ഡയാന കുര്യൻ എന്ന മലയാളി പെൺകുട്ടിയിൽ നിന്ന് ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കുള്ള നടിയായി മാറിയ വ്യക്തിയാണ് നയൻതാര.സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ നയൻതാര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്ലെല്ലാം ഭാഗമായി.
കരിയറിന്റെ തുടക്കത്തിൽ തന്നെ കമൽ, ഫാസിൽ തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നയൻതാര ആദ്യ രണ്ട് സിനിമകളിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായി.
നയൻതാരയെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. ജീവിതത്തിലുടനീളം സത്യസന്ധമായ സമീപനമുള്ള ആളാണ് നയൻതാരയെന്നും അസാമാന്യ ധൈര്യവും ആത്മാർത്ഥതയുമുള്ള ആളാണ് അവരെന്നും സത്യൻ അന്തിക്കാട് പറയുന്നു. ജനിച്ചതും വളർന്നതുമെല്ലാം കേരളത്തിന് പുറത്താണെങ്കിലും മലയാളത്തിലെ അഭിമുഖങ്ങളിലെല്ലാം പച്ച മലയാളത്തിൽ സംസാരിക്കാൻ നയൻതാര ശ്രമിക്കാറുണ്ടെന്നും ഇംഗ്ലീഷാണ് അറിവിന്റെയും അന്തസ്സിന്റെയും അളവുകോലെന്ന് നയൻതാര കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘നയൻതാരയുടെ ജീവിതത്തിലുടനീളം ഒരു സത്യസന്ധമായ സമീപനമുണ്ട്. അതുതന്നെയാണ് അവരെ ഉയരങ്ങളിലേക്ക് നയിക്കുന്നതും. തൻ്റെ മനസിന് ശരി എന്ന് തോന്നുന്നത് മാത്രമേ ചെയ്യൂ. സ്വന്തം മനസ്സാക്ഷിക്കനുസരിച്ച് ജീവിക്കാൻ സാധിക്കുക എന്നതൊരു ഭാഗ്യമാണ്. അസാമാന്യമായ ധൈര്യവും ആത്മാർത്ഥതയുമുള്ളവർക്കേ അത് സാധിക്കൂ.
നയൻതാര ജനിച്ചതും വളർന്നതുമൊക്കെ കേരളത്തിന് പുറത്താണ്. സ്വന്തം നാടായ തിരുവല്ലയിൽ വളരെ കുറച്ച് വർഷങ്ങളേ ജീവിച്ചിട്ടുള്ളൂ. എന്നിട്ടും നമ്മളോട് സംസാരിക്കുമ്പോഴും ചാനൽ അഭിമുഖങ്ങളിലുമൊക്കെ പച്ചമലയാളത്തിലേ സംസാരിക്കാറുള്ളൂ. തമിഴ് ചാനലിലാണെങ്കിൽ ശുദ്ധമായ തമിഴ്‌ഭാഷയിൽ മാത്രം. മറ്റാരെക്കാളും മനോഹരമായി ഇംഗ്ലീഷിൽ സംസാരിക്കാനറിയുന്ന ആളാണ്. പക്ഷേ, ഇംഗ്ലീഷാണ് അറിവിന്റെയും അന്തസ്സിൻ്റെയും അളവുകോലെന്ന് നയൻതാര കരുതിയിട്ടേയില്ല. നിറകുടം തുളുമ്പാറില്ലല്ലോ എന്നാണല്ലോ പറയുക,’സത്യൻ അന്തിക്കാട് പറയുന്നു.
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നയൻതാര ജോയിൻ ചെയ്തുവെന്ന വാർത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന സിനിമയാണിത്. കൊച്ചിയില്‍ നടക്കുന്ന ചിത്രത്തിന്റെ അഞ്ചാമത്തെ ഷെഡ്യൂളിലേക്കാണ് നടി എത്തിയത്. മമ്മൂട്ടിക്കൊപ്പമുള്ള നയന്‍താരയുടെ ഫോട്ടോകള്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
Content Highlight: Sathyan Anthikkad About Nayanthara And Her Career