ആ നടിക്ക് ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ ആ കഥാപാത്രം തെരഞ്ഞെടുത്തേനെ, ഒടുവിൽ പാർവതി അത് ഭംഗിയാക്കി: സത്യൻ അന്തിക്കാട്
Entertainment
ആ നടിക്ക് ബുദ്ധിയുണ്ടായിരുന്നുവെങ്കിൽ ആ കഥാപാത്രം തെരഞ്ഞെടുത്തേനെ, ഒടുവിൽ പാർവതി അത് ഭംഗിയാക്കി: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd September 2024, 1:18 pm

ശ്രീനിവാസൻ, ജയറാം, ഉർവശി തുടങ്ങി വമ്പൻ താരനിര ഒന്നിച്ച് ഇന്നും മലയാളികൾ റിപ്പീറ്റ് അടിച്ച് കാണുന്ന ചിത്രങ്ങളിൽ ഒന്നാണ് പൊന്മുട്ടയിടുന്ന താറാവ്. രഘുനാഥ്‌ പാലേരി രചന നിർവഹിച്ച ചിത്രം സത്യൻ അന്തിക്കാട് ആയിരുന്നു സംവിധാനം ചെയ്തത്. മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.

ഒരുപാട് മികച്ച അഭിനേതാക്കൾ ഒന്നിച്ച പൊന്മുട്ടയിടുന്ന താറാവിൽ നടി പാർവതിയും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു . എന്നാൽ ആ റോളിലേക്ക് മറ്റൊരു നായികയെ കണ്ടെത്തിയിരുന്നുവെന്നും ഒരു സീനിൽ മാത്രം വന്നുപോകാൻ തനിക്ക് പ്രയാസമുണ്ടെന്ന് അവർ പറഞ്ഞെന്നും സത്യൻ അന്തിക്കാട് പറയുന്നു.

കരമന ജനാർദ്ദനന്റെ ഭാര്യയായി അഭിനയിക്കുന്നത് ഇമേജിനെ ബാധിക്കുമെന്ന് അവർക്ക് പേടി ഉണ്ടായിരുന്നുവെന്നും എന്നാൽ പാർവതി ആ കഥാപാത്രം ചെയ്യാൻ തയ്യാറായെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൊന്മുട്ടയിടുന്ന താറാവിലെ ആ കഥാപത്രം ആദ്യമേയുള്ളതാണ്. പക്ഷെ പാർവതി ആയിരുന്നില്ല ആദ്യം അത് ചെയ്യേണ്ടിയിരുന്നത്. വളരെ ചെറുപ്പക്കാരിയായ, അതി സുന്ദരിയായ ഒരു പെൺകുട്ടിയാണ് ഹാജിയാരിന്റെ ഭാര്യയെന്ന് ഗ്രാമം മുഴുവൻ കാണുന്നതാണ് ആ ചിത്രത്തിന്റെ ക്ലൈമാക്സ്.

അങ്ങനെ സുന്ദരിയായ ഒരു കുട്ടിയെ തേടി നടക്കുകയും അവസാനം വയനാട്ടിൽ നിന്നൊരു കുട്ടിയെ കിട്ടുകയും ചെയ്തു. അവർ സിനിമയിൽ അഭിനയിക്കാൻ തയ്യാറായി വന്നു. പക്ഷെ അവർക്ക് ഒരു സീൻ മാത്രമുള്ളത് കൊണ്ട് അഭിനയിക്കാൻ ബുദ്ധിമുട്ട്. പിന്നെ കരമന ജനാർദ്ദനൻ നായരെന്ന് പറയുന്ന വയസായ ഒരാളുടെ ഭാര്യയാവുന്നതിലെ ബുദ്ധിമുട്ട്. ഇതൊക്കെയാണലോ ഇമേജ്.

അന്ന് മോശം സിനിമകളൊക്കെ എടുക്കുന്ന ഒരു സംവിധായകന്റെ സിനിമയിൽ അവർ നായികയായി ബുക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇതിൽ അഭിനയിച്ചാൽ ബുദ്ധിമുട്ടാവുമോ എന്നവർക്ക് സംശയം. ബുദ്ധിയുള്ളവരാണെകിൽ ഈ റോൾ തെരഞ്ഞെടുത്തേനേ.

ആ സമയത്ത് അവിടെ വേറെയേതോ സിനിമയുടെ ഷൂട്ടിന് വേണ്ടി പാർവതി വന്നിട്ടുണ്ട്. പാർവതിയെ എനിക്ക് നേരത്തെ തന്നെ അറിയാം. പാർവതി എന്റെ കുടുംബപുരാണത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഞാൻ പാർവതിയെ വിളിച്ചിട്ട് ഒരു ഗസ്റ്റ് റോൾ ചെയ്യുമോയെന്ന്  ചോദിച്ചു. ഞാൻ പറഞ്ഞു, കരമന ജനാർദ്ദനന്റെ ഭാര്യയായി അഭിനയിക്കണം അതുപോലെ ഒരു സീനിൽ മാത്രമേയുള്ളൂവെന്നും.

പക്ഷെ പാർവതി പറഞ്ഞു, അതൊന്നും കുഴപ്പമില്ല, സത്യേട്ടന്റെ പടമല്ലേയെന്ന്. പാർവതി വന്നതോടെ ആ ചിത്രത്തിന്റെ ഇമേജ് മാറി. സത്യം പറഞ്ഞാൽ ആ വായനാടുകാരിയോട് എനിക്ക് നന്ദി തോന്നി,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Guest Role Of Parvathy In Ponmuttayidunna Tharav Movie