ആ സിനിമയ്ക്ക് ശേഷം മമ്മൂട്ടി എന്റെ സുഹൃത്തിന്റെ അച്ഛനായി മാറി: സത്യൻ അന്തിക്കാട്
Entertainment
ആ സിനിമയ്ക്ക് ശേഷം മമ്മൂട്ടി എന്റെ സുഹൃത്തിന്റെ അച്ഛനായി മാറി: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 9th November 2024, 4:52 pm

മലയാളത്തിൽ മികച്ച സിനിമകൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥകളാണ് സത്യൻ അന്തിക്കാട് എന്നും പറഞ്ഞിട്ടുള്ളത്. മോഹൻലാൽ, ശ്രീനിവാസൻ, ജയറാം തുടങ്ങിയ താരങ്ങൾക്ക് കുടുംബ പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം നേടി കൊടുക്കാൻ സത്യൻ അന്തിക്കാടിന്റെ സിനിമകൾ സഹായിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ, നിവിൻ പോളി, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പവും സത്യൻ അന്തിക്കാട് സിനിമകൾ ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സിനിമയായിരുന്നു ജോമോന്റെ സുവിശേഷങ്ങൾ. മുകേഷ്, അനുപമ പരമേശ്വരൻ, ഐശ്വര്യ രാജേഷ് തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറഞ്ഞത്.

 

ദുൽഖർ സൽമാനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുന്നു എന്നതായിരുന്നു അന്ന് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും പണ്ട് മമ്മൂട്ടിയുടെ വീട്ടിൽ പോകുമ്പോൾ ദുൽഖർ കളിക്കുന്നത് കാണാമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

തന്റെ കൂട്ടുകാരന്റെ മകനായ ദുൽഖറിനെ വെച്ച് സിനിമ ചെയ്തപ്പോൾ മമ്മൂട്ടി തന്റെ സുഹൃത്തിന്റെ അച്ഛനായി മാറിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ജോമോന്റെ സുവിശേഷവും വിനീത് ശ്രീനിവാസൻ ചിത്രം ജേക്കബിന്റെ സ്വർഗരാജ്യവും തമ്മിലുള്ള സമാനതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ക്ലബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു സത്യൻ അന്തിക്കാട്.

‘ജോമോന്റെ സുവിശേഷങ്ങൾ ചെയ്യുമ്പോൾ പ്രധാനമായും എന്നെ ആനന്ദിപ്പിച്ചത്, ഞാൻ മമ്മൂട്ടിയുടെ വീട്ടിൽ പണ്ട് സ്ഥിരമായി പോവുമ്പോൾ അവിടെ കളിച്ച് നടന്നിരുന്ന പയ്യനെ നായകനാക്കി എനിക്ക് സിനിമ ചെയ്യാൻ കഴിഞ്ഞു എന്നതാണ്.

എന്റെ കൂട്ടുകാരന്റെ മകനാണ് ദുൽഖർ സൽമാൻ. പക്ഷെ പടം കഴിഞ്ഞപ്പോൾ മമ്മൂട്ടി എന്റെ സുഹൃത്തിന്റെ അച്ഛനായി മാറി. ജോമോന്റെ സുവിശേഷങ്ങൾ ഇറങ്ങിയപ്പോൾ ജേക്കബിന്റെ സ്വർഗ രാജ്യവുമായി സാമ്യമുണ്ടെന്ന് പറഞ്ഞൊരു ആരോപണം ഉണ്ടായിരുന്നു.

ഞാൻ വിനീതിനോട്‌, നീ തന്നെ അതൊന്ന് ക്ലിയർ ചെയ്ത് കൊടുക്ക് എന്ന് പറഞ്ഞിരുന്നു. കാരണം ജേക്കബിന്റെ സ്വർഗരാജ്യത്തിന് മുമ്പ് ഉണ്ടാക്കിയ കഥയാണിത്. രണ്ടിന്റെയും വിഷയം ഏകദേശം ഒന്ന് തന്നെയാണ്. അച്ഛന്റെ പതനത്തിൽ നിന്ന് മകൻ രക്ഷപ്പെടുത്തുന്നു എന്നുള്ളതാണ്. പക്ഷെ അച്ഛനും മകനും തമ്മിലുള്ള റിലേഷൻഷിപ്പാണ് ജോമോന്റെ സുവിശേഷങ്ങൾ. തിരുപ്പതിയിൽ ചെന്നിട്ട് അവർ രണ്ട് പേരും കൂടെയുള്ള സീനുകളാണ്. ജേക്കബിൽ അച്ഛൻ വേറേ എവിടെയോയാണ്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikkad About Dulquar salman