മലയാള സിനിമയ്ക്ക് നിരവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. നയന്‍താര, അസിന്‍, മീര ജാസ്മിന്‍, സംയുക്ത വര്‍മ തുടങ്ങി സത്യന്‍ സിനിമകളിലൂടെ കടന്ന് വന്ന് മലയാളത്തിന്റെ സ്വന്തം നടിമാരായ നിരവധി താരങ്ങളുണ്ട്.
പുതുമുഖ താരങ്ങളെ പരീക്ഷിച്ച് വിജയിച്ച സിനിമകളും പുതുമുഖ നായികമാരെ കൊണ്ട് വട്ടംകറങ്ങിയ സന്ദര്‍ങ്ങളും ഉണ്ടായിട്ടുണ്ടെന്ന് നേരത്തെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. അത്തരത്തില്‍ തന്റെ ഒരു സിനിമയില്‍ അതിഥി വേഷം ചെയ്യാനായി ഒരു പുതുമുഖ താരത്തെ വിളിച്ചതിനെ കുറിച്ചും ആ വേഷം അവര്‍ നിരസിച്ചതിനെ കുറിച്ചും പറയുകയാണ് സത്യന്‍ അന്തിക്കാട്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യന്‍ അന്തിക്കാടിന്റെ എവര്‍ഗ്രീന്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍പ്പെടുന്ന ഒരു സിനിമയാണ് പൊന്മുട്ടയിടുന്ന താറാവ്. ശ്രീനിവാസന്‍, ഉര്‍വശി, ശാരി, പാര്‍വതി, ജയറാം, ഇന്നസെന്റ്, ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി തുടങ്ങി മലയാളത്തിലെ അഭിനയസാമ്രാട്ടുകളെല്ലാം ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്. വലിയ ഹിറ്റായിരുന്നു ചിത്രം.
പോസ്റ്ററടക്കം ഒട്ടിച്ച ശേഷം സിനിമയുടെ പേര് മാറ്റേണ്ടി വന്നതിനെ കുറിച്ചും ചിത്രത്തിലെ ചില കഥാപാത്രങ്ങളെ മാറ്റേണ്ടി വന്നതിനെ കുറിച്ചും സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്.
പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു സിനിമയ്ക്ക് ആദ്യം പേര് കണ്ടിരുന്നത്. മാത്രമല്ല ആ പേരായിരുന്നു ആ കഥയിലേക്ക് എന്നെ ആകര്‍ഷിച്ചത്. രഘുനാഥ് പലേരിയുടെ കയ്യില്‍ ഉഗ്രനൊരു കഥയുണ്ടെന്ന് എന്നോട് നെടുമുടി വേണുവാണ് പറഞ്ഞത്. പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നാണ് പേര് എന്നും പറഞ്ഞു.
ഞാന്‍ ആ പേരില്‍ ആകൃഷ്ടനാവുകയും രഘുനാഥ് പലേരിയുടെ അടുത്ത് പോയി കഥ കേള്‍ക്കുകയും അത് സിനിമയാക്കാന്‍ തീരുമാനിക്കുകയും ചെയ്തു. രഘു മനസില്‍ സങ്കല്‍പ്പിച്ചതിന്റെ ഏഴയലത്ത് പോലും ചിന്തിച്ചിട്ടല്ല അന്ന് വിവാദമുണ്ടായത്. രഘു സങ്കല്‍പ്പിച്ച തട്ടാന്‍ സൂര്യനാണ് അതിനെയാണ് പൊന്മുട്ടയെന്ന് പറഞ്ഞത്.
ആ ഷോട്ടില്‍ നിന്നാണ് ആ സിനിമ ആരംഭിക്കുന്നത് തന്നെ. ആകാശത്തിന്റെ അങ്ങേ ചെരുവില്‍ ഒരു ചുവന്ന പൊന്മുട്ട. ഒരു സൂര്യന്റെ ഗോളം ഉയര്‍ന്നുവരുന്നതാണ് ഷോട്ട്. എന്നാല്‍ ആ പേര് വലിയ വിവാദമായി. സത്യം പറഞ്ഞാല്‍ പൊന്മുട്ടയിടുന്ന തട്ടാന്‍ എന്ന പേരില്‍ പോസ്റ്റര്‍ വരെ അടിച്ചിരുന്നു. സെന്‍സര്‍ ബോര്‍ഡില്‍ എത്തിയപ്പോഴാണ് പരാതി വന്ന കാര്യം അറിയുന്നത്. ഒടുവില്‍ പൊന്മുട്ടയിടുന്ന താറാവ് എന്ന പേരില്‍ സര്‍ട്ടിഫിക്കറ്റ് കിട്ടി. അങ്ങനെ പോസ്റ്ററിന്റ പുറത്ത് തട്ടാന്‍ എന്നിടത്തൊക്കെ താറാവ് എന്നെഴുതി ഒട്ടിച്ചു. അത് പലപ്പോഴും ആള്‍ക്കാര്‍ കീറിക്കളയുകയൊക്കെ ചെയ്യും, സത്യന്‍ അന്തിക്കാട് പറഞ്ഞു.
ചിത്രത്തില്‍ പാര്‍വതിയുടെ ഗസ്റ്റ് റോളിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറഞ്ഞു. കല്‍മൈ എന്ന റോള്‍ നേരത്തെ ഉള്ളതാണ്. പാര്‍വതി ആയിരുന്നില്ല ആ കഥാപാത്രത്തിലേക്ക് ആദ്യം എത്തിയത്. അതിസുന്ദരിയായ, വളരെ ചെറുപ്പക്കാരിയായ ഒരു പെണ്‍കുട്ടിയായിരുന്നു ഹാജിയാരുടെ ഭാര്യ എന്ന് ഗ്രാമം മുഴുവന്‍ കാണുന്നതാണ് ക്ലൈമാക്‌സ്.
അങ്ങനെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ തേടിനടക്കുകയും അവസാനം വയനാട്ടില്‍ നിന്നൊരു കുട്ടിയെ കിട്ടുകയും ചെയ്തു. കാണാനൊന്നും കുഴപ്പമില്ല. അങ്ങനെ കഥപറഞ്ഞു. ‘ഒരു സീനേ ഉള്ളൂ അല്ലേ സര്‍’ എന്ന് ചോദിച്ചു. പിന്നെ കരമന ജനാര്‍ദ്ദനനെ പോലെ വയസായ ഒരാളുടെ ഭാര്യയല്ലേ എന്നും ചോദിച്ചു. ഇതൊക്കെയാണല്ലോ ഇമേജ്.
മാത്രമല്ല അന്നത്തെ ‘മോശം’ സിനിമകളെടുക്കുന്ന ഒരു സംവിധായകന്റെ പടത്തില്‍ നായികയായി ബുക്ക് ചെയ്തിട്ടുമുണ്ട് എന്നും പറഞ്ഞു. ബുദ്ധിമുട്ടാകുമോ എന്ന് സംശയമുണ്ട് എന്നൊക്കെ പറഞ്ഞു. ബുദ്ധിയുള്ള ആളാണെങ്കില്‍ ഈ റോള്‍ സെലക്ട് ചെയ്യും.
ഗുരുവായൂര്‍ വെച്ചിട്ടാണ് ഷൂട്ടിങ്. ആ സമയത്ത് അവിടെ വേറെ ഏതോ പടത്തില്‍ അഭിനയിക്കാന്‍ വേണ്ടി പാര്‍വതി വന്നിട്ടുണ്ട്. പാര്‍വതിയെ എനിക്ക് നേരത്തെ അറിയാം. അവര്‍ എന്റെ കുടുംബപുരാണം എന്ന സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്. അങ്ങനെ ഞാന്‍ പാര്‍വതിയെ വിളിച്ചു.
ഒരു ഗസ്റ്റ് റോള്‍ ചെയ്യുമോ എന്ന് ചോദിച്ചു. ഞാന്‍ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. കരമന ജനാര്‍ദ്ദനന്റെ ഭാര്യയാണെന്നും ക്ലൈമാക്‌സിലെ ഒന്ന് രണ്ട് സീനിലേ ഉള്ളൂവെന്നും പറഞ്ഞു. അതൊന്നും പ്രശ്‌നമില്ലെന്നും ഞാന്‍ ചെയ്‌തോളാമെന്നുമായിരുന്നു പാര്‍വതിയുടെ മറുപടി.
ഉര്‍വശിയും മീരയും പല പടത്തിലും നായികയ്ക്ക് പകരക്കാരായി വന്നതുപോലെ അന്ന് പാര്‍വതിയും വളരെ സന്തോഷത്തോടെ വന്നു. അവര്‍ വന്നതോടെ പടത്തിന്റെ ഇമേജ് തന്നെ മാറി. മലയാളത്തിലെ ജ്വലിച്ചുനില്‍ക്കുന്ന ഒരു നക്ഷത്രമാണല്ലോ ഇയാളുടെ ഭാര്യയായി വന്നത്.
ആ സമയത്ത് വയനാട്ടുകാരിയോട് എനിക്ക് ഭയങ്കര നന്ദി തോന്നി. മാത്രമല്ല അന്ന് സിനിമയുടെ ക്ലൈമാക്‌സ് ഭയങ്കര ഇംപാക്ട് ആയിരുന്നു ഉണ്ടാക്കിയത്. എല്ലാവരും അന്തംവിട്ടുപോയി. മാത്രമല്ല ഞാന്‍ പരസ്യത്തിലൊന്നും പാര്‍വതിയെ കാണിച്ചിട്ടുമുണ്ടായിരുന്നില്ല,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
Content Highlight: Sathyan Anthikkad about an actress who rejecterd a cameo in his movie