സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബി.ജെ.പി; കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
Kerala
സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബി.ജെ.പി; കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2024, 2:01 pm

തിരുവനന്തപുരം: ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ച് പ്രസ്താവന നടത്തിയ സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബി.ജെ.പി.

മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന പോസ്റ്റാണ് വിവാദത്തിന് പിന്നാലെ ബി.ജെ.പി മുക്കിയത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.

2019 ജൂലൈ ആറിന് ബി.ജെ.പി കേരളം അവരുടെ ഔദ്യോഗിക പേജില്‍ പങ്കുവെച്ച കുറിപ്പില്‍ കലാമണ്ഡലം സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോയും പോസ്റ്റും ഉണ്ടായിരുന്നു. സത്യഭാമയുടെ വിവാദം വന്നതിന് പിന്നാലെ ബി.ജെ.പി പോസ്റ്റ് മുക്കിയെങ്കിലും അതിന് മുന്‍പേ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് പ്രചരിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആകെ സത്യഭാമ ബി.ജെ.പി അംഗത്വം സ്വീകരിക്കുന്ന ഫോട്ടോ വൈറലായതിന് പിന്നാലെയായിരുന്നു പോസ്റ്റുമുക്കല്‍.

ഫോട്ടോഷോപ്പാണെന്ന ന്യായീകരണമൊക്കെ അണികള്‍ തുടക്കത്തില്‍ നടത്തിയെങ്കിലും വീഡിയോ സഹിതം പുറത്തുവന്നതോടെ ബി.ജെ.പി വെട്ടിലായി. ഇ. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.ടി രമേഷ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് സത്യഭാമ ബി.ജെ.പി അംഗത്വം എടുത്തത്. മാത്രമല്ല ബി.ജെ.പിയുടെ ശബരിമല നിരാഹാര സമരപ്പന്തലിലും സത്യഭാമ സജീവമായി ഉണ്ടായിരുന്നു. ഇതിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തെ സുരേഷ് ഗോപിയുള്‍പ്പെടെയുള്ള ബി.ജെ.പിയുടെ പ്രമുഖര്‍ തള്ളിയിരുന്നില്ല. അതേസമയം സത്യഭാഭയെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനും ബി.ജെ.പി നേതാവ് കൃഷ്ണദാസും രംഗത്തെത്തിയിരുന്നു.

സത്യഭാമയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിറയെ ബി.ജെ.പി അനുകൂല പോസ്റ്റുകളാണ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് സത്യഭാമ ഫേസ്ബുക്കില്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് വാരികയായ കേസരിയിലെ സ്ഥിരം എഴുത്തുകാരി കൂടിയാണ് സത്യഭാമ.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്, ചാലക്കുടി ഭാഗത്തുള്ള ഒരാളുണ്ട്. ഇയാള്‍ക്ക് കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ല. പുരുഷന്‍മാരില്‍ സൗന്ദര്യമുള്ളവരുണ്ട്. അവര്‍ കളിക്കട്ടെ എന്നെല്ലാമായിരുന്നു സത്യഭാമയുടെ വാക്കുകള്‍.

സംഭവം വിവാദമായതിന് പിന്നാലെ സത്യഭാമയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. അധിക്ഷേപ പരാമര്‍ശനത്തിന് പ്രകടനമാണ് മറുപടിയെന്നും കല ആരുടേയും കുത്തകയല്ലെന്നും ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു.

പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി കേരള കലാമണ്ഡലം തന്നെ രംഗത്തെത്തിയിരുന്നു. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കമുണ്ടാക്കുന്നതാണെന്നും പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവുമില്ലെന്നും കലാമണ്ഡലം വ്യക്തമാക്കിയിരുന്നു.

Content Highlight: Sathyabhamas Bjp Membership controversy