| Sunday, 20th September 2020, 7:51 pm

വെറുപ്പ് വിളമ്പരുത്: ബിഷപ്പ് ജോസഫ് കരിയിലിന്റെയും ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിന്റെയും വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കത്തോലിക്കാസഭാ മുഖമാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: സമീപകാലത്ത് ഏറെ വിവാദമായ പ്രസ്താവനകള്‍ നടത്തിയ ബിഷപ്പ് ജോസഫ് കരിയിലിനും ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിനുമെതിരെ പരോക്ഷവിമര്‍ശനവുമായി കത്തോലിക്കാസഭ മുഖമാസികയായ സത്യദീപം. ‘യോഹന്നാനെ തടയാത്ത സഭ’എന്ന സത്യദീപത്തിന്റെ ഏറ്റവും പുതിയ എഡിറ്റോയിലിലാണ് ഇരുവര്‍ക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. വെറുപ്പു വളര്‍ത്തുന്ന വേദികളില്‍ അത് വിളമ്പാതിരിക്കാനുള്ള ഔചിത്യമെങ്കിലും സഭാനേതൃത്വത്തിനും അംഗങ്ങള്‍ക്കും ഉണ്ടാകണ്ടേതുണ്ടെന്ന രൂക്ഷവിമര്‍ശനമാണ് സത്യദീപം ഉന്നയിച്ചിരിക്കുന്നത്.

‘അപരവിദ്വേഷത്തിന്റെ അകമ്പടിയില്ലാതെ, ശരിയായ കാര്യങ്ങള്‍, പറയേണ്ട ഇടങ്ങളില്‍ കൃത്യമായി പറയാന്‍ നമുക്ക് കഴിയേണ്ടതല്ലേ? വെറുപ്പ് വളര്‍ത്തുന്ന വേദികളില്‍ അത് വിളമ്പാതിരിക്കാനുള്ള ഔചിത്യമെങ്കിലുമുണ്ടാകണം.’ എഡിറ്റോറിയലില്‍ പറയുന്നു.

കേരളത്തില്‍ ജിഹാദി തീവ്രവാദ ഗ്രൂപ്പുകളുമായി രാഷ്ട്രീയ പാര്‍ട്ടികളും ചിന്തകരും മാധ്യമങ്ങളും അന്തര്‍ധാരയിലാണെന്നായിരുന്നു ഫാ. സേവ്യര്‍ ഖാന്റെ വിവാദമായ പ്രസ്താവന. ഈ വാദം ആവര്‍ത്തിച്ച ബിഷപ്പ് ജോസഫ് കരിയല്‍ മു സ് ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമുയര്‍ത്തിയിരുന്നു. കൂടാതെ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മലബാര്‍ വിപ്ലവവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും കെ.സി.ബി.സി ജാഗ്രത കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജോസഫ് കരിയല്‍ തന്റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലേക്ക് മുസ്‌ലിം സമുദായത്തിന്റെ കുടിയേറ്റമുണ്ടായാല്‍ സംസ്ഥാനത്തെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നായിരുന്നു ഫാ. സേവ്യര്‍ ഖാന്റെ മറ്റൊരു വാദം. കേരളത്തില്‍ ക്രിസ്ത്യന്‍ വംശഹത്യ വ്യാപകമാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. തീവ്രസ്വഭാവമുള്ള ഒരു വിഭാഗം അതിതീവ്ര സ്വഭാവം കാണിച്ച് ക്രിസ്തീയ സമൂഹത്തെ ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനകള്‍ തിരുത്താന്‍ തയ്യാറാകണമെന്നാണ് പേര് പരാമര്‍ശിക്കാതെ സത്യദീപത്തിലെ ലേഖനം ആവശ്യപ്പെടുന്നത്.

തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന സമരിയാക്കാരുടെ മേല്‍ അഗ്നിവര്‍ഷമുണ്ടാകട്ടെ എന്ന് ആക്രോശിച്ച ക്രിസ്തുശിഷ്യനായ യോഹന്നാനെയും അതിനോട് യേശു പ്രതികരിച്ച രീതിയും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരം യോഹന്നാന്മാരെ സഭ തടയണമെന്നും സത്യദീപം ആവശ്യപ്പെടുന്നു. സ്വീകരിക്കാതിരുന്ന സമരിയാക്കാര്‍ക്കെതിരെ ആകാശങ്ങളിലെ അഗ്നിവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച ഒരു ക്രിസ്തുശിഷ്യനുണ്ട്, പേര് യോഹന്നാന്‍. അയാളെ ആ നിമിഷം ഭരിച്ച അരൂപിയെ ക്രിസ്തു തള്ളിപ്പറയുന്നുമുണ്ട് (ലൂക്കാ 9:54).സര്‍വ്വ സ്വീകാര്യതയുടെ സാഹോദര്യം സകലരോടും പ്രഘോഷിക്കുന്ന സ്‌നേഹത്തിന്റെ സുവിശേഷം തടസ്സപ്പെടാതിരിക്കട്ടെ. ക്രിസ്തു തടഞ്ഞ ‘യോഹന്നാനെ’ സഭയും തടയണം’

മതസ്പര്‍ധയെക്കുറിച്ചും വിദ്വേഷത്തെക്കുറിച്ചും അംബേദ്കര്‍ പറഞ്ഞ വാക്കുകളും സത്യദീപം എടുത്തുപറയുന്നുണ്ട്. വിശ്വമാനവീകതക്കായി നിലകൊളേളണ്ട സഭ തന്നെ അടച്ചുപ്പൂട്ട കണ്ടെയന്‍മെന്റ് സോണുകളായി സമുദായ താല്‍പര്യങ്ങളെ വളര്‍ത്തുന്നത് ധ്രൂവീകരണത്തിന്റെ സൂചനയാണെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. വചനപ്രഘോഷണവേദികള്‍ പോലും ഇതിന് വേദികളാകുന്നെന്നും ഇതില്‍ പറയുന്നുണ്ട്.

‘ഇന്ത്യയില്‍ മതങ്ങള്‍ പോലും ജാതികളായാണ് നിലനില്‍ക്കുന്നതെന്നാണ് അംബേദ്ക്കര്‍ വാദിച്ചത്. ‘ക്രൈസ്തവ-മുസ്ലിം-ജൂത മതങ്ങളില്‍ ജാതിയില്ല. എന്നാല്‍ ഇന്ത്യയില്‍ പരസ്പരം കൊട്ടിയടയ്ക്കപ്പെട്ട ജാതികളായാണ് ഈ മതങ്ങള്‍ നിലനില്‍ക്കുന്നത്.” ഇത്തരം ‘നിലനില്പുകള്‍’ വിശ്വമാനവീകതയുടെ നില തെറ്റിക്കുമെന്ന നിലപാടുകള്‍ ആവര്‍ത്തിക്കുന്നതിനു പകരം, ഉത്തരവാദിത്വപ്പെട്ട സഭാ നേതൃത്വം പോലും അടച്ചുപൂട്ടപ്പെട്ട ‘കണ്ടെയ്ന്‍മെന്റ് സോണു’കളായി സമുദായ താല്പര്യങ്ങളെ വളര്‍ത്തിവരുന്നത് പുതിയ ധ്രൂവീകരണ സൂചനയാണ്.

മുമ്പെന്നതിനേക്കാള്‍ അതിതീവ്രമായി സഭയെ സമുദായവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി തുടരുമ്പോള്‍, വചന പ്രഘോഷണ വേദികള്‍ പോലും അതിനുപകരണമാക്കുമ്പോള്‍, അരക്ഷിതബോധത്തിന്റെ അടിയന്തിരാവസ്ഥയെ അതിനാധാരമായി അവതരിപ്പിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ സംഗതി.’ സത്യദീപത്തില്‍ പറയുന്നു.

ബിഷപ്പ് ജോസഫ് കരിയിലിന്റെയും ഫാ.സേവ്യര്‍ ഖാന്‍ വട്ടായിലിന്റെയും പ്രസ്താവനകള്‍ വ്യാപകവിമര്‍ശനങ്ങള്‍ വഴിവെച്ചിരുന്നെങ്കിലും സഭയുടെ ഭാഗത്തുനിന്നും വിഷയത്തില്‍ യാതൊരു പ്രതികരണവും വന്നിരുന്നില്ല. സംഘപരിവാറിന്റെ അതേ വാദങ്ങള്‍ തന്നെ സഭാനേതൃത്വവും ആവര്‍ത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോള്‍ കത്തോലിക്കാസഭയുടെ മുഖമാസിക തന്നെ സഭാനേതൃത്വത്തിലുള്ളവര്‍ നടത്തിയ വിദ്വേഷ പ്രസ്തവാനകള്‍ക്കെതിരെ പരോക്ഷ നിലപാട് സ്വീകരിച്ചത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sathyadeepam against Bishop Joseph Kariyil and Fr. Xavier Khan Vattayil on their controversial remarks

Latest Stories

We use cookies to give you the best possible experience. Learn more