌ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ജോൺസൺ എന്റെയടുത്ത് പറഞ്ഞു, താൻ മ്യൂസിക് ശരിയാവുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. അല്ലാതെ വേറേ കാര്യത്തിൽ ഇടപെടേണ്ടായെന്ന്.

ഞാൻ പറഞ്ഞു, എന്നാൽ തത്കാലം നമുക്ക് പാക്കപ്പ് ചെയ്യാമെന്ന്. അങ്ങനെ റീ റെക്കോർഡിങ്ങിന് വന്ന ഫുൾ ഓർക്കസ്ട്രയെ ഒരു പതിനൊന്ന് മണിയായപ്പോൾ ഞാൻ പിരിച്ചുവിട്ടു. ശരിക്കും ആ സംഭവം ജോൺസണ് വലിയ വിഷമം ഉണ്ടാക്കിയിരുന്നു. ഞാൻ വേറേ ആരെയെങ്കിലും കൊണ്ട് റെക്കോർഡ് ചെയ്യിപ്പിക്കാമെന്ന് കരുതി. കാരണം അത്രയും സീരിയസായ പിണക്കമായിരുന്നു.

പക്ഷെ ആ സിനിമയിൽ സംഗീതം ചെയ്യാൻ വേറേ ഒരാളെയും എന്റെ മനസിൽ വരുന്നില്ലായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഞാൻ സേതു മണ്ണാർക്കാടിനെ ജോൺസന്റെ വീട്ടിലേക്ക് വിട്ടു. അവിടെ എത്തിയപ്പോൾ ജോൺസന്റെ വൈഫ് പറഞ്ഞു, അന്നവിടെ നിന്ന് വന്ന ശേഷം ജോൺസൺ വീട്ടിൽ നിന്ന് പുറത്ത് പോയിട്ടില്ലായെന്ന്.

കാരണം പുള്ളിക്കും പ്രയാസമുണ്ടായിരുന്നു. സത്യേട്ടൻ വിളിക്കുന്നുണ്ടെന്ന് സേതു അദ്ദേഹത്തോട് പറഞ്ഞു. ജോൺസൺ സേതുവിനോട് പറഞ്ഞത്, ഞാൻ വരാം പക്ഷെ അന്നത്തെ വഴക്കിനെ പറ്റി സത്യൻ എന്നോട് ഒരു വാക്കും മിണ്ടരുത് എന്നായിരുന്നു. അങ്ങനെയാണ് ആ സിനിമ ഞങ്ങൾ പൂർത്തിയാക്കിയത്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight:  Sathyan Anthikkad About Relationship With Jhonson Master

We use cookies to give you the best possible experience. Learn more