മലയാള പ്രേക്ഷകരുടെ ജനപ്രിയ കൂട്ടുകെട്ടാണ് മോഹൻലാൽ – സത്യൻ അന്തിക്കാട്. ഇരുവരും ഒന്നിച്ചപ്പോഴെല്ലാം മികച്ച ചിത്രങ്ങളാണ് പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത്. പ്രേക്ഷകരോട് ഏറ്റവും ചേർന്ന് നിൽക്കുന്ന സിനിമകളാണ് സത്യൻ അന്തിക്കാട് എന്നും ഒരുക്കിയിട്ടുള്ളത്.
നാടോടിക്കാറ്റ്, സന്മനസ്സ് ഉള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ് തുടങ്ങി മോഹൻലാലിനൊപ്പം ഒന്നിച്ചപ്പോഴെല്ലാം മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മറ്റൊരു ചിത്രമായിരുന്നു ടി.പി ബാലഗോപാലൻ എം.എ. ശ്രീനിവാസന്റെ കഥയിൽ ഒരുക്കിയ ഈ ചിത്രത്തിലൂടെയാണ് മോഹൻലാൽ ആദ്യ സംസ്ഥാന അവാർഡ് നേടുന്നത്.
ചിത്രത്തിലെ ഒരു ഇമോഷണൽ സീനിനെ കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്. മോഹൻലാലിന്റെ കഥാപാത്രം തന്റെ സഹോദരിയോട് സംസാരിക്കുന്ന ആ രംഗം കണ്ട് താൻ കരഞ്ഞുപ്പോയെന്നും തനിക്കത് കട്ട് പറയാൻ പറ്റിയില്ലെന്നും സത്യൻ അന്തിക്കാട് പറയുന്നു. മാറി നിന്ന തന്നോട് മോഹൻലാൽ വന്ന് കരഞ്ഞോയെന്ന് ചോദിച്ചെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
‘ഷൂട്ട് ചെയ്യുമ്പോൾ ഞാൻ കരഞ്ഞുപ്പോയ സീനാണത്. ഞങ്ങൾ ഉണ്ടാക്കിയ സിനിമയാണ്. ഞാനിത് മുമ്പും പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് എഴുതിയിട്ടുമുണ്ട്.
ഞങ്ങൾ എഴുതിവെച്ച സീൻ മോഹൻലാൽ അഭിനയിക്കുന്നത് കണ്ട് എനിക്കത് കട്ട് പറയാൻ പറ്റാതെ വന്നിട്ടുണ്ട്. എനിക്ക് ലാലിന്റെ അഭിനയം കണ്ടപ്പോൾ കരച്ചിൽ വന്നു. അവസാനം ഞാൻ വിപിൻ മോഹന്റെ തോളത്ത് കൈവെച്ച് മാറി നിൽക്കുകയായിരുന്നു.
മാറിനിന്ന എന്റെയടുത്തേക്ക് മോഹൻലാൽ വന്നു. എന്റെ കണ്ണ് കണ്ട് ലാൽ ചോദിച്ചു, കരഞ്ഞോയെന്ന്. ഞാൻ പറഞ്ഞു, അതെ കരഞ്ഞുവെന്ന്. കാരണം പറയുമ്പോൾ വളരെ സിമ്പിൾ സാധനമാണ്. പക്ഷെ അത് ലാൽ അവതരിപ്പിക്കുന്നത് കണ്ടാൽ കരഞ്ഞുപോവും,’സത്യൻ അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikad About Mohanlal’s Performance In T.P.Balagopalan M.A Movie