മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.
നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി മോഹൻലാലിനൊപ്പം ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ കരിയറിൽ ഒരു വേളയിൽ താൻ മോഹൻലാലുമായി പിണങ്ങിയിരുന്നുവെന്നും അത് മാറുന്നത് ഇരുവർ എന്ന മോഹൻലാൽ ചിത്രം കണ്ടപ്പോഴാണെന്നും സത്യൻ അന്തിക്കാട് പറയുന്നു.
‘മോഹൻലാലുമായി എനിക്കൊരു പിണക്കം ഉണ്ടായിരുന്നു. സന്മനസുള്ളവർക്ക് സമാധാനം ചെയ്യുമ്പോഴും വരവേൽപ്പ് ചെയ്യുമ്പോഴുമൊന്നും ഞാൻ മോഹൻലാലിൻറെ ഡേറ്റ് വാങ്ങാറില്ലായിരുന്നു. നമ്മൾ ഒരു പടം പ്ലാൻ ചെയ്താൽ ആ സമയം ലാൽ വന്നിരിക്കും. പിന്നീട് ലാൽ വലിയൊരു വ്യവസായത്തിന്റെ ഘടകമായി മാറിയപ്പോൾ മോഹൻലാലിന് അത് പറ്റാതായി.
അതോടെ ഞാൻ ആഗ്രഹിക്കുന്ന സമയത്ത് മോഹൻലാലിനെ കിട്ടാതായി. അതെനിക്ക് ചെറിയ പ്രയാസമുണ്ടാക്കി. ആ സമയത്ത് ഞാൻ മോഹൻലാലിനെ ഒഴിവാക്കി ജയറാമിന്റെയും ശ്രീനിവാസന്റെയുമെല്ലാം സിനിമകൾ ചെയ്യാൻ തുടങ്ങി. മഴവിൽക്കാവടി, പൊന്മുട്ടയിടുന്ന താറാവ്, സന്ദേശം, സസ്നേഹമെല്ലാം ആ സമയത്ത് വന്ന എന്റെ സിനിമകളാണ്.
അതൊക്കെ സക്സസായി മാറി. പക്ഷെ 12 വർഷമൊക്കെ കഴിഞ്ഞത് ഞാൻ അറിഞ്ഞില്ലായിരുന്നു. ഒരു ദിവസം ഇന്നസെന്റ് അതിനെ കുറിച്ച് ചോദിക്കുമ്പോഴാണ് ഞാനത് ആലോചിക്കുന്നത്. ലാൽ പറയുന്നത് സത്യേട്ടൻ പിണങ്ങിയത് ഞാൻ അറിഞ്ഞിട്ടില്ല എന്നായിരുന്നു. ആ പിണക്കം മാറിയത് ലാലിൻറെ ഒരു സിനിമയിലൂടെയാണ്.
ആ സമയത്താണ് മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമ ഇറങ്ങുന്നത്. തൃശൂർ ടൗണിൽ വെച്ചാണ് ഞാനും എന്റെ കുടുംബവും അതിന്റെ സെക്കന്റ് ഷോ കാണുന്നത്. ഇരുവരിലെ മോഹൻലാലിൻറെ പ്രകടനം കണ്ടിട്ട് ഞാനങ്ങ് ഭ്രമിച്ചുപോയി. ഞാനും ലാലുമായി മിണ്ടാതെയിരിക്കുന്ന കാലമാണ്. പക്ഷെ സിനിമ കഴിഞ്ഞ ഉടനെ എനിക്ക് മോഹൻലാലിനെ വിളിക്കണമെന്ന് ഞാൻ പറഞ്ഞു.
വീടുവരെ വരാനുള്ള ക്ഷമ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു എസ്.ടി.ഡി ബൂത്തിൽ കയറി ശ്രീനിവാസനെ വിളിച്ചു. ശ്രീനിയും ലാലും അന്ന് ഗോവയിൽ ഒരു സിനിമയുടെ ഷൂട്ടിലാണ്. ശ്രീനി ഫോൺ എടുത്ത ഉടനെ ഞാൻ ചോദിച്ചത് മോഹൻലാൽ ഉറങ്ങിയോ എന്നായിരുന്നു. ഉറങ്ങിയാലും ഇല്ലെങ്കിലും ലാലിന് ഞാൻ ഫോൺ കൊടുക്കാമെന്ന് ശ്രീനി പറഞ്ഞു. ആ ഫോൺകോളിലൂടെ ഞാനെന്റെ സ്നേഹം പ്രകടിപ്പിച്ചു. അങ്ങനെയാണ് ആ മഞ്ഞുരുകുന്നത്. കാരണം ലാലിനും അത് വലിയ സന്തോഷമായി,’സത്യൻ അന്തിക്കാട് പറയുന്നു.
എന്നും ഇപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ഹൃദയപൂർവം എന്ന ചിത്രം അടുത്ത വർഷമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. സംഗീത, ഐശ്വര്യ ലക്ഷ്മി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Content Highlight: Sathyan Anthikkad About Performance Of Mohanlal In Iruvar Movie