മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്.
മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്. നിരവധി എഴുത്തുക്കാർക്കൊപ്പം സിനിമ ചെയ്തിട്ടുള്ള സത്യൻ അന്തിക്കാട് എം.ടി വാസുദേവൻ നായർക്കൊപ്പം നാളിതുവരെ ഒന്നിച്ചിട്ടില്ലായിരുന്നു.
എന്നാൽ എം.ടിക്കൊപ്പം ഒരു സിനിമ ചെയ്യണമെന്ന് തനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നും തങ്ങൾ അതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു. തന്റെ ജീവിതത്തിലെ വളരെ വിലയേറിയ നിമിഷമായിരുന്നു അതെന്നും സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത രണ്ട് കഥകൾ പിന്നീട് അദ്ദേഹവും കെ.എസ്.സേതുമാധവനും സംവിധാനം ചെയ്‌തെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. പിന്നീട് ശ്രീനിവാസനമൊത്ത് ഒരുപാട് സിനിമകൾ ചെയ്‌തപ്പോൾ എം.ടിയുമൊത്തുള്ള സിനിമ ഒരു സ്വപ്നമായി മാറിയെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായിരുന്നു അത്. എം.ടി.യോടൊപ്പം ഒരു സിനിമയ്ക്ക് കഥയാലോചിക്കാനിരിക്കുക എന്നതുപോലും അവിശ്വസനീയമായി തോന്നി എനിക്ക്. മൂന്നു കഥകൾ ഞങ്ങളാലോചിച്ചു. മൂന്നും എനിക്ക് കൈവെക്കാൻ പേടിതോന്നുന്ന കഥകൾ. അതിലൊരെണ്ണം പിന്നീട് എം.ടി.തന്നെ സംവിധാനം ചെയ്തു, കടവ്. മറ്റൊന്ന് കെ.എസ്. സേതുമാധവൻസാറും, വേനൽക്കിനാവുകൾ.
ഒടുവിൽ എം.ടി.തന്നെ പറഞ്ഞു, അല്പം കൂടി സാവകാശമുള്ള സമയത്ത് നമുക്കൊരു പടം ചെയ്യാം. സത്യൻ വേറൊരു കഥ ആലോചിക്കൂ. എന്റെ അനിയനെപ്പോലെ ഞാൻ കരുതുന്ന സുഹൃത്താണ് വി.ബി.കെ.മേനോൻ നമുക്കൊരുമിച്ച് മേനോനുവേണ്ടി ഒരു സിനിമ ചെയ്യാമെന്ന്.
പിന്നീട് പലപ്പോഴും മേനോൻ ചേട്ടൻ എന്നെ സമീപിച്ചിരുന്നു. അപ്പോഴേക്കും ഞാൻ ശ്രീനിവാസനോടൊത്തുള്ള സിനിമകളുടെ തിരക്കിലായിപ്പോയി. ഇപ്പോഴും ആ സ്വപ്‌നം മാത്രം ബാക്കി,’ സത്യൻ അന്തിക്കാട് പറയുന്നു.
കഴിഞ്ഞ മാസം 25നാണ് എം.ടി അന്തരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.
Content Highlight: Sathyan Anthikkad About M.T.Vasudevan Nair