Entertainment
എത്ര വലിയ സുന്ദരി വന്നാലും ആ നടിയുടെ എഫക്ട് ക്ലൈമാക്സിന് കിട്ടില്ലായെന്ന് എപ്പോഴും തോന്നാറുണ്ട്: സത്യൻ അന്തിക്കാട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 21, 07:04 am
Tuesday, 21st January 2025, 12:34 pm

രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ സത്യൻ അന്തിക്കാട് അണിയിച്ചൊരുക്കിയ എവർഗ്രീൻ സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്.

ശ്രീനിവാസൻ, ജയറാം, ഉർവശി, ശാരി തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം തട്ടാൻ ഭാസ്കരന്റെ കഥയായിരുന്നു പറഞ്ഞത്. ഒരുപാട് മികച്ച അഭിനേതാക്കൾ ഒന്നിച്ച പൊന്മുട്ടയിടുന്ന താറാവിൽ നടി പാർവതിയും ഒരു അതിഥി വേഷത്തിൽ എത്തിയിരുന്നു.

എന്നാൽ ആ സീനിലേക്ക് മറ്റൊരു പെൺകുട്ടിയെ ആദ്യം കണ്ടെത്തിയിരുന്നുവെന്നും എന്നാൽ ചെറിയ റോളായതിനാൽ അവർ അഭിയനയിച്ചില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഗസ്റ്റ് റോൾ ചെയ്യാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ പാർവതി റെഡിയായെന്നും സത്യൻ അന്തിക്കാട് പറയുന്നു.

എത്ര വലിയ സുന്ദരി വന്നാലും പാർവതി വരുന്ന എഫക്ട് കിട്ടില്ല എന്നിപ്പോഴും തോന്നാറുണ്ടെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു. ശ്രീനിവാസന്റെ അച്ഛനായി അഭിനയിച്ച കൃഷ്‌ണൻ കുട്ടി നായരുടെ ശരീരവും സിനിമയിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

‘ഗ്രാമത്തിലേക്ക് തുറന്നു വച്ച വാതിലായിരുന്നു ‘പൊന്മുട്ടയിടുന്ന താറാവ്. കരമനയുടെ കഥാപാത്രമായ ഹാജിയാരുടെ ഭാര്യയെ ഗ്രാമം മുഴുവനും കാണുന്നത് ക്ലൈമാക്സിലാണ്. ആ കുഞ്ഞു റോളിലേക്ക് പാർവതിയെ ബുദ്ധിമുട്ടിക്കണം എന്നു കരുതിയതല്ല. ഗുരുവായൂരിലാണ് ലൊക്കേഷൻ. അവസാനമാണ് വരുന്നതെങ്കിലും അതിസുന്ദരിയായ പെൺകുട്ടി വേണം, നോക്കി നിന്നു പോകണം.

വയനാട്ടിൽ നിന്ന് ഒരു പെൺകുട്ടി വന്നു. ഒറ്റ സീനേയുള്ളെന്ന് കേട്ടപ്പോൾ അവർക്ക് വിഷമമായി. ആ സമയത്ത് മറ്റൊരു സിനിമയിൽ നായികയായി അവർക്ക് അവസരവും കിട്ടിയിരുന്നു. അപ്പോഴാണ് പാർവതി ഗുരുവായൂരിലുണ്ടെന്നറിഞ്ഞത്‌, ‘ഗസ്‌റ്റ് റോൾ ചെയ്യാൻ താത്പര്യമുണ്ടോ’ എന്നു ചോദിച്ചു. റോൾ കേട്ടതും പാർവതി റെഡിയായി. എത്ര വലിയ സുന്ദരി വന്നാലും പാർവതി വരുന്ന എഫക്ട് കിട്ടില്ല എന്നിപ്പോഴും തോന്നാറുണ്ട്.

കൃഷ്ണൻ കുട്ടി നായരുടെ ശരീരം ആ സിനിമ ഉപയോഗിച്ചിട്ടുണ്ട്. വഴക്കു നടക്കുമ്പോൾ മരിക്കാൻ കിടക്കുകയാണ് കൃഷ്ണൻ കുട്ടിനായരുടെ ഗോപാലൻ തട്ടാൻ. രഘുനാഥ് പാലേരി എഴുതിവച്ചത് ‘കാറ്റത്ത് ഒരില പാറി വരുന്നതു പോലെ ഗോപാലൻ തട്ടാൻ വന്നു’ എന്നാണ്.

ധും തരി കിട തോം എന്ന തബലയുടെയും ചിലങ്കയുടെയും ശബ്ദം ചേട്ടന്റെ മനസ്സിലുണ്ടാകണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെയാണ് ആ വരവ് ഉണ്ടായത്. ഓരോ സിനിമയും സംഭവിക്കുന്നത് ആ കാലഘട്ടത്തിനു വേണ്ടിയാണ്. മൂത്ത തട്ടാനെ ഏൽപ്പിക്കാൻ ഇന്നെനിക്ക് ആളില്ല,’സത്യൻ അന്തിക്കാട് പറയുന്നു.

 

Content Highlight: Sathyan Anthikkad About Climax Of ponmuttayidunna Tharav Movie