സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, കാര്‍ത്തിക എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ സിനിമയാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം. ഹിറ്റായി മാറിയ സിനിമയിലെ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്.
സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’ എന്ന പാട്ടിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവങ്ങള്‍ വിവരിക്കുകയാണ് ഗൃഹലക്ഷ്മിയില്‍ സത്യന്‍ അന്തിക്കാട്. പാട്ടിന്റെ ചിത്രീകരണം നടക്കുമ്പോള്‍ ശ്രീനിവാസന്‍ എല്ലാവരെയും ചിരിപ്പിച്ച സംഭവത്തെക്കുറിച്ചാണ് സംവിധായകന്‍ പറയുന്നത്.
‘വലിയ സംവിധായകനും നടനുമൊക്കെയാണെങ്കിലും ആള്‍ക്കൂട്ടത്തിന് മുന്നില്‍ നിന്ന് അഭിനയിക്കാന്‍ ഇത്തിരി ചമ്മലുള്ള കൂട്ടത്തിലാണ് ശ്രീനിവാസന്‍. റിഹേഴ്‌സലില്‍ പകരം അഭിനയിച്ചത് ഞാനും വിപിന്‍ മോഹനുമൊക്കെയാണ്.
പക്ഷേ ഷൂട്ട് തുടങ്ങേണ്ട സമയം ശ്രീനി കഥാപാത്രമായി മാറും. കണ്ടുനിന്ന ഞങ്ങളൊക്കെ വളരെ പണിപ്പെട്ട് ചിരി ഒതുക്കി നിര്‍ത്തിയ നിമിഷങ്ങളായിരുന്നു അവ. നടി കാര്‍ത്തിക പോലും ചിരിക്കാതിരിക്കാന്‍ ബുദ്ധിമുട്ടി,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.
പാട്ടിന്റെ ചിത്രീകരണ സമയത്തുണ്ടായ മറ്റൊരു അനുഭവം രവി മേനോനും പങ്കുവെച്ചു.
എറണാകുളം സുഭാഷ് പാര്‍ക്കില്‍ വെച്ചായിരുന്നു പാട്ടിന്റെ ചിത്രീകരണം നടന്നത്. പ്രേംനസീറിന്റെ കാമുക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ശ്രീനിവാസനെ അവതരിപ്പിക്കാനായിരുന്നു സത്യന്‍ അന്തിക്കാടിന്റെ ഉദ്ദേശ്യം. നസീര്‍ ഇടുന്ന പോലത്തെ ജുബ്ബ തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.
പക്ഷേ ശ്രീനി അതിട്ടു നോക്കിയപ്പോള്‍ ഉള്ളതിലും കുറവ് ഉയരം തോന്നിച്ചു. അത് അഭംഗിയാവുമെന്ന് തോന്നിയപ്പോഴാണ് വേഷം ഇറുകിപ്പിടിച്ച ഷര്‍ട്ടിലേക്കും പാന്റ്സിലേക്കും മാറ്റുന്നത്, രവി മേനോന്‍ പറയുന്നു.
പൊലീസ് ഇന്‍സ്പെക്റ്ററുടെ മസില്‍ പിടിച്ചുള്ള നടത്തവും ആംഗ്യ വിക്ഷേപങ്ങളും കൂടി ചേര്‍ന്നപ്പോള്‍ സംഭവം വലിയ ഹിറ്റായി മാറുകയായിരുന്നു. ഗൗരവസ്വഭാവത്തിന് തെല്ലും അയവ് വരുത്താതെയാണ് സത്യന്‍ പവിഴമല്ലി ചിത്രീകരിച്ചതെന്നും രവി മേനോന്‍ പറയുന്നു.
കോമഡിയുടെ അംശം അല്പമെങ്കിലും ഇന്‍സ്പെക്റ്റര്‍ രാജേന്ദ്രന്‍ അണിഞ്ഞ ടൈയില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും രവി മേനോന്‍ കൂട്ടിച്ചേര്‍ത്തു.