| Monday, 18th December 2023, 7:24 pm

യാത്രക്കിടെ കാറില്‍ പ്ലേ ചെയ്താണ് മമ്മൂട്ടി വടക്കന്‍ വീരഗാഥയിലെ ഡയലോഗ് പഠിച്ചെടുത്തത്: സത്യന്‍ അന്തിക്കാട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വെറുതെയല്ല സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്നും, അത് സിനിമയോടുള്ള കടുത്ത അഭിനിവേശം കൊണ്ടാണെന്നും സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒപ്പം അദ്ദേഹം വടക്കന്‍വീരഗാഥ സിനിമയെ കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും പറയുന്നുണ്ട്.

വടക്കന്‍വീരഗാഥ സിനിമ ഷൂട്ട് ചെയ്യുന്നതിന് എത്രയോ മുമ്പ് തന്നെ മമ്മൂട്ടി കോഴിക്കോട് പോയി എം.ടിയെ കണ്ട് തന്റെ പോര്‍ഷന്‍ റെക്കോര്‍ഡ് ചെയ്യിച്ചുവെന്നും അത് ഓരോ യാത്രയിലും ഇട്ട് കേള്‍ക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ വെറുതെയല്ല ഇവിടെ ഇപ്പോഴും നില്‍ക്കുന്നത്. സിനിമയോടുള്ള കടുത്ത അഭിനിവേശം കൊണ്ടാണ് അത്. ചെയ്യുന്ന കര്‍മത്തോടുള്ള ആത്മാര്‍ത്ഥത കൊണ്ടുമാണ്.

പണ്ട് വടക്കന്‍ വീരഗാഥ സിനിമ തുടങ്ങുന്നതിന് മുമ്പ് രാത്രി എറണാകുളത്ത് നിന്ന് ഞാന്‍ തൃശൂരിലേക്ക് പോകാന്‍ വേണ്ടി ഒരു ടാക്‌സി വിളിക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ മമ്മൂട്ടി, താന്‍ അത് വഴിയാണ് പോകുന്നതെന്നും എനിക്ക് ലിഫ്റ്റ് തരാമെന്നും പറഞ്ഞു.

അന്ന് പുള്ളി എം.ടിയുടെ പുതിയ ഒരു സിനിമ ചെയ്യാന്‍ പോകുന്ന കാര്യം പറഞ്ഞു. കുറച്ച് ബുദ്ധിമുട്ട് ഉള്ള കഥാപാത്രം ആണെന്നും ചന്തുവിന്റെ കഥാപാത്രം ആണെന്നും പറഞ്ഞു.

മമ്മൂട്ടി നേരെ കോഴിക്കോട് പോയി എം.ടിയെ കണ്ട് ആളുടെ റോളിന്റെ പോര്‍ഷന്‍ റെക്കോര്‍ഡ് ചെയ്യിച്ചുവത്രേ. അത് ഓരോ യാത്രയില്‍ ഇട്ട് കേള്‍ക്കാറാണെന്ന് പറഞ്ഞു. ആ സമയത്ത് സിനിമ ഷൂട്ട് ചെയ്യുന്നതിനും എത്രയോ കാലം മുമ്പ് തന്നെ എം.ടിയുടെ ശബ്ദം കേട്ട് അതിന്റെ കൂടെ തന്റെ ഡയലോഗ് പറഞ്ഞ് പഠിക്കുന്ന മമ്മൂട്ടിയെ ഞാന്‍ പിന്നീട് കണ്ടിരുന്നു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

ഒപ്പം കുറേ കാലമായി പലരും തന്നോട് എന്തുകൊണ്ടാണ് സന്ദേശം സിനിമയുടെ അടുത്ത ഭാഗം ഉണ്ടാകാത്തത് എന്ന് ചോദിക്കാറുണ്ടെന്നും സിനിമയുടെ രണ്ടാം ഭാഗത്തിനായി താന്‍ പലപ്പോഴും ആലോചിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കുറേ കാലമായി പലരും എന്നോട് എന്തുകൊണ്ടാണ് സന്ദേശം സിനിമയുടെ അടുത്ത ഭാഗം ഉണ്ടാകാത്തത് എന്ന് ചോദിക്കാറുണ്ട്. സിനിമയുടെ രണ്ടാം ഭാഗത്തിനായി ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട്.

മുപ്പത്തിരണ്ട് കൊല്ലം മുമ്പാണ് ആ സിനിമ റിലീസ് ചെയ്തത്. എന്തുകൊണ്ട് ആ സിനിമയുടെ രണ്ടാം ഭാഗം ഇറക്കികൂടായെന്ന് ആലോചിക്കാവുന്നതാണ്. ഏതെങ്കിലും ഒരു സാമൂഹിക വിഷയങ്ങള്‍ കണ്ടെത്തി ശ്രീനിവാസനുമായി ചര്‍ച്ച ചെയ്തിട്ടാണ് ആ സിനിമയൊക്കെ സംഭവിച്ചിരുന്നത്,’ സത്യന്‍ അന്തിക്കാട് പറയുന്നു.

Content Highlight:  Sathyan Andikkad About Mammootty and Vadakkan Vergadha Movie

We use cookies to give you the best possible experience. Learn more