Entertainment
'അതിനുള്ള മെച്യൂരിറ്റി എനിക്കായി' എന്ന മീരയുടെ മറുപടിയിൽ നിന്നാണ് ആ സിനിമ ഉണ്ടായത്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 19, 10:28 am
Wednesday, 19th February 2025, 3:58 pm

മലയാളികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥ പറഞ്ഞ് സത്യൻ അന്തിക്കാട് എന്നും പ്രേക്ഷകരെ കയ്യിലെടുത്തിട്ടുണ്ട്.

നാടോടിക്കാറ്റ്, പൊന്മുട്ടയിടുന്ന താറാവ്, വരവേൽപ്പ് തുടങ്ങിയ സിനിമകളെല്ലാം അദ്ദേഹത്തിന്റെ മികച്ച സിനിമകളാണ്. സത്യൻ അന്തിക്കാടിന്റെ ഒരുപിടി മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിമാരാണ് ഉർവശിയും മീര ജാസ്മിനും. അച്ചുവിന്റെ അമ്മ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചിരുന്നു.

സിനിമയിൽ നിന്ന് ഇടവേളയെടുത്ത സമയത്താണ് ഉർവശിയെ കാണാൻ പോയതെന്നും മീര ജാസ്മിനിന്റെ അമ്മയായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ ഒരു പ്രശ്നവുമില്ല എന്നാണ് ഉർവശി പറഞ്ഞതെന്നും അദ്ദേഹം പറയുന്നു. മകൾ എന്ന സിനിമയിലെ അമ്മ വേഷം ചെയ്യാൻ മീര ജാസ്മിനെ കാണാൻ പോയപ്പോൾ തനിക്ക് അതിനുള്ള മെച്യൂരിറ്റി ആയി എന്നാണ് മീര പറഞ്ഞതെന്നും അങ്ങനെയാണ് മകൾ എന്ന സിനിമ ഉണ്ടാവുന്നതെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘ഉർവശി സിനിമയിൽ നിന്ന് പോയിട്ട് എട്ടു വർഷം കഴിഞ്ഞിരുന്നു. ഇടയ്ക്ക് അന്വേഷിച്ചപ്പോൾ അഭിനയിക്കുന്നില്ലെന്നായിരുന്നു മറുപടി ‘അച്ചുവിന്റെ അമ്മ’ മനസിലേക്ക് വന്നപ്പോൾ ഉർവശിയെ വിളിച്ച് ‘ഞാനൊന്നു കാണാൻ വരട്ടെ’ എന്നു ചോദിച്ചു. ചെന്നൈയിലെ ഫ്ലാറ്റിലെത്തി വീണ്ടും അഭിനയിക്കുമോ എന്നു ചോദിച്ചു.

‘സത്യേട്ടൻ പറയുകയാണെങ്കിൽ ഞാൻ വരാമെന്നായിരുന്നു’ മറുപടി. കഥ പറയും മുന്നേ ഞാൻ ചോദിച്ചു. ‘പക്ഷേ, മീരാ ജാസ്‌മിൻ്റെ അമ്മയായിട്ട് അഭിനയിക്കണം. പറ്റുമോ’ നായികയായിട്ട് അഭിനയിച്ചിരുന്ന നടികൾ പെട്ടെന്നിത് കേൾക്കുമ്പോൾ മനസ് മാറും. ഉർവശിയുടെ ആദ്യ ഡയലോഗ് ഇങ്ങനെയായിരുന്നു. ‘സത്യേട്ടൻ്റെ സിനിമയാണെങ്കിൽ സുകുമാരി ചേച്ചിയുടെ അമ്മയായിട്ട് ആണെങ്കിലും അഭിനയിക്കും.’

അന്ന് ഉർവശിയോടു ചോദിച്ച അതേ ചോദ്യമാണ് ‘മകൾ’ എന്ന സിനിമയിലേക്ക് വിളിച്ചപ്പോൾ മീരാ ജാസ്‌മിനോടും ചോദിച്ചത്. ‘പ്ലസ് ടു കുട്ടിയുടെ അമ്മയായി അഭിനയിക്കണം പറ്റുമോ?’ ‘എനിക്ക് അതിനുള്ള മെച്യൂരിറ്റി ആയി സത്യൻ അങ്കിൾ’ എന്നായിരുന്നു മീരയുടെ ഉത്തരം. എനിക്ക് മൂന്ന് ആൺകുട്ടികളാണ്. പെൺമക്കളുള്ള കുറെ സുഹൃത്തുക്കളുണ്ട്. തിരക്കഥാക്യത്ത് ഇക്ബാൽ കുറ്റിപ്പുറത്തിന് ഒരു മകളുണ്ട്. അവർക്കുള്ള ഇഷ്‌ടവും ആശങ്കയും എല്ലാം അറിയാറുമുണ്ട്. ടീനേജ് പെൺകുട്ടിയുടെ പ്രശ്‌നങ്ങൾ അച്ഛൻ കൈകാര്യം ചെയ്യുന്നതിൽ കഥയുണ്ടെന്ന് തോന്നി.

ചെറുപ്പം വിടാത്ത ഒരു അച്ഛൻ വേണമായിരുന്നു. കാളിദാസൻ്റെയും മാളവികയുടെയും അച്ഛനാണല്ലോ ജയറാം. പതിനൊന്നു വർഷമായി എൻ്റെ സിനിമയിൽ ജയറാം വന്നിട്ട്. കുറച്ചു വർഷമായി തമിഴിലും തെലുങ്കിലുമാണ് സജീവം. ഒരു നല്ല പ്രൊജക്‌ടിനായാണ് കാത്തിരുന്നതെന്ന് ജയറാമും പറഞ്ഞു. അതാണ് മകൾ,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad About Meera Jasmin’s Casting In Makal Movie