മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്.
1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.
ആദ്യ ചിത്രം കുറുക്കന്റെ കല്യാണത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്. സംവിധായകൻ പി. ചന്ദ്രകുമാറിന്റെ അസോസിയേറ്റ് ആയിരുന്നു താനെന്നും അദ്ദേഹം ഒരേ സമയം രണ്ട് സിനിമകൾ ചെയ്യുന്ന വ്യക്തിയായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു.
കുറുക്കന്റെ കല്യാണം തുടങ്ങുന്ന ദിവസം അദ്ദേഹം പ്രേം നസീറിന്റെ ഒരു സിനിമയുടെ ഷൂട്ടുകൾ തന്നെ ഏല്പിച്ചിരുന്നുവെന്നും തന്റെ ആദ്യ സിനിമ തുടങ്ങുന്നുവെന്ന് അറിഞ്ഞ പ്രേം നസീർ അന്ന് ആശംസകൾ പറഞ്ഞെന്നും സത്യൻ പറയുന്നു. പൗരുഷത്തിന്റെ പ്രതീകമായ സുകുമാരൻ പഞ്ചപാവമായാണ് കുറുക്കന്റെ കല്യാണത്തിൽ അഭിനയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പി. ചന്ദ്രകുമാറിൻ്റെ അസോസിയേറ്റ് ആയിരുന്നു ഞാൻ. അദ്ദേഹം ഒരേ സമയം രണ്ട് സിനിമകൾ ഒക്കെ സംവിധാനം ചെയ്യും. എൻ്റെ സിനിമ തുടങ്ങുന്ന ദിവസം അദ്ദേഹം വിളിച്ചു. ‘ഇന്ന് രാവിലെ ഏഴു മുതൽ ഒമ്പത് മണി വരെ പ്രേംനസീറിന്റെ ഡേറ്റ് ഉണ്ട്. ഞാൻ മറ്റൊരു സിനിമയുടെ ലൊക്കേഷനിലാണ്. സത്യൻ അത് ഷൂട്ട് ചെയ്യണം.’
ഞാൻ വിജയാ ഗാർഡൻസിലേക്ക് പോയി. ഒമ്പത് മണിയായപ്പോൾ നസീർ സാർ ‘വേണമെങ്കിൽ ഒരു മണിക്കൂർ കൂടി ഷൂട്ട് ചെയ്യണോ’ എന്ന് ചോദിച്ചു. വേണ്ട സാർ. എൻ്റെ ആദ്യ സിനിമ ഇന്നു തുടങ്ങുകയാണെന്ന ഉത്തരം കേട്ട് നസീർ സാറിൻ്റെ മുഖത്ത് അത്ഭുതം. കൈപിടിച്ച് അദ്ദേഹം ‘ഓൾ ദ് ബെസ്‌റ്റ്’ പറഞ്ഞു. ആ ആശംസകളുമായാണ് എൻ്റെ ലൊക്കേഷനിലെത്തുന്നത്.
ശിവ സുബ്രഹ്‌മണ്യ ഹരിരാമചന്ദ്രൻ എന്നായിരുന്നു സുകുമാരന്റെ കഥാപാത്രത്തിൻ്റെ വലിയ പേര്. സുകുമാരൻ അന്ന് പൗരുഷത്തിൻ്റെ പ്രതീകമാണ്. ഡയലോഗ് മന്നൻ, ക്ഷുഭിത യൗവനം. പക്ഷേ, അദ്ദേഹത്തെ പച്ചപ്പാവമായിട്ടാണ് അവതരിപ്പിച്ചത്. ആ കഥാപാത്രത്തെ സുകുമാരൻ ആവേശത്തോടെ ഏറ്റെടുത്തു,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About His First Movie Kurukkante Kalyanam