ഡയാന കുര്യൻ എന്ന മലയാളി പെൺകുട്ടിയിൽ നിന്ന് ഇന്ത്യൻ സിനിമയിലെ തന്നെ തിരക്കുള്ള നടിയായി മാറിയ വ്യക്തിയാണ് നയൻതാര. സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന സിനിമയിലൂടെ തന്റെ സിനിമ കരിയർ തുടങ്ങിയ നയൻതാര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്ലെല്ലാം ഭാഗമായി.
കരിയറിന്റെ തുടക്കത്തിൽ തന്നെ കമൽ, ഫാസിൽ തുടങ്ങിയ മികച്ച സംവിധായകരോടൊപ്പം സിനിമകൾ ചെയ്ത നയൻതാര ആദ്യ മൂന്ന് സിനിമകളിൽ തന്നെ മമ്മൂട്ടി, മോഹൻലാൽ, ജയറാം എന്നിവരുടെ നായികയായി.
നയൻതാരയെ കുറിച്ച് സംസാരിക്കുകയാണ് സത്യൻ അന്തിക്കാട്. എന്നും ഇപ്പോഴും എന്ന തന്റെ സിനിമയുടെ ലൊക്കേഷനിലേക്ക് നയൻതാര വന്നിരുന്നുവെന്നും എന്നാൽ ആളുകൾ കൂടിയതിനാൽ തന്നെ കാണാൻ കഴിയാതെ അവർ തിരിച്ചുപോയെന്നും സത്യൻ അന്തിക്കാട് പറയുന്നു. എന്നാൽ തിരിച്ചുപോയ ശേഷം നയൻതാര തനിനൊരു മെസേജ് അയച്ചിരുന്നുവെന്നും ഹൃദയത്തിൽ തൊടുന്ന വാക്കുകളാണ് നയൻതാര തന്നോട് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘എന്നും എപ്പോഴും‘ എന്ന സിനിമയുടെ ഷൂട്ടിങ് കാക്കനാട് ഇൻഫോപാർക്ക് റോഡിൽ നടക്കുകയാണ്. മഞ്ജുവാര്യരും ലെനയുമുണ്ട്. മഞ്ജുവിന് ഏതോ അവാർഡ് കിട്ടിയ ദിവസമാണ്. കുറെ ചാനലുകാരും പത്രക്കാരുമെത്തിയിട്ടുണ്ട്. പെട്ടെന്നൊരു കാറിൽ നയൻതാര വന്നിറങ്ങി. ‘ഭാസ്‌കർ ദ റാസ്‌കൽ‘ എന്ന സിനിമയുടെ ഷൂട്ടിങ് അതിനടുത്തെവിടെയോ നടക്കുന്നുണ്ടായിരുന്നു.
ഇടയ്ക്ക് കിട്ടിയ ഒഴിവുസമയത്ത് ഞങ്ങളുടെ സെറ്റിലേക്ക് വന്നതാണ്. ചാനലുകാരും ഷൂട്ടിങ് യൂണിറ്റിലുള്ളവരുമൊക്കെ നയൻസിന് ചുറ്റും കൂടി. എല്ലാവരോടും ചിരിച്ച്, ചെറിയതോതിൽ കുശലം പറഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ അവർ സ്ഥലംവിട്ടു. കുറച്ചുകഴിഞ്ഞപ്പോൾ എന്റെ ഫോണിലേക്ക് നയൻതാരയുടെ ദീർഘമായ ഒരു മെസേജ് വന്നു.
ഷൂട്ടിങ് അടുത്ത് നടക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ എന്നെ കാണാൻ മാത്രമായി ഓടിയെത്തിയതാണെന്നും വിചാരിച്ചതിലും കൂടുതൽ ആളുകളും പത്രക്കാരുമൊക്കെ ഉണ്ടായിരുന്നതു കൊണ്ടാണ് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ തിരിച്ചുപോന്നതെന്നും അതിലെഴുതിയിരുന്നു. ഒപ്പം ഹൃദയത്തിൽ തൊടുന്ന ചില വാക്കുകളും. ‘സിനിമ എന്ന അത്ഭുതലോകത്തിൻ്റെ വാതിലുകൾ എനിക്കുമുന്നിൽ തുറന്നുതന്നത് താങ്കളാണ്. താങ്കൾ പ്രതീക്ഷിച്ചതുപോലെയുള്ള അഭിനയ മികവ് കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല. പക്ഷേ, ഞാനതിന് ശ്രമിച്ചുകൊണ്ടേയിരിക്കും. ഇതെന്റെ ഗുരുവിന് നൽകുന്ന വാക്കാണ്.
അതിമനോഹരമായ ഇംഗ്ലീഷിലാണ് എഴുത്ത്. സത്യമായും എനിക്ക് സന്തോഷം തോന്നി. നയൻതാര സിനിമയിലെത്താൻ ഞാനൊരു നിമിത്തമായി എന്നല്ലാതെ അവരുടെ വളർച്ചയിൽ മറ്റൊരു പങ്കും എനിക്കില്ല. സ്വന്തം കഴിവും ആത്മാർഥമായ പരിശ്രമവും കൊണ്ടാണ് അവർ ഇന്നത്തെ ലേഡി സൂപ്പർസ്റ്റാറായി മാറിയത്,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About Careers Of Nayanthara