മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
പ്രിയദർശൻ, സിബി മലയിൽ, ഫാസിൽ തുടങ്ങിയവരെല്ലാം ഒരേ കാലഘട്ടത്തിൽ സത്യൻ അന്തിക്കാടിനൊപ്പം സിനിമകൾ ചെയ്തിട്ടുള്ള സംവിധായകരാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി ഇന്നത്തെ മലയാളത്തിലെ സീനിയർ താരങ്ങൾക്കെല്ലാം മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകരാണ് ഇവരെല്ലാം.
താൻ കണ്ട് ആസ്വദിച്ചിട്ടുള്ള സിനിമകൾ പ്രിയദർശന്റെയും ഫാസിലിന്റെയുമാണെന്ന് സത്യൻ അന്തിക്കാട് പറയുന്നു. മാമാട്ടികുട്ടിയമ്മയും മണിച്ചിത്രത്താഴും കിലുക്കവുമെല്ലാം താൻ ഒരുപാട് കണ്ടാസ്വദിച്ച ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അത് ശരിക്കും പറഞ്ഞാൽ ഫാസിലിന്റെയും പ്രിയന്റെയുമാണ്. ഫാസിലിന്റെ മാമാട്ടിക്കുട്ടിയമ്മ, മണിച്ചിത്രത്താഴ് അതുപോലെ പ്രിയന്റെ കിലുക്കം തൊട്ടുള്ള പല സിനിമകളും. ഇതൊക്കെ എന്റെ സമകാലികരുടെ, എന്നെ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യിപ്പിച്ചിട്ടുള്ള പടങ്ങളാണ്. പിന്നെ സിബി മലയിലിന്റെ കിരീടം പോലുള്ള സിനിമകൾ. പ്രധാനമായും ആകർഷിച്ചത് പ്രിയന്റെയും ഫാസിലിന്റെയും പടങ്ങളാണ്,’സത്യൻ അന്തിക്കാട് പറയുന്നു.
സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ജനപ്രിയ കൂട്ടുകെട്ടുകളിൽ ഒന്നായ സത്യൻ അന്തിക്കാട് – മോഹൻലാൽ എന്നിവർ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൃദയ പൂർവം എന്ന ഈ സിനിമയ്ക്കുണ്ട്.
സംഗീത, മാളവിക മോഹൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഈ വർഷം തന്നെ പ്രേക്ഷർക്ക് മുന്നിലെത്തും. എന്നും ഇപ്പോഴും എന്ന സിനിമയിലാണ് സത്യൻ അന്തിക്കാടും മോഹൻലാലും അവസാനമായി ഒന്നിച്ചത്.
Content Highlight: Sathyan Anthikkad About Priyadarshan, Fazil, Sibi Malayil