Entertainment
ലാൽ ഇപ്പോഴും എന്നോട് പറയാത്ത രഹസ്യം, അന്ന് സീമ വിചാരിച്ചിട്ട് പോലും നടക്കാത്ത കാര്യമാണ്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 23, 02:31 am
Thursday, 23rd January 2025, 8:01 am

മലയാളികള്‍ എക്കാലവും നെഞ്ചിലേറ്റുന്ന ഒരുപിടി മികച്ച സിനിമകള്‍ ഒരുക്കിയ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. 1982ല്‍ കുറുക്കന്റെ കല്യാണം എന്ന ചിത്രത്തിലൂടെയാണ് സത്യന്‍ അന്തിക്കാട് സംവിധാനരംഗത്തേക്ക് കടന്നുവന്നത്. പൊന്മുട്ടയിടുന്ന താറാവ്, തലയണമന്ത്രം, നാടോടിക്കാറ്റ് തുടങ്ങിയ ക്ലാസിക് ചിത്രങ്ങള്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയിട്ടുണ്ട്.

സത്യൻ അന്തിക്കാട്, ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമാണ് ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്. സംവിധായകൻ ഐ.വി.ശശിയും സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു. എന്നാൽ തുടക്കം മുതൽ ഐ.വി.ശശിക്ക് ഗാന്ധി നഗർ എന്ന പേര് ഓക്കെയല്ലായിരുന്നുവെന്നും അത് മാറ്റണമെന്ന് പലവട്ടം പറഞ്ഞിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. പങ്കാളിയായ സീമ പറഞ്ഞിട്ട് പോലും അദ്ദേഹം കേട്ടില്ലെന്നും എന്നാൽ ഒരിക്കൽ മോഹൻലാൽ സംസാരിച്ചപ്പോൾ അദ്ദേഹം സമ്മതിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. മോഹൻലാൽ എന്താണ് പറഞ്ഞതെന്നത് ഇന്നും ഒരു രഹസ്യമാണെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.

ശശിയേട്ടനോട് സ്വന്തം ഭാര്യ പറഞ്ഞിട്ട് നടക്കാത്ത കാര്യമാണ് മോഹൻലാൽ സാധിപ്പിച്ചെടുത്തത്
– സത്യൻ അന്തിക്കാട്

‘മമ്മൂട്ടിയും മോഹൻലാലും ഐ.വി ശശിയും സീമയും സെഞ്ച്വറി ഫിലിംസിൻ്റെ കൊച്ചുമോനും ചേർന്ന നിർമാണ കമ്പനിയായിരുന്നു കാസിനോ. വിജയ സിനിമകൾ നിർമിച്ച താരശോഭയുള്ള ബാനർ. അടുത്ത പ്രൊജക്ട് അവർ എന്നെയും ശ്രീനിയെയും ഏൽപ്പിക്കുന്നു. ഞങ്ങൾ കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായി. ടീ നഗറിലെ ഫ്ലാറ്റിലേക്കുള്ള ഓട്ടോ യാത്രയിൽ ഒരു കോളനിയിലൂടെ ഞങ്ങൾ പോയപ്പോഴാണ് കോളനി പശ്ചത്തലമായ സിനിമയെന്ന ആശയം വന്നത് കഥയ്ക്ക് മുമ്പേ പേരായി ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്.

പക്ഷേ, ആ പേര് ഒരാൾക്ക് മാത്രം ഇഷ്‌ടപ്പെട്ടില്ല ഐ.വി ശശിക്ക്. ശശിയേട്ടൻ പറഞ്ഞു. ‘പേരു മാറ്റണം. വല്ല ഗിരിനഗർ എന്നെങ്ങാനും ഇട്ടോ.’ ‘മഞ്ഞുമലയിൽ നിന്നൊരു മഞ്ഞ ഗൂർഖ’ എന്നൊക്കെയാണ് ഞങ്ങളുടെ ചിന്ത പോകുന്നത്. ഷൂട്ട് മുന്നോട്ടു പോയി. മറ്റൊരു പ്രൊഡ്യൂസർ കൊച്ചുമോൻ പറഞ്ഞു, ഞാൻ സംസാരിക്കാം. പക്ഷെ പിറ്റേന്ന് കാലുമാറി. ഒരു രക്ഷയുമില്ല. പേരു മാത്രമാണ് ശശിയേട്ടന്റെ പ്രശ്‌നം.’

ഒടുവിൽ സീമ സമാധാനിപ്പിച്ചു. ‘സാരമില്ല, ശശിയേട്ടനോട് സംസാരിക്കാം.’ സ്വന്തം ഭാര്യയല്ലേ പറയുന്നത്. അതിനപ്പുറം വേറൊന്നുമില്ലല്ലോ. പിറ്റേന്ന് സീമയും കാലുമാറി. ഒരു ദിവസം ലൊക്കേഷനിലേക്ക് ശശിയേട്ടനെത്തി. ലാൽ ഗുർഖ വേഷത്തിലിരിക്കുന്നുണ്ട്. വന്നു കയറിയപ്പോഴെ പറഞ്ഞു, ‘സത്യാ. വേറെ എന്തെങ്കിലും പേര് ആലോചിക്കണം.’ ലാൽ എഴുന്നേറ്റ് ഒരു മിനിറ്റെന്ന് പറഞ്ഞ് ശശിയേട്ടനെ വിളിച്ചു കൊണ്ടു ഗേറ്റിൻ്റെ പുറത്തേക്ക് നടന്നു.

തോളിൽ കയ്യിട്ട് ലാൽ റോഡുവരെ നടക്കുമ്പോൾ ശശിയേട്ടൻ പറയുന്നത് കേൾക്കുന്നുണ്ട്. ‘സിനിമയുടെ പേരിനെ പറ്റിയാണെങ്കിൽ എന്നോടൊന്നും പറയണ്ട’. പക്ഷേ, ഒരു മിനിറ്റ് കൊണ്ടു തിരിച്ചു വന്ന് ശശിയേട്ടൻ പറയുകയാണ്. ‘സത്യന്റെ സിനിമ, സത്യന് ഇഷ്‌ടമുള്ള പേരിട്.’

ഞാൻ അന്തം വിട്ടു പോയി. സ്വന്തം ഭാര്യ പറഞ്ഞിട്ടു നടക്കാത്ത കാര്യമാണ്. ഇതെന്തു മാജിക് ആണ്. എന്തു സൂത്രമാണ് പ്രയോഗിച്ചതെന്ന് ലാലിനോടു ചോദിച്ചു. ലാൽ ഒരു ചിരി ചിരിച്ച് മറുപടി തന്നു, അതിപ്പോൾ സത്യേട്ടൻ അറിയേണ്ട. ഈ നിമിഷം വരെ ആ രഹസ്യം എന്നോടു പറഞ്ഞിട്ടുമില്ല,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Gandhi Nagar Second Street Movie