മക്കളുടെ സിനിമകളില്‍ ആ സീനുകള്‍ കണ്ടപ്പോള്‍ എനിക്ക് അവരോട് ബഹുമാനം തോന്നി: സത്യന്‍ അന്തിക്കാട്
Entertainment
മക്കളുടെ സിനിമകളില്‍ ആ സീനുകള്‍ കണ്ടപ്പോള്‍ എനിക്ക് അവരോട് ബഹുമാനം തോന്നി: സത്യന്‍ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th February 2024, 7:17 pm

അന്നുമിന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകനാണ് സത്യന്‍ അന്തിക്കാട്. 50ലധികം സിനിമകള്‍ സംവിധാനം ചെയ്ത സത്യന്‍ അന്തിക്കാട് തന്റെ സമാകാലീനര്‍ പലരും പുതിയകാല സിനിമകളോട് മത്സരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴും തന്റെ സ്ഥിരം പാറ്റേണില്‍ സിനിമയെടുത്ത് പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്നുണ്ട്. മക്കളായ അനൂപ് സത്യനും അഖില്‍ സത്യനും ഓരോ സിനിമകള്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ സാന്നിധ്യമറിയിച്ചു.

അവരോട് കഥ പറയുമ്പോള്‍ അവര്‍ നല്‍കുന്ന സജഷന്‍ സ്വീകരിക്കാറുണ്ടെന്നും അവരുടെ സിനിമകളിലെ ചില സീനുകള്‍ കണ്ട് മക്കളോട് ബഹുമാനം തോന്നിയിട്ടുണ്ടെന്നും മാതൃഭൂമി നടത്തുന്ന അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യന്‍ അന്തിക്കാട് സംസാരിച്ചു. മൂന്ന് സംവിധായകരുള്ള വീട്ടില്‍ മറ്റ് രണ്ടുപേരോടൊപ്പം സത്യന്‍ അന്തിക്കാടെന്ന സംവിധായകന്‍ എങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്ത് പോകുന്നത് എന്ന ചോദ്യത്തിന് സത്യന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘എനിക്ക് അതിപ്പോള്‍ വലിയ സൗകര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. രണ്ട് യുവസംവിധായകര്‍ കൂടെയുണ്ടല്ലോ, അപ്പോള്‍ ഞാന്‍ കുറച്ചുകൂടെ ചെറുപ്പമാവും. അവര്‍ സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ഞങ്ങള്‍ അത്തരം ഡിസ്‌കഷന്‍സ് ചെയ്യാറുണ്ട്. അവരുടെ നല്ല അഭിപ്രായങ്ങളൊക്കെ ഞാന്‍ സ്വീകരിക്കും. എന്നെ സംബന്ധിച്ച് അവര്‍ എന്റെ കൂട്ടുകാരെപ്പോലെയാണ്. മക്കള്‍-അച്ഛന്‍ എന്ന സ്ഥാനമല്ല ഞങ്ങള്‍ തമ്മില്‍.

അവര്‍ ചെയ്ത സിനിമകളില്‍, ഉദാഹരണത്തിന് പാച്ചുവും അത്ഭുതവിളക്കില്‍ കടല്‍തീരത്തുളള സംഭാഷണമൊക്കെ എങ്ങനെ എഴുതിയെന്ന് ആലോചിച്ച് അത്ഭുതപ്പെട്ടിട്ടുണ്ട്. അതുപോലെ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലെ അവസാന സീനിലെ പ്രസംഗവുമൊക്ക കാണുമ്പോള്‍, എനിക്ക് അവരോട് ബഹുമാനം തോന്നാറുണ്ട്,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad about his favorite scenes in  son’s movies