മലയാളികള്‍ക്ക് ഒട്ടനവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗ്രാമങ്ങളുടെ നന്മയും സ്നേഹവും ഏറ്റവും മനോഹരമായി സിനിമയില്‍ കാണിച്ചവരില്‍ സത്യന്‍ അന്തിക്കാടിനോളം മികച്ച സംവിധായകന്‍ വേറെയില്ല. സമകാലീനരായ പല സംവിധായകരും കാലത്തിനൊത്ത് അപ്ഡേറ്റാകാന്‍ കഴിയാതെ വിസ്മൃതിയിലേക്ക് മാഞ്ഞപ്പോഴും തന്റെ സ്ഥിരം ശൈലിയില്‍ നിന്ന് മാറാതെ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്.
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ നടിമാരില്‍ ഒരാളായ നയന്‍താരയെക്കുറിച്ച് സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മനസിനക്കരെ എന്ന ചിത്രത്തിലൂടെ നയന്‍താരയെ ആദ്യമായി ക്യാമറക്ക് മുന്നില്‍ കൊണ്ടുവന്നത് സത്യനായിരുന്നു. വളരെ ജെനുവിനായിട്ടുള്ള നടിയാണ് നയന്‍താരയെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു.
യാതൊരു കളങ്കവുമില്ലാത്ത വ്യക്തിയാണെന്നും പുറമെ കാണുന്ന സ്റ്റാര്‍ഡത്തിന്റെ വലിപ്പത്തിനുമപ്പുറം ഒരുപാട് നന്മകളുള്ള കുട്ടിയാണ് നയന്‍താരയെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. ഓരോ സിനിമ ചെയ്യുന്നതിന് മുമ്പും തന്നെ വിളിച്ച് അനുഗ്രഹം വാങ്ങുമായിരുന്നെന്ന് സത്യന്‍ പറഞ്ഞു. അജിത്തിന്റെ കൂടെയുള്ള ഒരു സിനിമയുടെ ഷൂട്ടിന് മുമ്പ് തന്നെ ഒരുപാട് തവണ വിളിച്ചെന്നും എന്നാല്‍ തനിക്ക് കോള്‍ എടുക്കാന്‍ സാധിച്ചില്ലെന്നും സത്യന്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ തിരിച്ച് വിളിച്ചപ്പോള്‍ മേക്കപ്പൊക്കെ ഇട്ട് തന്റെ അനുഗ്രഹത്തിന് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞെന്നും അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സത്യന്‍ പറഞ്ഞു. ഇനിയങ്ങോട്ട് എല്ലാ സിനിമക്കുമുള്ള അനുഗ്രഹം ഒരുമിച്ച് നല്‍കുകയാണെന്ന് പറഞ്ഞെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. എ.ടി.എമ്മില്‍ നിന്ന് പൈസയെടുക്കുന്നത് പോലെ എടുത്ത് ഉപയോഗിച്ചോളൂ എന്ന് പറഞ്ഞ് അത് നിര്‍ത്തിച്ചെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യന്‍ അന്തിക്കാട്.
‘ഞാന്‍ കണ്ടതില്‍ വെച്ച് വളരെ ജെനുവിനായിട്ടുള്ള ആളാണ് നയന്‍താര. ഒരു കളങ്കവുമില്ലാത്ത കുട്ടിയാണ് അവര്‍. പുറമെ കാണുന്ന സ്റ്റാര്‍ഡവും അതിന്റെ വലിപ്പത്തിനപ്പുറം ഒരുപാട് നന്മകള്‍ നയന്‍താരക്കുണ്ട്. ഓരോ സിനിമ ചെയ്യുന്നതിന് മുമ്പ് എന്നെ വിളിച്ച് അനുഗ്രഹം വാങ്ങുന്ന ഒരു സ്വഭാവമുണ്ടായിരുന്നു. അജിത്തിന്റെ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് ഇതുപോലെ ഒരുപാട് തവണ വിളിച്ചു. എനിക്ക് ആ സമയത്ത് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല.
കുറച്ചുകഴിഞ്ഞ് ഞാന്‍ തിരിച്ചുവിളിച്ചു. ‘സാര്‍ ഞാന്‍ മേക്കപ്പ് ഒക്കെയിട്ട് ഷോട്ടിന് റെഡിയായി ഇരിക്കുകയാണ്. സാര്‍ അനുഗ്രഹിച്ചാല്‍ ഷോട്ടിന് പോകാമെന്ന് വിചാരിച്ചു’ എന്നാണ് നയന്‍താര പറഞ്ഞത്. അജിത് അടക്കമുള്ള നടന്മാരും ക്രൂവും ഇവര്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരു ആയുഷ്‌കാലം മുഴുവനുമുള്ള അനുഗ്രഹം ഞാന്‍ ഇപ്പോള്‍ തരികയാണ്. എ.ടി.എമ്മില്‍ നിന്ന് പൈസയെടുക്കുന്നതുപോലെ ആവശ്യം വരുമ്പോഴൊക്കെ എടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ ആ ഏര്‍പ്പാട് നിര്‍ത്തിച്ചു,’ സത്യന്‍ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad about Nayanthara’s respect to him