മോഹന്‍ലാലിനെ നായകനാക്കി ഹൃദയപൂര്‍വം എന്ന സിനിമയുടെ പണിപ്പുരയിലാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പുതിയ സിനിമകള്‍ ഒരുപാട് കാണുമ്പോഴും തന്റെ നിലപാടുകളില്‍ നിന്ന് മാറാതെയാണ് പുതിയ സിനിമയും ഒരുക്കിയിരിക്കുന്നതെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്.
തന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് ഒരിക്കലും മാറാന്‍ കഴിയില്ലെന്നും ഹ്യൂമറിന് പ്രാധാന്യം കൊടുത്തുകൊണ്ട് തന്റെ സിനിമയുടെ കള്‍ച്ചറില്‍ നിന്നും മാറാതെ പറയുന്ന സിനിമയാണ് ഹൃദയപൂര്‍വമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.
പുതിയ ട്രെന്റുകളുടെ പിറകെ പോകുന്ന ആളല്ല താനെന്നും തന്റെ ഓരോ സിനിമയും ഓരോ ഴോണറുകളാണെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.
‘ ഹൃദയപൂര്‍വം ഒരു ആധുനിക സിനിമയാണ്. കാലിക പ്രസക്തിയുള്ള നര്‍മം ഇടകലര്‍ന്ന ഒരു സിനിമ. കാലഘട്ടത്തിന്റെ മാറ്റങ്ങളനുസരിച്ചുള്ള മാറ്റം സിനിമയിലും എന്തായാലും ഉണ്ടാകുമല്ലോ.
പുതിയ ആളുകളുടെ സിനിമകളും ഞാന്‍ എപ്പോഴും വാച്ച് ചെയ്യുന്ന ഒരാളാണ്. എന്നാല്‍ എന്റെ നിലപാടുകളില്‍ നിന്ന് മാറാതെ തന്നെയാണ് ഈ പ്രമേയം അവതരിപ്പിക്കുന്നത്. എനിക്ക് എന്റെ കാഴ്ചപ്പാടുകളില്‍ നിന്ന് മാറാനും കഴിയുന്നില്ല.
ഹ്യൂമറിന് പ്രാധാന്യം കൊടുത്തുകൊണ്ട് എന്റെ സിനിമയുടെ കള്‍ച്ചറില്‍ നിന്നും മാറാതെ പറയുന്ന സിനിമയാണ് ഹൃദയപൂര്‍വം. കുടുംബപശ്ചാത്തലവും ഉണ്ട്.
ഒരു വീടിന്റെ ഉള്ളില്‍ നിന്നുകൊണ്ട് മാത്രമല്ല കുറച്ചുകൂടി വൈഡായ ഒരു ക്യാന്‍വാസില്‍ നിന്നുകൊണ്ടാണ് ഈ സിനിമയുടെ കഥ പറയുന്നത്. മിലിറ്ററി ബാക്ക് ഗ്രൗണ്ടും സിനിമയുടെ പ്രത്യേകതയാണ്. ഫാമിലി ഓഡിയന്‍സിനെ മുന്‍നിര്‍ത്തിക്കൊണ്ട് തന്നെ എന്റെ പാറ്റേണിലുള്ള ഒരു സിനിമയാണ് ഹൃദയപൂര്‍വം,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് 1982 ലാണ്. കുറുക്കന്റെ കല്യാണം. അതില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. 43 വര്‍ഷം കഴിഞ്ഞ് ഞാന്‍ പുതിയ സിനിമ ചെയ്യുമ്പോഴും മോഹന്‍ലാല്‍ എന്റെ സിനിമയില്‍ നായകനാകുന്നു എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്.
മോഹന്‍ലാല്‍ എന്റെ സിനിമകളില്‍ അഭിനയിക്കുമ്പോഴുള്ള സന്തോഷം എന്നെ വിട്ടുമാറിയിട്ടില്ല. അതിനെന്നും ഒരു പുതുമ തന്നെയുണ്ട്. മോഹന്‍ലാലിന്റെ നിഷ്‌ക്കളങ്കമായ ഹ്യുമറാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
അത് വേറെ ആരു ചെയ്യുന്നതിലും വളരെ നന്നായി ചെയ്യുന്നത് മോഹന്‍ലാല്‍ തന്നെയാണ്. അത്തരമൊരു ക്യാരക്ടര്‍ വന്നപ്പോഴാണ് എന്റെ ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചത്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan anthikkad about his New Movie Hridayapoorvam