സത്യൻ അന്തിക്കാട് – മോഹൻലാൽ സിനിമകൾക്ക് മലയാളികൾക്കിടയിൽ വലിയ സ്ഥാനമാണുള്ളത്. മോഹൻലാലിലെ നടനെ വേണ്ടരീതിയിൽ ഉപയോഗിക്കുന്നതോടൊപ്പം മലയാളികളോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളൊരുക്കാനും സത്യൻ അന്തിക്കാടിന് സാധിച്ചിട്ടുണ്ട്. ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ സിനിമകളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവയാണ്.
ഇത്രയേറെ സിനിമകളിൽ മോഹൻലാലിനൊപ്പം വർക്ക് ചെയ്തിട്ടും അദ്ദേഹത്തിന്റെ അഭിനയം കണ്ട് തനിക്ക് കൊതി തീർന്നിട്ടില്ലെന്നും നിലനില്പിനെ പറ്റി ഒരു പേടിയുമില്ലാത്ത ആളാണ് മോഹൻലാലെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഒരു സിനിമ വളരെ നന്നായെന്ന് പറഞ്ഞാലും മോശമായെന്ന് പറഞ്ഞാലും വളരെ സിമ്പിളായാണ് മോഹൻലാൽ പ്രതികരിക്കുകയെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘ടി.പി. ബാലഗോപാലനും ഗോപാലകൃഷ്ണ പണിക്കരും മുരളിയും ഗൂർഖയും നാടോടിക്കാറ്റിലെ ദാസനും മുതൽ കഴിഞ്ഞ സിനിമയിലെ വിനീതൻ പിള്ള വരെ എന്നോടൊപ്പമുണ്ടായിട്ടും ലാലിൻ്റെ അഭിനയം കണ്ട് എനിക്ക് കൊതിതീർന്നിട്ടില്ല. നിലനില്പിനെ പറ്റി ഒരു പേടിയുമില്ലാത്ത ആളാണ് മോഹൻലാൽ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
ആകാശം ഇടിഞ്ഞുവീണാലും വീഴട്ടെ- നമുക്കു നോക്കാം എന്ന ഭാവം. ഒരിക്കൽ ഒരു ടി.വി ചാനലിലെ ഇൻ്റർവ്യൂവിനിടയിൽ അവതാരകൻ ചോദിച്ചു,’നാളെ അഭിനയരംഗത്തുനിന്ന് ഔട്ടായല്ലോ?’
‘എന്തിന് നാളെയാക്കുന്നു? ഇന്ന് ഈ ഇൻ്റർവ്യൂ കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ ഔട്ടായാലും എനിക്കൊന്നുമില്ല’ ലാൽ മറുപടി നൽകി.
ലാലിനെ അറിയാവുന്നവർക്ക് മനസിലാകും അതു വെറുതെ പറഞ്ഞതല്ലെന്ന്. തികഞ്ഞ ആത്മവിശ്വാസത്തിൽ നിന്നുണ്ടാകുന്ന മറുപടിയാണത്. അഭിനയിച്ച ഒരു സിനിമ നന്നായില്ലെന്ന് മോഹൻലാലിനോട് പറഞ്ഞു നോക്കൂ. ഒരു ഭാവവ്യത്യാസവുമില്ലാതെ പറയും ‘എന്തുചെയ്യാം, നന്നാകരുതെന്ന് വിചാരിച്ചിട്ടല്ലല്ലോ അത് ചെയ്‌തത്’ എന്നായിരിക്കും. സിനിമ ഗംഭീരമായെന്നു പറഞ്ഞാലും ഭാവത്തിനു മാറ്റമൊന്നു മില്ല. ‘ആണോ നല്ലകാര്യം’ എന്നായിരിക്കും മറുപടി,’സത്യൻ അന്തിക്കാട് പറയുന്നു.
മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന സിനിമയുടെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നും ഇപ്പോഴും എന്ന സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ഈ സിനിമയിൽ സംഗീതയും മാളവിക മോഹനുമാണ് നായികമാർ.
Content Highlight: Sathyan Anthikkad About Mohanlal’s Acting