മലയാളത്തിലെ മികച്ച നടിമാരിലൊരാളാണ് മഞ്ജു വാര്യര്‍. സല്ലാപത്തിലൂടെ സിനിമാകരിയര്‍ ആരംഭിച്ച മഞ്ജു വാര്യര്‍ കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇന്ന് അന്യഭാഷയിലും തിരക്കുള്ള നടിയാണ് മഞ്ജു വാര്യർ. കരിയറിന്റെ തുടക്കത്തിൽ തന്നെ സത്യൻ അന്തിക്കാട്, ലോഹിതദാസ്, കമൽ തുടങ്ങിയ സംവിധായകരോടപ്പം സിനിമ ചെയ്യാൻ മഞ്ജുവിന് സാധിച്ചിട്ടുണ്ട്.
മഞ്ജുവുമൊത്ത് തൂവൽ കൊട്ടാരം എന്ന സിനിമയിൽ വർക്ക് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. തൂവൽ കൊട്ടാരമായിരുന്നു മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയെന്നും അതിൽ നടി സുകന്യയുമായി നടത്തുന്ന ഒരു നൃത്തമത്സരത്തിന്റെ സീനുണ്ടായിരുന്നുവെന്നും സത്യൻ അന്തിക്കാട് പറയുന്നു. സുകന്യയെക്കാൾ നന്നയി മഞ്ജു നൃത്തം ചെയ്തപ്പോൾ സിനിമയ്ക്ക് വേണ്ടി ഇത്ര നന്നായി ചെയ്യേണ്ടെന്ന് താൻ പറഞ്ഞെന്നും സത്യൻ അന്തിക്കാട് കൂട്ടിച്ചേർത്തു.
‘മഞ്ജുവിൻ്റെ രണ്ടാമത്തെ സിനിമ ‘തൂവൽക്കൊട്ടാര’മായിരുന്നു. എന്നെമാത്രമല്ല, ഷൂട്ടിങ് യൂണിറ്റിലെ എല്ലാവരെയും അതിശയിപ്പിക്കുന്നവിധം അനായാസമായാണ് മഞ്ജു അതിലഭിനയിച്ചത്. ‘പാർവതി മനോഹരി’ എന്നുതുടങ്ങുന്ന ഒരു ക്ലാസിക്കൽ ഡാൻസുണ്ട് ആ ചിത്രത്തിൽ. സുകന്യയും മഞ്ജുവും തമ്മിലുള്ള ഒരു നൃത്തമത്സരമാണ് അതിൻ്റെ സന്ദർഭം.
മദ്രാസിലെ പ്രസിദ്ധമായ കലാക്ഷേത്രയിൽനിന്ന് സ്വർണ മെഡൽ നേടിയ നർത്തകിയാണ് സുകന്യ. സുകന്യയോടൊപ്പം പതിനേഴുകാരിയായ ഈ കുട്ടിക്ക് പിടിച്ചുനിൽക്കാൻ പറ്റുമോ എന്നൊരു സംശയം സ്വാഭാവികമായും എനിക്കുണ്ടായിരുന്നു. കലാമാസ്റ്ററാണ് കൊറിയോഗ്രാഫർ. ആദ്യത്തെ കുറെ ഷോട്ടുകളെടുത്തുകഴിഞ്ഞപ്പോൾ കലാ മാസ്റ്റർ പറഞ്ഞു, ഒരു ചെറിയ പ്രശ്നമുണ്ട് സാർ, എന്താ കാര്യമെന്ന് ഞാൻ ചോദിച്ചു. സുകന്യയുടെ മുന്നിൽ മഞ്ജു അവതരിപ്പിച്ച ദേവപ്രഭ എന്ന കഥാപാത്രം തോറ്റുപോകുന്ന രീതിയിലാണ് സിനിമയിൽ വേണ്ടത്.
പക്ഷേ, പലപ്പോഴും സുകന്യയെക്കാൾ നന്നാകുന്നു മഞ്ജുവിന്റെ പ്രകടനം, എത്ര ദൈർഘ്യമേറിയ ചുവടുകൾ കാണിച്ചുകൊടുത്താലും നിമിഷനേരംകൊണ്ട് അത് പഠിക്കുന്നു.
ഒടുവിൽ ഞാൻ മഞ്ജുവിനെ മാറ്റിനിർത്തി രഹസ്യമായി പറഞ്ഞു, ഇത്ര നന്നായി ചെയ്യേണ്ട, ഗാനത്തിന്റെ അവസാനമാകുമ്പോഴേക്കും ചെറിയൊരു തളർച്ചപോലെ തോന്നിപ്പിക്കണം, സുകന്യയുടെ ഒപ്പമെത്താനാകാത്തതുപോലെ. ഇഷ്ടപ്പെട്ടില്ലെങ്കിലും ആ രംഗത്തിനുവേണ്ടി അങ്ങനെ ചെയ്‌തു,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad About A scene In Thooval Kottaram Movie