| Monday, 15th April 2024, 8:16 am

അങ്ങനെയുള്ള ഗോസിപ്പൊക്കെ വന്ന് തുടങ്ങിയോ? എന്നാൽ അത് സത്യമാണ്; മോഹൻലാലിനൊപ്പമുള്ള ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യൻ അന്തിക്കാട് മോഹൻലാൽ സിനിമകൾ എന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. മോഹൻലാലിനെ ഒരു സാധാരണക്കാരനായി സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോഴെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്.

കുറച്ചു നാളുകളായി ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിച്ചിട്ട്. എന്നും എപ്പോഴുമാണ് രണ്ടുപേരും അവസാനമായി ഒന്നിച്ച ചിത്രം. ഇപ്പോഴിതാ മോഹൻലാലുമൊത്തുള്ള തന്റെ അടുത്ത സിനിമയെ കുറിച്ച് സൂചന നൽകിയിരിക്കുകയാണ് സത്യൻ അന്തിക്കാട്. മുമ്പത്തെ ചിത്രങ്ങൾ പോലെ തന്നെ ആയിരിക്കുമെന്നും എന്നാൽ മേക്കിങ്ങിലെല്ലാം പുതുമയുണ്ടാവുമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. റേഡിയോ സുനോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അങ്ങനെയുള്ള ഗോസിപ്പ് ഒക്കെ വന്ന് തുടങ്ങിയോ. അത് സത്യമാണ്. ഞാൻ അനൗൺസ് ചെയ്തിട്ടില്ല എന്നേയുള്ളു. ഒഫീഷ്യലായി അത് പുറത്ത് വിട്ടിട്ടില്ല. പക്ഷെ ആളുകൾ ഈ പറഞ്ഞ പോലെ അതെല്ലാം അറിയുന്നുണ്ട്. ഞാൻ അടുത്ത സിനിമ ചെയ്യുന്നത് മോഹൻലാലിനൊപ്പമാണ്.

ആന്റണി പെരുമ്പാവൂരിന് വേണ്ടിയാണ് ചെയ്യുന്നത്. അതിന്റെ കഥയിലേക്കും തിരക്കഥയിലേക്കുമൊക്കെ കയറിട്ടേയുള്ളൂ. എന്തായാലും ഒരു മൂന്ന് നാല് മാസം എടുക്കും അതൊന്ന് ഉണ്ടാക്കിയെടുക്കാൻ.

ജീവിതഗന്ധിയായ, ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സാധാരണക്കാരന്റെ സിനിമയായിരിക്കുമത്. അല്ലാതെ ഒരു പാൻ ഇന്ത്യൻ സിനിമയൊന്നുമല്ല. നേര് എന്ന സിനിമയുടെ വിജയം കണ്ടാൽ നമുക്ക് മനസിലാവുന്നത്, മോഹൻലാലിനെ നമ്മളിൽ ഒരാളായി കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട് എന്നാണ്.

അതുകൊണ്ട് തീർച്ചയായും ഞാൻ ആ ഒരു ഴോണറിലുള്ള സിനിമ തന്നെയാവും ചെയ്യുക. ഞാനും മോഹൻലാലും മുന്നെ ചെയ്യ്തിട്ടുള്ള ചിത്രങ്ങൾ പോലെ തന്നെ എങ്കിലും കുറേ പുതുമയുള്ള അവതരണമൊക്കെ ഞാൻ ആലോചിക്കുന്നുണ്ട്.

എന്തായാലും ഞാൻ അതിന് വേണ്ടി ഇരിക്കുകയാണ്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad Talk About Movie With Mohanlal

Latest Stories

We use cookies to give you the best possible experience. Learn more