കൊച്ചി: മണിപ്പൂര്‍ കലാപത്തില്‍ സഭാ നേതൃത്വത്തെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എറണാകുളം-അതിരൂപതയുടെ മുഖപത്രമായ സത്യദീപം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘മണിപ്പൂരിന്റെ മുറിവുകള്‍’ എന്ന എഡിറ്റോറിയലിലാണ് മണിപ്പൂരിലെ കലാപങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ വന്നിരിക്കുന്നത്.
ബി.ജെ.പി അധികാരത്തില്‍ വന്നത് മുതല്‍ മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നല്കാനുള്ള സംഘടിത ശ്രമം നടക്കുകയാണെന്ന് സത്യദീപത്തില്‍ പറയുന്നു.
‘ഗോത്രവിഭാഗങ്ങളില്‍ ക്രൈസ്തവസമൂഹത്തിനാണ് ഭൂരിപക്ഷം, മെയ്തി വിഭാഗത്തില്‍ ഹൈന്ദവസമൂഹത്തിനും. കുറച്ചുനാളായി ഇവര്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുന്നതില്‍ സംഘപരിവാരത്തിന് കാര്യമായ പങ്കുണ്ടെന്നാണ് ഗോത്രവിഭാഗത്തിന്റെ ആരോപണം.
സംഘര്‍ഷം രൂക്ഷമായ മേഖലയില്‍ ഡസണ്‍കണക്കിന് ക്രൈസ്തവ ദേവാലയങ്ങളാണ് അഗ്‌നിക്കിരയായത്. ഏതാനും ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്. നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ഭരണഘടനാവകാശത്തര്‍ക്കം വളരെ വേഗം വര്‍ഗീയ സംഘര്‍ഷങ്ങളിലേക്കും, ആള്‍ക്കൂട്ട അക്രമങ്ങളിലേക്കും വഴുതി വീഴുകയായിരുന്നു.
2017-ല്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം മെയ്തി സമൂഹത്തിന് ഹൈന്ദവ വ്യക്തിത്വം നല്കാനുള്ള സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇതും സംഘര്‍ഷ സാധ്യത വളര്‍ത്തുകയാണ്,’ സത്യദീപത്തില്‍ പറയുന്നു.
കേരളസ്റ്റോറിയെക്കുറിച്ച് കര്‍ണാടക തെരഞ്ഞെടുപ്പില്‍ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നതെന്ത് കൊണ്ടാണെന്നും അതില്‍ ചോദിക്കുന്നുണ്ട്.
‘ആദിവാസി ഗോത്രവിഭാഗങ്ങള്‍ തങ്ങളുടെ സാംസ്‌കാരിക തനിമയെ അടയാളപ്പെടുത്തി, സ്വത്വബോധത്തോടെ സ്വതന്ത്രമായി കഴിയാനുള്ള ഭരണഘടനാപരമായ അവകാശം നിരുപാധികം നിലനില്‍ക്കുന്ന ഇടമായി മണിപ്പൂര്‍ തുടരേണ്ടതുണ്ട്.
ഈ അവകാശപ്പോരാട്ടത്തെ വര്‍ഗീയവല്‍ക്കരിച്ച് നേട്ടം കൊയ്യാനുള്ള ഹിന്ദുത്വ അജണ്ടയെ പിന്തുണയ്ക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും അതിന്റെ സംവിധാനവും അടിയന്തരമായി പിന്‍മാറണം. മേഖലയില്‍ സമാധാനത്തിനും സമവായത്തിനും അത് അനിവാര്യമാണ്.
‘കേരളാ സ്റ്റോറി’യെക്കുറിച്ച് കര്‍ണ്ണാടക ഇലക്ഷന്‍ പര്യടനവേളയില്‍ വാചാലനായ പ്രധാനമന്ത്രി മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടാതിരുന്നത് എന്തുകൊണ്ടാണ്?
ഒരു കൂട്ടര്‍ക്ക് നല്‍കപ്പെടുന്ന ആനുകൂല്യങ്ങള്‍ മറ്റൊരു കൂട്ടരുടെ അവകാശനിഷേധത്തിന് നിമിത്തമാകാന്‍ പാടില്ല. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയാകയാല്‍ പ്രശ്നപരിഹാര ശ്രമങ്ങള്‍ നീതിപൂര്‍വകവും നൈയാമികവുമാകണം,’ സത്യദീപത്തില്‍ പരാമര്‍ശിക്കുന്നു.
സഭാനേതൃത്വത്തിന്റെ മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതികരണം വൈകിയെന്നും ഇതില്‍ വിമര്‍ശിക്കുന്നു. രാജ്യത്തെങ്ങും ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന നിലപാട് സഭാനേതൃത്വത്തിന് ഇപ്പോഴുമുണ്ടോയെന്നും സത്യദീപം ചോദിക്കുന്നു.
‘സഭാനേതൃത്വത്തിന്റെ മണിപ്പൂര്‍ വിഷയത്തിലുള്ള പ്രതികരണം വൈകിയെന്നു മാത്രമല്ല; വേണ്ടത്ര ശക്തവും സംഘാതവുമായില്ല എന്ന വിമര്‍ശനവുമുണ്ട്. ഒറ്റപ്പെട്ട ചില ഔദ്യോഗിക പ്രതികരണങ്ങളില്‍പ്പോലും പ്രശ്നം ക്രമസമാധാന തകര്‍ച്ചയുടെതാണെന്ന ലളിതവല്‍ക്കണവും കണ്ടു.
സംഘപരിവാരത്തിന്റെ ആസൂത്രണമികവില്‍ ബി.ജെ.പി സര്‍ക്കാര്‍ നേതൃത്വവും പിന്തുണയും നല്കി വംശഹത്യയോളം വഷളാക്കിയതാണ് മണിപ്പൂര്‍ സംഘര്‍ഷമെന്ന് തുറന്നുപറയാന്‍ നേതൃത്വത്തിന് ഇപ്പോഴും മടിയാണ്. രാജ്യത്തെങ്ങും ക്രൈസ്തവര്‍ സുരക്ഷിതരാണ് എന്ന നിലപാട് സഭാനേതൃത്വത്തിന് ഇപ്പോഴുമുണ്ടോ എന്നറിയില്ല. പ്രധാനമന്ത്രിയുമായി സഭാമേലധ്യക്ഷന്മാര്‍ കൊച്ചിയില്‍ നടത്തിയ ചര്‍ച്ചകള്‍ വിജയകരമെന്ന് അവകാശപ്പെട്ടവര്‍ ഇതിന് മറുപടി പറയാന്‍ ബാധ്യസ്ഥരാണ്,’ എഡിറ്റോറിയലില്‍ പറയുന്നു.
content highlight: sathyadeepam about manipur conflict