| Saturday, 8th February 2025, 6:32 pm

ജഗതിയുടെ ആ കഥാപാത്രം തന്നെ പരിഹസിക്കാൻ ഉണ്ടാക്കിയതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ല: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ അദ്ദേഹം ചെയ്ത സിനിമകളിൽ ഒന്നായിരുന്നു കിന്നാരം. സുകുമാരൻ, നെടുമുടി വേണു തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ വർമാജി എന്ന കോമഡി കഥാപാത്രമായി ജഗതിയും അഭിനയിച്ചിരുന്നു. മലയാളികൾ ഇന്നും ഏറ്റ് പാടുന്ന ഓട്ടപാത്രത്തിൽ ഞണ്ടു വീണാൽ, പിസ്ത പാട്ട് എന്നിവയെല്ലാം ഈ സിനിമയിലെ ജഗതിയുടെ സംഭാവനകളാണ്.

അക്കാലത്തെ ചില സംഗീത സംവിധായകരെ കളിയാക്കിയാണ് ആ കഥാപാത്രം അവതരിപ്പിച്ചതെന്നും അതുകൊണ്ട് തന്നെ സിനിമയുടെ പ്രിവ്യൂ ഷോ അവരെ കാണിക്കേണ്ട എന്നായിരുന്നു തന്റെ തീരുമാനമെന്നും സത്യൻ അന്തിക്കാട് പറയുന്നു.

എന്നാൽ താൻ പറയാതെ തന്നെ അവരിൽ ഒരാൾ സിനിമ കാണാൻ വന്നിരുന്നുവെന്നും പക്ഷെ സിനിമ കണ്ടിട്ടും അദ്ദേഹത്തെ കളിയാക്കിയതായി ആ സംഗീത സംവിധായകന് തോന്നിയിലെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

‘ഇന്നും ഓട്ടപാത്രത്തിൽ ഞണ്ടു വീണാലുണ്ടാകുന്ന ലൊഡലകളും പിസ്‌ത പാട്ടുമെല്ലാം പ്രശസ്‌തമാണ്. ജഗതിയാണ് അതെല്ലാം കണ്ടുപിടിച്ചു കൊണ്ടു വന്നതും. അന്നും ഇന്നും സിനിമ എൻ്റേതു മാത്രമല്ല, അഭിനയിക്കുന്നവരുടെ വരെ സംഭാവനകൾ സിനിമയെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

കിന്നാരത്തിൽ ജഗതിയുടെ വർമാജി എന്ന കഥാപാത്രത്തിന് അക്കാലത്തെ ചില സംഗീത സംവിധായകരുടെ ഛായയുണ്ടായിരുന്നു. ഹിന്ദി പാട്ടിൻ്റെ ഈണം അനുകരിച്ച് പാട്ടുണ്ടാക്കുന്ന ചിലരെ കണ്ട് ഡോ.ബാലകൃഷ്ണൻ ഉണ്ടാക്കിയ കഥാപാത്രമാണ് വർമാജി. ആ കൂട്ടത്തിലെ പ്രധാനപ്പെട്ട ഒന്നുരണ്ടു സംഗീത സംവിധായകരെ സിനിമയുടെ പ്രിവ്യൂ കാണിക്കണ്ടെന്ന് ഞാൻ തീരുമാനിച്ചു.

അവരെ പരിഹസിക്കാനാണ് വർമാജിയെ ഉണ്ടാക്കിയതെന്ന് കരുതിയാലോ. പക്ഷേ, പ്രിവ്യൂ ദിവസം അതാ നിൽക്കുന്നു അതിലെ പ്രധാനി. ‘സത്യൻ്റെ പടത്തിന് വിളിച്ചില്ലെങ്കിലും ഞാൻ വരില്ലേ,’ ചിരിച്ചു പറഞ്ഞ് അദ്ദേഹം കയറി. സിനിമ കഴിഞ്ഞപ്പോൾ എനിക്കൊരു ചമ്മൽ.

ഞാൻ പതുക്കെ അടുത്തു പോയി പറഞ്ഞു, ‘സംഗീത സംവിധായകരെ ചെറുതായിട്ട് ഒന്നു കളിയാക്കിയിരുന്നു’. ‘ഹേയ് അതൊന്നുമില്ല. അങ്ങനെയുള്ള ആൾക്കാരും ഇവിടുണ്ട് സത്യാ, നന്നായിട്ടുണ്ട് വർമാജി’. പുള്ളിയാണ് ആ കഥാപാത്രമെന്ന് ഭാഗ്യത്തിന് അദ്ദേഹം തിരിച്ചറിഞ്ഞില്ല,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Jagathy’s Character In Kinnaram Movie

We use cookies to give you the best possible experience. Learn more