തിരുവനന്തപുരം: വിഴിഞ്ഞം സമരം സമവായത്തിലെത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി എര്‍ണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രം സത്യദീപം.
മത്സ്യതൊഴിലാളികള്‍ക്ക് ക്രൈസ്തവ സഭ പിന്തുണ കൊടുത്തപ്പോള്‍ കമ്യൂണിസ്റ്റുകാരാല്‍ സഭ ആക്രമിക്കപ്പെട്ടുവെന്നും, ഇതിന് മുമ്പ് തങ്ങള്‍ ഇത്തരത്തിലുള്ള ഒരു ഓഡിറ്റിന് വിധേയമാക്കപ്പെട്ടിട്ടില്ലെന്നും സത്യദീപത്തില്‍ പറയുന്നു.
ക്രൈസ്തവരെ തീവ്രവാദികളായി ചിത്രീകരിച്ചത് അലോസരപ്പെടുത്തുന്നതാണ്. സമൂഹ മാധ്യമങ്ങളിലൂടെ കാപ്‌സ്യൂളുകള്‍ ഉണ്ടാക്കിയാല്‍ ആരെയും തീവ്രവാദികളാക്കാം എന്ന സ്ഥിതിയാണ്. കോര്‍പ്പറേറ്റുകളെ ജനങ്ങളുടെ മുകളില്‍ പ്രതിഷ്ഠിച്ച് പിണറായി പോപ്പുലിസ്റ്റ് നേതാവാകാന്‍ ശ്രമിക്കുകയാണെന്നും സത്യദീപം കുറ്റപ്പെടുത്തുന്നു.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രൈസ്തവര്‍ തീവ്രവാദികളാണ് എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അഭിപ്രായപ്പെട്ടപ്പോള്‍ അത് സമൂഹത്തെ വല്ലാതെ ഞെട്ടിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തുവെന്നും സത്യദീപത്തില്‍ പറയുന്നു.
‘വലിയ കോര്‍പ്പറേറ്റുകളെയും പണം കൊയ്യാവുന്ന പ്രോജക്ടുകളെയും പൊതുജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ മുകളില്‍ പ്രതിഷ്ഠിച്ചു കൊണ്ട് ഭരിക്കുന്ന മുഖ്യമന്ത്രി സമര്‍ത്ഥനായ ഒരു പോപ്പുലിസ്റ്റ് നേതാവായി കഴിഞ്ഞിരിക്കുന്നു.
കേരളത്തിന്റെ പൊതുസമൂഹം വിഴിഞ്ഞം സമരത്തെ വലിയ തോതില്‍ ഏറ്റെടുത്തതില്‍ വിറളിപൂണ്ട കമ്മ്യൂണിസ്റ്റ് ഭരണകൂടം അതിനെ പൊളിക്കാന്‍ വര്‍ഗീയ ധ്രുവീകരണം അടക്കമുള്ള കുരുക്കുവിദ്യകള്‍ ഒരുക്കിയിരുന്നു. അതിന്റെ അവസാനമാണ് ക്രൈസ്തവര്‍ തീവ്രവാദികളാണ് എന്ന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്ത ആരോപണം ഉണ്ടായത്.
തങ്ങളുടെ തൊഴിലും തീരവും ജീവിതവും നഷ്ടമാകുന്നു എന്ന തിരിച്ചറിവിലും, ഭരണകൂടം വാഗ്ദാനം ചെയ്തിരിക്കുന്ന പുനരധിവാസ ഉറപ്പുകള്‍ പാലിക്കപ്പെടാന്‍ സാധ്യതയില്ല എന്ന് മനസിലാക്കിയും, അതിജീവന സമരം ആരംഭിച്ച കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഭരണകൂടം തീവ്രവാദിപട്ടം ചാര്‍ത്തിക്കൊടുത്തത് തങ്ങളുടെ ഉറ്റവരും ഉടയവരുമായ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് കത്തോലിക്കാ വൈദികര്‍ സ്വാഭാവിക പിന്തുണ നല്‍കിയതുകൊണ്ട് മാത്രമാണ്.
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംരക്ഷണത്തിന്റെ മൊത്തത്തിലുള്ള പ്രായോജകര്‍ എന്ന് സ്വയം അഭിമാനിക്കുന്ന കമ്മ്യൂണിസ്റ്റുകാരാണ് മത്സ്യത്തൊഴിലാളികളെയും ക്രൈസ്തവ വൈദികരെയും തീവ്രവാദികള്‍ എന്ന് വിളിച്ചത് എന്നത് അത്യന്തം അവിശ്വസനീയമാണ്,’ എന്നും സത്യദീപത്തില്‍ പറയുന്നു.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം അവസാനിപ്പിച്ചത് താത്കാലികമായാണെന്നും തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് പ്രതിഷേധം നിര്‍ത്തിയതെന്നും ലത്തീന്‍ അതിരൂപത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സര്‍ക്കാരുമായി അനുരഞ്ജനമുണ്ടാക്കി സമരം അവസാനിപ്പിച്ചതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഞായറാഴ്ച ലത്തീന്‍ അതിരൂപതയുടെ പള്ളികളില്‍ വായിക്കുന്ന ഇടയലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സമരം പരിഹാരം കാണാതെ തുടരുന്നതില്‍ പൊതുസമൂഹത്തിനുള്ള ആശങ്കയും ചര്‍ച്ചകള്‍ക്കായുള്ള സര്‍ക്കാരിന്റെ ക്ഷണവും സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചതായും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോ പുറത്തിറക്കിയ ഇടയലേഖനത്തിലുണ്ട്.
ഡിസംബര്‍ ആറിന് മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ 140 ദിവസമായി വിഴിഞ്ഞം പോര്‍ട്ടിന് മുന്നില്‍ നടന്നുവരുന്ന സമരം ഒത്തുതീര്‍പ്പായത്. പൂര്‍ണമായ തൃപ്തിയിലല്ല സമരം നിര്‍ത്തുന്നതെന്ന് അന്ന് തന്നെ ലത്തീന്‍ സഭ പറഞ്ഞിരുന്നു.
Content Highlight: Sathyadeepam Weekly Criticizing Kerala Government over Vizhinjam Protest