| Thursday, 4th January 2024, 9:03 am

'പാൻ ഇന്ത്യൻ സിനിമയൊന്നുമല്ല പക്ഷെ ഞാൻ ചിലത് ആലോചിക്കുന്നുണ്ട്'; മോഹൻലാൽ ചിത്രത്തെ കുറിച്ച് സത്യൻ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച എവർഗ്രീൻ കോമ്പോയാണ് സത്യൻ അന്തിക്കാട് – മോഹൻലാൽ. ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയത്തോട് അത്രയും ചേർന്ന് നിൽക്കുന്നവയാണ്.

നാടോടികാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, വരവേൽപ്പ് തുടങ്ങി എല്ലാ ചിത്രങ്ങളിലും ഒരു സാധാരണക്കാരനായ മോഹൻലാലിനെ കാണാൻ സാധിക്കും. പ്രേക്ഷകർ സത്യൻ അന്തിക്കാടിൽ നിന്ന് പ്രതീക്ഷിക്കുന്നത് അത് തന്നെയാണ്.

2015 ൽ ഇറങ്ങിയ എന്നും എപ്പോഴുമായിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. ഇപ്പോഴിതാ അടുത്തൊരു മോഹൻലാൽ ചിത്രത്തിന്റെ സൂചന തന്നിരിക്കുകയാണ് സത്യൻ അന്തിക്കാട്. അടുത്തതൊരു മോഹൻലാൽ ചിത്രമാണെന്നും അത് അനൗൺസ് ചെയ്തിട്ടില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു.

തീർച്ചയായും അത് മുൻചിത്രങ്ങൾ പോലെ തന്നെയായിരിക്കുമെന്നും മോഹൻലാലിനെ സാധാരണക്കാരിൽ ഒരാളായി കാണാനാണ് മലയാളികൾ എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സത്യൻ അന്തിക്കാടിന്റെ പിറന്നാൾ ദിനത്തിൽ റേഡിയോ സുനോയോട് സംസാരിക്കുമ്പോഴാണ് അടുത്ത മോഹൻലാൽ പടത്തെ കുറിച്ചുള്ള ഗോസിപ്പിന് മറുപടി പറഞ്ഞത്.

‘അങ്ങനെയുള്ള ഗോസിപ്പ് ഒക്കെ വന്ന് തുടങ്ങിയോ. അത് സത്യമാണ്. ഞാൻ അനൗൺസ് ചെയ്തിട്ടില്ല എന്നേയുള്ളു. ഒഫീഷ്യലായി അത് പുറത്ത് വിട്ടിട്ടില്ല. പക്ഷെ ആളുകൾ ഈ പറഞ്ഞ പോലെ അതെല്ലാം അറിയുന്നുണ്ട്. ഞാൻ അടുത്ത സിനിമ ചെയ്യുന്നത് മോഹൻലാലിനൊപ്പമാണ്.

ആന്റണി പെരുമ്പാവൂരിന് വേണ്ടിയാണ് ചെയ്യുന്നത്. അതിന്റെ കഥയിലേക്കും തിരക്കഥയിലേക്കുമൊക്കെ കയറിട്ടേയുള്ളൂ. എന്തായാലും ഒരു മൂന്ന് നാല് മാസം എടുക്കും അതൊന്ന് ഉണ്ടാക്കിയെടുക്കാൻ.

ജീവിതഗന്ധിയായ, ജീവിതവുമായി ഏറ്റവും ചേർന്ന് നിൽക്കുന്ന ഒരു സാധാരണക്കാരന്റെ സിനിമയായിരിക്കുമത്. അല്ലാതെ ഒരു പാൻ ഇന്ത്യൻ സിനിമയൊന്നുമല്ല. ഇപ്പോൾ തിയേറ്ററിൽ ഓടുന്ന നേര് എന്ന സിനിമയുടെ വിജയം കണ്ടാൽ നമുക്ക് മനസിലാവുന്നത്, മോഹൻലാലിനെ നമ്മളിൽ ഒരാളായി കാണാൻ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട് എന്നാണ്.

അതുകൊണ്ട് തീർച്ചയായും ഞാൻ ആ ഒരു ഴോണറിലുള്ള സിനിമ തന്നെയാവും ചെയ്യുക. ഞാനും മോഹൻലാലും മുന്നെ ചെയ്യ്തിട്ടുള്ള ചിത്രങ്ങൾ പോലെ തന്നെ എങ്കിലും കുറേ പുതുമയുള്ള അവതരണമൊക്കെ ഞാൻ ആലോചിക്കുന്നുണ്ട്.

എന്തായാലും ഞാൻ അതിന് വേണ്ടി ഇരിക്കുകയാണ്,’സത്യൻ അന്തിക്കാട് പറയുന്നു.

Content Highlight: Sathyan Anthikad Talk About His Next Mohanlal Movie

We use cookies to give you the best possible experience. Learn more