| Saturday, 14th December 2024, 10:28 pm

ഇന്നസെന്റിന്റെ ആ സീൻ ലോക ക്ലാസിക്കായിട്ടുള്ള രംഗമാണ്, മറ്റൊരു നടനും ചെയ്യാനാവില്ല: സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സ്ഥിരസാന്നിധ്യമായിട്ടുള്ള ചില അഭിനേതാക്കൾ ഉണ്ടായിരുന്നു. കെ.പി.എ.സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഇന്നസെന്റ് എന്നിവരെല്ലാം അദ്ദേഹത്തിന്റെ താരങ്ങളായിരുന്നു. ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ലാൽജോസ് സംവിധാനം ചെയ്ത അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഇന്നസെന്റിന്റെ ഒരു കോമഡി സീനിനെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്.

ചിത്രത്തിൽ ഇന്നസെന്റ് പറയുന്ന ‘തോന്നയ്ക്കൽ പഞ്ചായത്ത്’ എന്ന് തുടങ്ങുന്ന ഡയലോഗ് കേട്ട് മലയാളികൾ ഒരുപാട് ചിരിച്ചിട്ടുണ്ട്. ഇന്നും പ്രേക്ഷകർ റിപ്പീറ്റടിച്ചു കാണുന്ന ഒരു രംഗം തന്നെയാണിത്. ഇന്നസെന്റിന്റെ ആ രംഗം ലോക ക്ലാസിക്കായ ഒരു സീനാണെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. അത്തരത്തിലൊരു സീൻ മറ്റൊരു നടനും ചെയ്യാൻ കഴിയില്ലെന്നും വളരെ മനോഹരമായി ഇന്നസെന്റ് അത് ചെയ്തിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

‘അഴകിയ രാവണൻ എന്ന ചിത്രത്തിൽ ഇന്നസെന്റ് അഭിനയിക്കാൻ ക്യാമറയുടെ മുന്നിൽ നിൽക്കുന്ന ഒരു സീനുണ്ട്. അത് ലോക ക്ലാസിക്കായിട്ടുള്ള ഒരു സീനാണ്. അങ്ങനെയൊരു സീൻ വേറൊരു നടന് ചെയ്യാൻ ബുദ്ധിമുട്ടാണ്. അത്രയും മനോഹരമായ സീനാണ് അത്,’സത്യൻ അന്തിക്കാട് പറയുന്നു.

സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളായ മഴവിൽ കാവടി, പൊന്മുട്ടയിടുക്കുന്ന താറാവ് തുടങ്ങിയ ചിത്രങ്ങളില്ലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇന്നസെന്റിന് സാധിച്ചിട്ടുണ്ട്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ മകൾ എന്ന ചിത്രത്തിലും ഇന്നസെന്റ് ഭാഗമായിരുന്നു.

അതേസമയം എന്നും ഇപ്പോഴും എന്ന സിനിമയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടുമൊന്നിക്കുന്ന ഹൃദയപൂർവം എന്ന ചിത്രം അടുത്ത വർഷമുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. സംഗീത, ഐശ്വര്യ ലക്ഷ്മി എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Content Highlight: Sathyan Anthikkad About Innocent

We use cookies to give you the best possible experience. Learn more