ആ സീൻ ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഞാൻ കാണിക്കാത്തതെന്ന് എല്ലാവരും പറയാറുണ്ട്: സത്യൻ അന്തിക്കാട്
Entertainment
ആ സീൻ ഷൂട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് ഞാൻ കാണിക്കാത്തതെന്ന് എല്ലാവരും പറയാറുണ്ട്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 11:18 am

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

മലയാളത്തിൽ ഇന്നും റിപ്പീറ്റ് വാല്യുവുള്ള ഒരു സത്യൻ അന്തിക്കാട് ചിത്രമാണ് മഴവിൽകാവടി. രഘുനാഥ് പാലേരി രചന നിർവഹിച്ച ചിത്രത്തിൽ ജയറാം, ഉർവശി, ഇന്നസെന്റ് തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ പറവൂർ ഭരതൻ ഒരു കാറോടിക്കുന്ന സീനിൽ നടക്കുന്ന അപകടരംഗം ഇന്നും പ്രേക്ഷകർ കണ്ട് ചിരിക്കുന്ന ഒന്നാണ്. പറവൂർ ഭരതന്റെ ഒരു ഡയലോഗിലൂടെയാണ് ആ അപകടത്തെ സിനിമയിൽ അവതരിപ്പിക്കുന്നത്.

ആ അപകടം ഷൂട്ട്‌ ചെയ്യുന്നതിനേക്കാൾ ഇപാക്ട് പറവൂർ ഭരതൻ ആ ഡയലോഗ് പറയുന്നതിനാണെന്നും കാറിടിപ്പിക്കുന്നത് ഷൂട്ട് ചെയ്യാനുള്ള മടി കൊണ്ടാണ് താനത് ഷൂട്ട്‌ ചെയ്യാത്തതെന്ന് പലരും പറയാറുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. സ്റ്റാർ ആൻഡ്‌ സ്റ്റൈൽ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഴവിൽക്കാവടി’ യിലെ ഒരു രംഗം ഓർമയില്ലേ. ഇന്നസെന്റിന്റെ കാർ പറവൂർ ഭരതൻ ഓടിക്കും. ഇന്നസെന്റും ഒടുവിലും പുറത്തിറങ്ങി നിൽക്കും. കാറ് പോവുന്നത് നോക്കി നിൽക്കും. ഒരു ശബ്ദം കേട്ടതിനു ശേഷം പറവൂർ ഭരതൻ ഓടിവരുന്ന സീനുണ്ട്. കാർ ഒരു മരത്തിൽ ഇടിച്ചതാണ്. ഇത്രയും കാലമായിട്ടും ഇങ്ങനെയൊരു മരം അവിടെ നിൽക്കുന്നത് ഞാൻ കണ്ടിട്ടില്ല എന്നാണ് ഡയലോഗ്.

ഭരതൻ വണ്ടിയോടിക്കുന്നതും വലിയൊരു മരത്തിന് ഇടിക്കുന്നതൊക്കെ എടുക്കാം. അതിനെക്കാൾ ഇംപാക്ട് ഈ പറച്ചിലിനുണ്ട്. പിന്നെന്തിന് കഷ്ടപ്പെടണം? നമ്മൾ ഷൂട്ട് ചെയ്യുമ്പോൾ തന്നെ യൂണിറ്റിലുള്ളവർ പറയും ഇത് സത്യേട്ടന് കാറിടിപ്പിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടാണെന്ന്.

അങ്ങനെ ആയിക്കോട്ടെ, കുഴപ്പമില്ല. നമുക്ക് വേറെ വഴിയിലൂടെ ഇംപാക്ട് കൊണ്ടുവന്നാൽ മതിയല്ലോ. അത്തരം സൂത്രങ്ങൾ ഉപയോഗിച്ചാൽ മതി,’ സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Mazhavil Kavadi Movie Comody