മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്ന സത്യന്‍ അന്തിക്കാട് കാലങ്ങള്‍ക്കിപ്പുറവും കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി നിലനില്‍ക്കുകയാണ്. നാടോടിക്കാറ്റ്, വരവേല്പ്, സന്ദേശം തുടങ്ങി ക്ലാസിക് ചിത്രങ്ങളുടെ അമരക്കാരനാണ് സത്യന്‍ അന്തിക്കാട്.
തന്റെ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളായ അഭിനേതാക്കളെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കെ.പി.എ.സി ലളിത, മാമുക്കോയ, ഇന്നസെന്റ് എന്നിവരെയൊക്കെ മനസില്‍ കണ്ടുകൊണ്ടാണ് ഓരോ സിനിമയും എഴുതുന്നതെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു. അതില്‍ കെ.പി.എ.സി ലളിതയില്ലാതെ ഒരു സിനിമ പോലും ചെയ്യാന്‍ തനിക്കാകില്ലെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.
രണ്ട് തവണ അഭിനയം നിര്‍ത്താന്‍ അവര്‍ തീരുമാനിച്ചപ്പോഴും താന്‍ അവരെ തിരികെ കൊണ്ടുവന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. ഭരതനുമായുള്ള വിവാഹം കഴിഞ്ഞപ്പോഴാണ് ആദ്യമായി കെ.പി.എ.സി ലളിത അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ സമയത്ത് അടുത്തടുത്ത് എന്ന സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിച്ച് കൊണ്ടുവന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
പിന്നീട് ഭരതന്‍ മരിച്ച ശേഷം വീണ്ടും അവര്‍ സിനിമയില്‍ നിന്ന് വിട്ടുനിന്നെന്നും ആ സമയത്താണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ആലോചിച്ചതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു. കെ.പി.എ.സി ലളിത ഇല്ലാതെ തനിക്ക് ആ സിനിമ ആലോചിക്കാന്‍ കൂടി പറ്റില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ലളിത ചേച്ചി എന്റെ സിനിമകളിലെ അവിഭാജ്യഘടകമായിരുന്നു. ഇന്നസെന്റ്, മാമുക്കോയ, ലളിത ചേച്ചി എന്നിവര്‍ എന്റെ എല്ലാ സിനിമകളിലും ഉണ്ടാകാറുണ്ട്. ലളിത ചേച്ചി രണ്ട് തവണ അഭിനയം നിര്‍ത്തിയപ്പോഴും എന്റെ സിനിമയിലൂടെയാണ് തിരിച്ചുവന്നത്. ഭരതേട്ടനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ലളിത ചേച്ചി പറഞ്ഞിരുന്നു. ആ സമയത്ത് ഞാന്‍ ചെയ്ത അടുത്തടുത്ത് എന്ന സിനിമയിലേക്ക് ലളിത ചേച്ചിയെ നിര്‍ബന്ധിച്ച് കൊണ്ടുവന്നു.
രണ്ടാമത് അഭിനയം നിര്‍ത്തിയത് ഭരതേട്ടന്റെ വിയോഗത്തിന് ശേഷമാണ്. ആ സമയത്ത് ഞാന്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമ ചെയ്യാനിരിക്കുകയായിരുന്നു. ലളിത ചേച്ചിയും തിലകന്‍ ചേട്ടനുമാണ് ആ സിനിമയിലെ മെയിന്‍. ലളിത ചേച്ചിയില്ലാതെ ആ സിനിമ സങ്കല്പിക്കാന്‍ പോലും പറ്റില്ല. അങ്ങനെയാണ് ചേച്ചി വീണ്ടും അഭിനയിക്കാന്‍ വന്നത്. അവരുടെയൊക്കെ വിയോഗം എന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about KPAC Lalitha