| Thursday, 23rd March 2023, 5:33 pm

വെറും 300 രൂപക്ക് പണയം വെക്കുന്ന നിലപാട് ഉത്തരവാദിത്തമില്ലാത്തത്; പ്രസ്താവന പിന്‍വലിക്കണം: സത്യദീപം

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ വിവാദ പരാമര്‍ശങ്ങളെ വിമര്‍ശിച്ച് സത്യദീപം പത്രം. വെറും 300 രൂപയ്ക്ക് പണയം വെക്കുന്ന നിലപാട് നിരുത്തരവാദിത്വപരമാണെന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ മുഖപത്രമായ സത്യദീപത്തില്‍ പറഞ്ഞു.

മെത്രാന്‍ സിനഡും കെ.സി.ബി.സിയും കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുന്നതാണ് പാംപ്ലാനിയുടെ പ്രസ്താവനയെന്നും സത്യദീപത്തിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധത അടിസ്ഥാനനയമായി സ്വീകരിച്ച ബി.ജെ.പിയെ രക്ഷകരായി കണക്കാക്കുന്നത് ഏത് സാഹചര്യത്തിലാണെന്നും അതില്‍ പറയുന്നു.

‘പരാജയപ്പെട്ട പ്രസ്താവന’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേവലം റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ മാത്രമായി ലളിതവത്കരിക്കാനാണ് ബിഷപ്പ് ശ്രമിച്ചതെന്നും എഡിറ്റോറിയലില്‍ പറഞ്ഞു.

‘കര്‍ഷകരുടെ പ്രശ്നങ്ങള്‍ പ്രദേശികമായി ഓരോ ഇടങ്ങളിലും വ്യത്യസ്തമാണ്. ബിഷപ്പിന്റെ പ്രസ്താവന വെറും രാഷ്ട്രീയ പ്രസ്താവന മാത്രമായി പോയി.

സ്റ്റാന്‍സ്വാമി അടക്കമുള്ള കാര്യങ്ങളെ ബിഷപ്പിനെ ഓര്‍മിപ്പിക്കുന്നില്ല. പതിനായിരക്കണക്കിന് ക്രൈസ്തവരെ തടവിലാക്കുകയും അവരെ കൊന്നൊടുക്കുകയും ചെയ്ത സംഭവങ്ങളെ എങ്ങനെ മറക്കാനാവും കര്‍ഷകരുടെ പ്രധാന പ്രശ്നങ്ങളെ മുഖവിലക്കെടുക്കാത്ത ഗവണ്‍മെന്റാണ് ഇന്ത്യ ഭരിക്കുന്നത്,’ സത്യദീപം പറയുന്നു.

ബി.ജെ.പിക്ക് എം.പിയെ നല്‍കിയാല്‍ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടുമെന്ന ചിന്ത ബാലിശമാണെന്നും സത്യദീപം പറഞ്ഞു.

പ്രസ്താവന പിന്‍വലിക്കാന്‍ ബിഷപ്പ് തയ്യാറാകണമെന്നും സത്യദീപത്തില്‍ പറയുന്നുണ്ട്.

ബഫര്‍ സോണ്‍, വന്യമൃഗശല്യം, താങ്ങുവില തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാരിന്റെ അവഗണന കര്‍ഷകര്‍ സഹിക്കുന്നുണ്ടെന്നും സത്യദീപം വിമര്‍ശിച്ചു.

കേന്ദ്ര സര്‍ക്കാര്‍ റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുമെന്ന ആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന വിവാദമായിരുന്നു. കേരളത്തില്‍ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ വിഷമം കുടിയേറ്റ ജനത പരിഹരിച്ച് തരുമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് തലശ്ശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയില്‍ അദ്ദേഹം പറഞ്ഞിരുന്നു. അതിലാണ് വിമര്‍ശനവുമായി സത്യദീപം പത്രം രംഗത്തെത്തിയിരിക്കുന്നത്.

content highlight: sathyadeepam against pamplani’S statement

We use cookies to give you the best possible experience. Learn more