മലയാളികളുടെ ജനപ്രിയ സംവിധായകനാണ് സത്യൻ അന്തിക്കാട്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമൾ ഏറ്റവും മനോഹരമായും ജീവിതഗന്ധിയായും ഒരുക്കുന്ന സംവിധായകനാണ് അദ്ദേഹം.
കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ അദ്ദേഹം തന്റെ സിനിമകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമയേയും കഥാപാത്രത്തെയും കുറിച്ച് സംസാരിക്കുകയാണ്.
മോഹൻലാലിനെ നായകനാക്കി ശ്രീനിവാസന്റെ കഥയിൽ ഒരുക്കിയ ടി. പി ബാലഗോപാലൻ എം.എയാണ് തന്റെ ഇഷ്ട ചിത്രമെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്. സാധാരണക്കാരുടെ കഥ പറഞ്ഞാൽ പ്രേക്ഷകർ സ്വീകരിക്കുമെന്ന് ആ സിനിമയിലൂടെയാണ് തിരിച്ചറിഞ്ഞതെന്നും മോഹൻലാലിന് ആദ്യമായി സംസ്ഥാന അവാർഡ് നേടി കൊടുത്ത ചിത്രമായത് കൊണ്ടും ശ്രീനിവാസൻ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ചിത്രമായതുകൊണ്ടുമെല്ലാം ആ ചിത്രത്തോട് ഒരു ഇഷ്ടകൂടുതൽ ഉണ്ടെന്ന് റേഡിയോ സുനോയോട് അദ്ദേഹം പറഞ്ഞു.
‘ഒരു സംവിധായകനെ സംബന്ധിച്ച് ചെയ്ത് കൊണ്ടിരിക്കുന്ന സിനിമയായിരിക്കും എപ്പോഴും ഫേവറീറ്റ് ആയിട്ട് നമുക്ക് തോന്നുക. കഴിഞ്ഞ സിനിമ ചെയ്യുമ്പോൾ അതാണ്, ഞാൻ പ്രകാശൻ ചെയ്യുമ്പോൾ അതാണ്. അങ്ങനെ നമ്മൾ ചെയ്യുമ്പോൾ മനസ് മുഴുവൻ അർപ്പിച്ചു ചെയ്യുന്നത് ആ സിനിമയിൽ ആയിരിക്കും.
മനസിനക്കരെ, വീണ്ടും ചില വീട്ടുകാര്യങ്ങൾ അങ്ങനെ കുറേ സിനിമകളുണ്ടല്ലോ, അതൊക്കെ ചെയ്യുന്ന സമയത്ത് ആ സിനിമകൾ പ്രിയപ്പെട്ടതാണ്. പക്ഷെ ഞാൻ എപ്പോഴും പറയാറുണ്ട് വൈകാരികമായി എന്റെ മനസിനോട് ചേർന്ന് നിൽക്കുന്ന കഥാപാത്രവും സിനിമയും ഇപ്പോഴും ടി.പി. ബാലഗോപാലൻ എം.എയാണ്.
അതിന്റെ പ്രധാന കാരണം ഒരു വലിയ കോമ്പോ അവിടെ തുടങ്ങുകയായിരുന്നു. ശ്രീനിവാസനും ഞാനും മോഹൻലാലും വിപിൻ മോഹനും ഒന്നിച്ച ആദ്യത്തെ സിനിമയായിരുന്നു അത്. ബാലഗോപലനിലൂടെയാണ് ഞങ്ങൾ ഈ സാധാരണക്കാരുടെ കഥകളുടെ പരീക്ഷണം തുടങ്ങിയത്. സാധാരണക്കാരുടെ കഥകളും നമ്മുടെ ജീവിതവും നമ്മുടെ അനുഭവങ്ങളുമെല്ലാം പറഞ്ഞാൽ ആളുകൾ ഇഷ്ടപ്പെടുമെന്ന് ഞങ്ങളെ ബോധവാൻമാരാക്കിയ ആദ്യത്തെ സിനിമയായിരുന്നു അത്.
ശ്രീനിവാസൻ എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന ആദ്യത്തെ സിനിമയാണ്. മോഹൻലാലിന് ആദ്യമായി ഒരു സംസ്ഥാന അവാർഡ് കിട്ടിയ ചിത്രമാണ്.