| Friday, 18th November 2022, 10:51 am

എന്നെവെച്ച് ഒരു ഹിറ്റുണ്ടാക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കുറ്റമാണ്, എന്ന് മമ്മൂട്ടി പറഞ്ഞു, അതെന്റെ ഉള്ളില്‍കൊണ്ടു; അങ്ങനെയുണ്ടായതാണ് ഈ സിനിമ: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഒരു നടനെ മനസില്‍ കണ്ട്, അദ്ദേഹത്തിന് വേണ്ടി കഥയുണ്ടാക്കി സിനിമ ചെയ്തിട്ടുള്ളൂ എന്നും അത് മമ്മൂട്ടിക്ക് വേണ്ടിയാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

1989ല്‍ പുറത്തിറങ്ങിയ അര്‍ത്ഥം എന്ന സിനിമ മമ്മൂട്ടി തന്നെ വാശി പിടിപ്പിച്ചത് കാരണം ചെയ്തതാണെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറയുന്നു.

”സാധാരണ ഒരു വിഷയമാണ് ആദ്യം ഉണ്ടാകുന്നത്. കുറുക്കന്റെ കല്യാണം പോലുള്ള എന്റെ എല്ലാ സിനിമകളിലും ആദ്യം ഉണ്ടായത് സബ്ജക്ടാണ്. തലയണമന്ത്രം, സന്മനസുള്ളവര്‍ക്ക് സമാധാനം ഒക്കെ സബ്ജക്ടില്‍ നിന്ന് ഉണ്ടായതാണ്.

അന്ന് മോഹന്‍ലാല്‍ നമ്മുടെ കൂടെയുണ്ട്. ആ സബ്ജക്ട് രൂപപ്പെട്ടപ്പോള്‍ മോഹന്‍ലാലാണ് എന്റെ ഹീറോ. അല്ലെങ്കില്‍ ജയറാം കൂടെയുണ്ടാകും, അപ്പോള്‍ ജയറാമായിരിക്കും ഹീറോ.

പക്ഷെ ഒരു നടന് വേണ്ടി ഞാനൊരു സിനിമ ചെയ്തത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ്. അത് മമ്മൂട്ടിക്ക് വേണ്ടി ചെയ്ത അര്‍ത്ഥം എന്ന സിനിമയാണ്. ജയറാമും ആ സിനിമയിലുണ്ട്, പക്ഷെ മമ്മൂട്ടിയാണ് പ്രധാന വേഷത്തില്‍.

അത് മമ്മൂട്ടി എന്നെ വാശി പിടിപ്പിച്ചിട്ട് ചെയ്തതാണ്. അതിന് മുമ്പ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രം മമ്മൂട്ടി എനിക്കൊപ്പം ചെയ്തിട്ടുണ്ട്. അതിനും മുമ്പ് കിന്നാരത്തിലും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലും ഒക്കെ ഗസ്റ്റ് റോളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരു കേന്ദ്ര കഥാപാത്രമായി എത്തിയത് ശ്രീധരന്റെ ഒന്നാം തിരുമുറിവിലായിരുന്നു.

അത് ഗാന്ധിനഗറും സന്മനസും ഒക്കെ കഴിഞ്ഞതിന് ശേഷമാണ് ചെയ്തത്. ശ്രീധരന്റെ ഒന്നാം തിരുമുറിവ് സിനിമ നല്ലതായിരുന്നെങ്കിലും ഗാന്ധിനഗറും സന്മനസും പോലെ വലിയൊരു സൂപ്പര്‍ഹിറ്റായി മാറിയില്ല. മമ്മൂട്ടി വളരെ രസകരമായി ചെയ്ത റോളായിരുന്നു അത്. ശ്രീധരനായി വളരെ സ്വാഭാവികമായി, സാധാരണക്കാരനായി മമ്മൂട്ടി അഭിനയിച്ച റോളാണ്.

ആ സിനിമ കഴിഞ്ഞ് പിന്നീട് വേറൊരു സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂട്ടി എന്നോട് പറഞ്ഞു, ‘നിങ്ങള്‍ വലിയ നാടോടിക്കാറ്റും വരവേല്‍പും ഒക്കെ എടുക്കുന്നുണ്ട്. മോഹന്‍ലാലിനെ വെച്ച് ധാരാളം ഹിറ്റുകള്‍ ചെയ്യുന്നുണ്ട്. എനിക്കും ധാരാളം സൂപ്പര്‍ഹിറ്റുകള്‍ വേറെയുണ്ട്.

നിങ്ങള്‍ക്ക് എന്നെവെച്ച് ഒരു ഹിറ്റുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ദോഷമാണ്, നിങ്ങളുടെ കുറ്റമാണ്,’ എന്ന്. അതെന്റെ ഉള്ളില്‍കൊണ്ടു. അങ്ങനെയാണ് മമ്മൂട്ടിയെ വെച്ച് ഒരു ഹിറ്റ്, മമ്മൂട്ടിയെ ആളുകള്‍ ഇഷ്ടപ്പെടുന്ന ഒരു പടം ചെയ്യണമെന്ന് വിചാരിച്ചത്.

ശ്രീനിവാസന്‍ ആ സമയത്ത് വടക്കുനോക്കി യന്ത്രത്തിന്റെ വര്‍ക്കിലായിരുന്നു. അതുകൊണ്ട് വേണു നാഗവള്ളിയെ വിളിച്ച് ഒരു സബ്ജക്ട് ആലോചിക്കാന്‍ ഞാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ശബ്ദം, രൂപം, ചലനങ്ങള്‍, ഭാവങ്ങള്‍, പൗരുഷം, സൗന്ദര്യം എന്നിവയൊക്കെ ചെയ്ത് ബില്‍ഡ് ചെയ്ത കഥാപാത്രമാണ് അര്‍ത്ഥത്തിലെ ബെന്‍ നരേന്ദ്രന്‍.

വിചാരിച്ച പോലെത്തന്നെ അര്‍ത്ഥം സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായി മാറി. മമ്മൂട്ടിയുടെ മുന്നില്‍ എന്റെ മാനം കാത്തു,” സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about Mammootty

We use cookies to give you the best possible experience. Learn more