മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
പതിവ് സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ചിത്രമായിരുന്നു മോഹൻലാൽ നായകനായി എത്തിയ പിൻഗാമി. ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന സത്യൻ അന്തിക്കാട് ചിത്രം കൂടിയാണ് പിൻഗാമി.
എന്നാൽ ഇറങ്ങിയ സമയത്ത് പ്രതീക്ഷിച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞില്ലെന്നും അന്ന് പിൻഗാമിക്കൊപ്പം ഇറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രമായിരുന്നു തേന്മാവിൻ കൊമ്പത്തെന്നും സത്യൻ അന്തിക്കാട് പറയുന്നു. വെറും ഒരു ആക്ഷൻ ചിത്രം എന്നതിലുപരി ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ് പിൻഗാമിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റിലീസ് ചെയ്തിരുന്ന സമയത്തെക്കാൾ പ്രശംസകൾ ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് പിൻഗാമി. അന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല ആ സിനിമ ഇത്ര കാലം കഴിഞ്ഞും ചർച്ച ചെയ്യപ്പെടുമെന്നും. റിലീസ് ചെയ്തിരുന്ന സമയത്ത് ഞാൻ അതിനേക്കാൾ വലിയ വിജയം പ്രതീക്ഷിച്ചിരുന്ന ചിത്രമാണ് പിൻഗാമി. ആ പടം ഓടുകയൊക്കെ ചെയ്തു. പരാജയം ഒന്നുമല്ല. എങ്കിലും എന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായ ഒരു സിനിമയാവണമെന്നും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്ത ചിത്രമാണ് പിൻഗാമി.
രഘുനാഥ് പാലേരിയാണ് അതിന്റെ സ്ക്രിപ്റ്റ് എഴുതിയത്. പക്ഷെ വേണ്ടത്ര പഞ്ച് അതിന് കിട്ടിയില്ല. എനിക്ക് തോന്നുന്നത് ആ സമയത്ത് ഓപ്പോസിറ്റ് ഇറങ്ങിയത് തേന്മാവിൻ കൊമ്പത്ത് എന്ന മോഹൻലാൽ പടമായിരുന്നു. കൂടുതൽ ശ്രദ്ധ അങ്ങോട്ട് മാറിയത് കൊണ്ടായിരിക്കാം. പക്ഷെ പതുക്കെ പതുക്കെ ഇപ്പോൾ പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ സിനിമ പിൻഗാമിയായി മാറി. അതിൽ ഒരു ജീവിതമുണ്ട്. അതൊരു പ്രതികാര കഥ മാത്രമല്ല. ബന്ധങ്ങളുടെ കഥ പറയുന്നുണ്ട്. അത് വിട്ടിട്ടുള്ള ഒരു കളിക്കും ഞാൻ ഇല്ല. കോമഡിയായാലും ആക്ഷൻ ആണെങ്കിലും എല്ലാത്തിലും കുടുംബം ഉണ്ടാവും,’സത്യൻ അന്തിക്കാട് പറയുന്നു.
സത്യൻ അന്തിക്കാടിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ ജനപ്രിയ കൂട്ടുകെട്ടുകളിൽ ഒന്നായ സത്യൻ അന്തിക്കാട് – മോഹൻലാൽ എന്നിവർ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഹൃദയ പൂർവം എന്ന ഈ സിനിമയ്ക്കുണ്ട്. സംഗീത, മാളവിക മോഹൻ എന്നിവർ നായികമാരായി എത്തുന്ന ചിത്രം ഈ വർഷം തന്നെ പ്രേക്ഷർക്ക് മുന്നിലെത്തും. എന്നും ഇപ്പോഴും എന്ന സിനിമയിലാണ് സത്യൻ അന്തിക്കാടും മോഹൻലാലും അവസാനമായി ഒന്നിച്ചത്.
Content Highlight: Sathyan Anthikkad About Pingami Movie