മലയാള സിനിമക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ, രസതന്ത്രം മുതലായ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.
മലയാളത്തിലെ മുതിര്‍ന്ന തലമുറ മുതല്‍ യൂത്തന്മാരെ വെച്ച് വരെ അദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. മലയാളത്തിലെ യുവ അഭിനേതാക്കള പറ്റി പറയുകയാണ് സത്യന്‍ അന്തിക്കാട്. എല്ലാ യുവ അഭിനേതാക്കളും പല തരത്തിലാണെന്നും മികച്ചതെന്ന് ഒരാളെ ചൂണ്ടിക്കാണിക്കാനാവില്ലെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.
‘പുതിയ തലമുറയില്‍ എല്ലാവരും നല്ല അഭിനേതാക്കളാണ്. അത് പല തലത്തിലാണ്. ജോമോന്റെ സുവിശേഷങ്ങളില്‍ ദുല്‍ഖറിന്റെ ചില രംഗങ്ങളെടുക്കുമ്പോള്‍ നമ്മുടെ വീട്ടിലെ ഒരു ചെറുപ്പക്കാരന്‍ ചെയ്യുന്നത് പോലെ തോന്നും. ഞാന്‍ പ്രകാശനും ഇന്ത്യന്‍ പ്രണയകഥയും ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാന്‍ ഫഹദിന്റെ ഫാന്‍ ആയി മാറി.
കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ഒരു കഴിവ് ഫഹദിനുണ്ട്. ഒരു സാധാരണ മനുഷ്യനാണ് ഫഹദ്. വരത്തനില്‍ ഫഹദ് വില്ലന്മാരുടെ മുഖത്തേക്ക് നോക്കുന്നത് കാണുമ്പോള്‍ നമുക്ക് പേടിയായി പോവും. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് എത്ര വലിയ മല്ലന്മാര് വന്നാലും ഇവന്‍ ഇടിക്കുമെന്ന് തോന്നി പോവും. അത് ഒരു ഗിഫ്റ്റാണ്.
നിവിന്‍ നന്നായി ഹ്യൂമര്‍ സീനുകള്‍ ചെയ്യും. ഭയങ്കര സ്റ്റൈലിഷായി ചെയ്യുന്നയാളാണ്. ടൊവിനോ മിന്നല്‍ മുരളി കഴിഞ്ഞ് വേറൊരു രീതിയിലാണ്. എല്ലാവരും പല തരത്തിലാണ്. എല്ലാവരിലും കൂടി ഒരാള്‍ മികച്ചതെന്ന് പറയാന്‍ പറ്റില്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
ജയറാം, മീര ജാസ്മിന്‍, ദേവിക സഞ്ജയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ മകളാണ് ഒടുവില്‍ പുറത്തിറങ്ങിയ സത്യന്‍ അന്തിക്കാടിന്റെ ചിത്രം. സിദ്ധിഖ്, ഇന്നസെന്റ്, നസ്‌ലിന്‍, ബാലാജി മനോഹര്‍ എന്നിവരാണ് മറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlight: sathyan anthikkad about fahad fasil and dulquer salman