ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്? തിയേറ്ററുകാരുടെ സംഘടനയ്ക്കെതിരെ സത്യന്‍ അന്തിക്കാട്
Daily News
ജുഡീഷ്യല്‍ സ്വഭാവമുള്ള കമ്മീഷനെ എന്തിനാണ് നിങ്ങള്‍ ഭയക്കുന്നത്? തിയേറ്ററുകാരുടെ സംഘടനയ്ക്കെതിരെ സത്യന്‍ അന്തിക്കാട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 4:41 pm

sathyan-anthikad


തര്‍ക്കങ്ങള്‍ ഒരു കമ്മിറ്റിയെവെച്ചോ കമ്മീഷനെവെച്ചോ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തയ്യാറാവാതിരുന്നതിനെയാണ് സത്യന്‍ അന്തിക്കാട് ചോദ്യം ചെയ്യുന്നത്.


സിനിമാ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് എക്സിബിറ്റേഴ്സ് ഫെഡറേഷനെതിരെ സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സിനിമാ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ എന്തുകൊണ്ട് തിയ്യേറ്ററുകാരുടെ സംഘടന അംഗീകരിക്കാന്‍ തയ്യാറായില്ല എന്നാണ് സത്യന്‍ അന്തിക്കാട് ചോദിക്കുന്നത്.

തര്‍ക്കങ്ങള്‍ ഒരു കമ്മിറ്റിയെവെച്ചോ കമ്മീഷനെവെച്ചോ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ഇത് അംഗീകരിക്കാന്‍ എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ തയ്യാറാവാതിരുന്നതിനെയാണ് സത്യന്‍ അന്തിക്കാട് ചോദ്യം ചെയ്യുന്നത്.

” ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫിലിം ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മറ്റെല്ലാ സംഘടനകളും അത് അംഗീകരിച്ചപ്പോള്‍ തിയ്യേറ്ററുകാരുടെ സംഘടനമാത്രം എതിരുനിന്നത് എന്തിനാണ്? ജുഡീഷ്യല്‍ സ്വഭാവമുള്ള ഒരു കമ്മീഷനെ എന്തിനാണവര്‍ പേടിക്കുന്നത്? ” മാതൃഭൂമിയില്‍ “ഈ വിലപേശി വില്‍ക്കല്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു” എന്ന തലക്കെട്ടില്‍ വന്ന ലേഖനത്തില്‍ സത്യന്‍ അന്തിക്കാട് ചോദിക്കുന്നു.

മള്‍ട്ടിപ്ലക്സുകളെ കുറ്റം പറയുന്നതിനു പകരം നമ്മുടെ തിയ്യേറ്ററുകളുടെ നിലവാരം ഉയര്‍ത്താന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. “നവീകരിച്ച എല്ലാ തിയ്യേറ്ററുകളും ലാഭത്തിലാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇനിയെങ്കിലും അത് മുഖവിലയ്ക്കെടുക്കുക” അദ്ദേഹം പറയുന്നു.

ഒരുപാട് പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇത്തരത്തില്‍ സിനിമയെ വിലപേശി നശിപ്പിക്കുന്നതു കാണുമ്പോള്‍ സങ്കടമല്ല തോന്നുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

“സിനിമ ഒരു കച്ചവടവസ്തു മാത്രമല്ല. ഒരുകൂട്ടം കലാകാരന്മാരുടെ ഒരുപാടു കാലത്തെ പരിശ്രമത്തിന്റെ ഫലമാണ് ഓരോ സിനിമയും. അതിന്റെ പിന്നില്‍ ഭാവനാസന്പന്നരായ എഴുത്തുകാരുണ്ട്. ഛായാഗ്രാഹകരുണ്ട്. കവികളും സംഗീതജ്ഞരുമുണ്ട്. പ്രതിഭയുള്ള അഭിനേതാക്കളുണ്ട്. അവരൊക്കെ മനസ്സുരുകി രൂപപ്പെടുത്തുന്ന ഒരു കലാസൃഷ്ടി ചന്തയിലെ വില്പനച്ചരക്കുപോലെ വില പേശി നശിപ്പിക്കുന്നതു കാണുമ്പോള്‍ സങ്കടമല്ല, സഹതാപമാണ് തോന്നുന്നത്. ”

തിയ്യേറ്റര്‍ വിഹിതം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നമാണ് ഇപ്പോള്‍ സിനിമാ സമരത്തിലേക്ക് നീങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ പ്രദര്‍ശനത്തിലിരിക്കുന്ന സിനിമകള്‍ തിയ്യേറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തീരുമാനിച്ചിരുന്നു.

സിനിമാ റിലീസ് പ്രതിസന്ധി പരിഹരിക്കാന്‍ മന്ത്രി എ.കെ. ബാലന്‍ ബന്ധപ്പെട്ട സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പ്രശ്‌നം പഠിക്കാന്‍ കമ്മീഷനെ നിയമിക്കാമെന്ന മന്ത്രിയുടെ നിര്‍ദേശവും അംഗീകരിക്കപ്പെട്ടില്ല.

50:50 അനുപാതത്തില്‍ തിയ്യേറ്റര്‍ വിഹിതം വേണമെന്നാണ് ഉടമകളുടെ ആവശ്യം. ഈ നിര്‍ദേശം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും നിലപാട്. നിലവില്‍ റിലീസിങ് ആഴ്ചയില്‍ തിയറ്ററില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് 60 ശതമാനവും തിയറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമെന്ന നിരക്കിലാണ് വരുമാന വിഹിതം.