പൊന്മുട്ടയിടുന്ന താറാവ് എന്ന സത്യൻ അന്തിക്കാട് ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിന്റെ പേരാണ് ആളുകളെ ആ സിനിമയിലേക്ക് കൂടുതൽ ആകർഷിക്കുന്നത്. എന്നാൽ ആ പേരിനെ ചുറ്റിപ്പറ്റി ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുകയാണ് സത്യൻ അന്തിക്കാട്.
പൊന്മുട്ടയിടുന്ന തട്ടാൻ എന്നായിരുന്നു പൊന്മുട്ടയിടുന്ന താറാവെന്ന ചിത്രത്തിന്റെ ആദ്യത്തെ പേരെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. പൊന്നുമുട്ടയിടുന്ന തട്ടാൻ എന്ന പേരിൽ താൻ സിനിമയുടെ പോസ്റ്റർ വരെ ഒട്ടിച്ചിരുന്നെന്നും പിന്നീട് വിവാദത്തെ തുടർന്ന് പോസ്റ്റർ ഒട്ടിച്ചതിൽ തിരുത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.
‘പൊന്മുട്ടയിടുന്ന താറാവ് എന്ന പേര് ഞാൻ പറയാറില്ല. ഇപ്പോഴും പൊന്മുട്ടയിടുന്ന തട്ടാൻ എന്ന് തന്നെയാണ് ഞാൻ പറയുന്നത്. ആ പേരാണ് എന്നെ ആ സിനിമയിലേക്ക് ആകർഷിച്ചത്. രഘുനാഥ് പാലേരി ഉദ്ദേശിച്ചതുമായിട്ട് ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ ചൊല്ലിയാണ് വിവാദങ്ങൾ ഒക്കെ ഉണ്ടായത്. രഘു സങ്കൽപ്പിച്ച തട്ടാൻ സൂര്യനാണ്. ആ ഷോട്ടിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത് തന്നെ. ആകാശത്തിന്റെ അങ്ങേ ചെരുവിലെ പൊന്മുട്ട സൂര്യനാണ്. ആ അർത്ഥത്തിൽ അല്ല വിവാദങ്ങൾ ഉണ്ടായത്,’ സത്യൻ അന്തിക്കാട് പറഞ്ഞു.
സിനിമയുടെ പേര് വിവാദം ആകുന്നതിന്മുൻപ് താൻ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചിരുന്നെന്നും പിന്നീട് അതിൽ തിരുത്തൽ വരുത്തേണ്ടി വന്നെന്നും അദ്ദേഹം പറഞ്ഞു.
‘സത്യത്തിൽ ആ പേര് വെച്ച് ഞാൻ പോസ്റ്റർ ഒക്കെ അടിച്ചിരുന്നു. അപ്പോൾ സെൻസർ ബോർഡ്കാരാണ് പറഞ്ഞത് ഒരു പരാതി ഉണ്ടെന്ന്. എന്നിട്ട് പൊന്മുട്ടയിടുന്ന താറാവ് എന്ന പേരിൽ സർട്ടിഫിക്കറ്റ് കിട്ടി. പിന്നീട് ഞാൻ ചെന്ന് പോസ്റ്ററിൽ തിരുത്തുകയാണ് ചെയ്തത്. ചില ആളുകൾ അതൊക്കെ കീറി കളയുകയൊക്കെ ചെയ്തു. മമ്മൂട്ടി ആ പരസ്യം കണ്ടിട്ട് കയ്യും കാലുമടിച്ച് ചിരിച്ചതാണ്. ഞാൻ പേര് മാറ്റിയതുമായി ബന്ധപ്പെട്ട ക്ലീയറൻസ് കൊടുക്കണമായിരുന്നു. ‘ചില സാങ്കേതിക കാരണങ്ങൾകൊണ്ട് പൊന്മുട്ടയിടുന്ന തട്ടാൻ എന്ന പേര് പൊന്മുട്ടയിടുന്ന താറാവ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഇനി താറാവ് എന്ന് തിരുത്തി വായിക്കുക. താറാവുകൾ പ്രദിഷേധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ആ കുറുപ്പിൽ. അത് കുറിക്ക് കൊണ്ടു,’ സത്യൻ അന്തിക്കാട് പറഞ്ഞു.
Content Highlights: Sathyan Anthikad on Ponmuttayidunna Tharavu Movie