| Sunday, 22nd September 2024, 9:07 pm

മോഹന്‍ലാലിന്റെ ആ സിനിമയുടെ കഥ എഴുതുമ്പോള്‍ ഒരു സ്ഥലത്ത് ഞാന്‍ വല്ലാത്ത അവസ്ഥയിലായി: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്നയാളാണ് സത്യന്‍ അന്തിക്കാട്. കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ് അദ്ദേഹം. മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹന്‍ലാല്‍ – സത്യന്‍ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന സിനിമകളാണ് സത്യന്‍ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.

ഒരിടവേളക്ക് ശേഷം മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോമ്പോ വീണ്ടും ഒന്നിക്കുന്നുവെന്ന് വാര്‍ത്ത അടുത്തിടെ വന്നിരുന്നു. ഹൃദയപൂര്‍വം എന്ന് ടൈറ്റിലിട്ടിരിക്കുന്ന ചിത്രം ഈ വര്‍ഷം അവസാനം ചിത്രീകരണമാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്തുവര്‍ഷത്തിന് ശേഷമാണ് ഈ കോമ്പോ വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് എഴുതിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് സത്യന്‍ അന്തിക്കാട്.

കഥയില്‍ മോഹന്‍ലാലിന്റെയും പ്രധാന നടിയുടെയും ഭാഗങ്ങള്‍ എഴുതിയപ്പോള്‍ വലിയ പ്രശ്‌നമില്ലായിരുന്നെന്നും ഒരു കഥാപാത്രത്തെപ്പറ്റി എഴുതിയപ്പോള്‍ കെ.പി.എ.സി ലളിതയുടെ മുഖമാണ് വന്നതെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അവര്‍ക്ക് പകരം ആരുടെ മുഖം സങ്കല്പിക്കുമെന്ന് അറിയാത്ത അവസ്ഥയായെന്നും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ മറ്റൊരാള്‍ ഇല്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.പി.എ.സി ലളിതയുടെ നഷ്ടം എത്രമാത്രം വലുതാണെന്ന് ഈയിടെ മനസിലായി. മോഹന്‍ലാലിന് വേണ്ടി ഞാന്‍ ചെയ്യുന്ന പുതിയ സിനിമയുട കഥയെഴുതുകയായിരുന്നു. ലാലിന്റെയും നായികയുടെയും ഭാഗമെഴുതിയപ്പോള്‍ വലിയ കുഴപ്പമില്ലായിരുന്നു. പക്ഷേ, മറ്റ് കഥാപാത്രങ്ങളപ്പറ്റി എഴുതുമ്പോള്‍ എനിക്ക് ആരുടെയും മുഖങ്ങള്‍ തെളിയുന്നുണ്ടായിരുന്നില്ല.

പണ്ടായിരുന്നെങ്കില്‍ കെ.പി.എ.സി ലളിത, ഇന്നസെന്റ് ഇവരുടെയൊക്കെ മുഖങ്ങള്‍ തെളിയുമായിരുന്നു. ഇപ്പോള്‍ അങ്ങനെ ആരുടെയും മുഖങ്ങള്‍ തെളിയുന്നില്ല. അത് വല്ലാത്ത ഒരു അവസ്ഥയാണ്. ലളിത ചേച്ചിയെയും, ഇന്നസെന്റിനെയും പോലുള്ള ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടാക്കിയ വിടവ് നികത്താന്‍ പറ്റുന്നവര്‍ ആരുമില്ലെന്ന് ഇപ്പോഴാണ് നമുക്ക് മനസിലാകുന്നത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Mohanlal and KPAC Lalitha

We use cookies to give you the best possible experience. Learn more