സത്യഭാമയെ തള്ളാതെ സുരേഷ് ഗോപി; വെളുപ്പിക്കാന്‍ മാധ്യമങ്ങള്‍; രാമകൃഷ്ണനെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ച് സ്പീക്കറില്‍ ഇടീച്ച് മാധ്യമപ്രവര്‍ത്തകര്‍
Kerala
സത്യഭാമയെ തള്ളാതെ സുരേഷ് ഗോപി; വെളുപ്പിക്കാന്‍ മാധ്യമങ്ങള്‍; രാമകൃഷ്ണനെ കൊണ്ട് സുരേഷ് ഗോപിയെ വിളിപ്പിച്ച് സ്പീക്കറില്‍ ഇടീച്ച് മാധ്യമപ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd March 2024, 12:47 pm

തൃശൂര്‍: നൃത്താധ്യാപകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ സത്യഭാമയെ തള്ളാതെ സുരേഷ് ഗോപി. ഈ വിവാദത്തില്‍ കക്ഷി ചേരാന്‍ ഇല്ലെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

വിഷയത്തില്‍ സുരേഷ് ഗോപിയെ വെളുപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളായിരുന്നു ചില മാധ്യങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. മൂന്ന് പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലെ തൃശൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടര്‍മാര്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ പ്രതികരണം എടുക്കാന്‍ ചെന്നിരുന്നു. അക്കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ തന്റെ ഫോണില്‍ നിന്ന് സുരേഷ് ഗോപിയെ വിളിച്ച് ആര്‍.എല്‍.വി രാമകൃഷ്ണന് ഫോണ്‍ നല്‍കുകയായിരുന്നു. അതിന് ശേഷം ഫോണ്‍ സ്പീക്കറിലിടാനും രാമകൃഷ്ണനോട് പറഞ്ഞു.

തന്റെ കുടുംബക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന് ഒറ്റയ്ക്ക് വന്ന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ തയ്യാറാണോയെന്ന് ഫോണില്‍ സുരേഷ് ഗോപി രാമകൃഷ്ണനോട് ചോദിച്ചു. രാമകൃഷ്ണന്‍ ഇതിന് സമ്മതം അറിയിക്കുകയും ചെയ്തു.

തന്റെ നവോത്ഥാന പ്രവര്‍ത്തനം ഇങ്ങനെയാണെന്നും അല്ലാതെ സാമൂഹിക വിമര്‍ശനത്തിന് വേണ്ടി ജീവിക്കുന്ന ആളുകളുടെ കൂടെ അണിനിരക്കാന്‍ പറ്റില്ലെന്നും അവരൊക്കെ എപ്പോള്‍ തിരിഞ്ഞു കുത്തുമെന്ന് പറയാന്‍ പറ്റില്ലെന്നുമായിരുന്നു സുരേഷ് ഗോപി ആര്‍.എല്‍.വി രാമകൃഷ്ണനോട് ഫോണില്‍ പറഞ്ഞത്.

പ്രതിഫലം നല്‍കിയാണ് രാമകൃഷ്ണന് വേദി നല്‍കുന്നതെന്നും വിവാദത്തില്‍ കക്ഷി ചേരുന്നില്ലെന്നും പറഞ്ഞ സുരേഷ് ഗോപി ഒരു വാക്ക് കൊണ്ടുപോലും സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തെ തള്ളാന്‍ തയ്യാറായില്ല.

വിവാദങ്ങള്‍ സംസ്ഥാന സര്‍ക്കാരിനെതിരായ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സുരേഷ് ഗോപി പറഞ്ഞു.

നേരത്തെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസില്‍ സുരേഷ് ഗോപിക്ക് പിന്തുണ നല്‍കിയ വ്യക്തികൂടിയാണ് സത്യഭാമ. മാത്രമല്ല ആര്‍.എസ്.എസ് സഹയാത്രികയായ അവര്‍ കേസരി വാരികയില്‍ ലേഖനം എഴുതുന്നുണ്ട്. സത്യഭാമയുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയെ പുകഴ്ത്തുന്ന പോസ്റ്റുകളും ഉണ്ട്.

സത്യഭാമയ്ക്ക് ആര്‍.എസ്.എസുമായുള്ള ബന്ധവും സുരേഷ് ഗോപിയുമായുള്ള ബന്ധവും വാര്‍ത്തയായതിന് പിന്നാലെയായിരുന്നു സുരേഷ് ഗോപിയെ വെള്ളപൂശാനുള്ള ചില മാധ്യമങ്ങളുടെ ശ്രമം. തുടര്‍ന്നായിരുന്നു രാമകൃഷ്ണനെ കൊണ്ട് സ്വന്തം ഫോണില്‍ നിന്ന് ഒരു റിപ്പോര്‍ട്ടര്‍ സുരേഷ് ഗോപിയെ വിളിച്ചതും ഫോണ്‍ രാമകൃഷ്ണന് കൈമാറിയതും. സുരേഷ് ഗോപി പറയുന്നത്രയും സ്പീക്കറില്‍ ഇടീച്ച് അത് ഷൂട്ട് ചെയ്ത് ഇവര്‍ ചാനലില്‍ വാര്‍ത്ത നല്‍കുകയും ചെയ്തു.

മാധ്യമങ്ങളുടെ ഈ നടപടിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ത്യശൂര്‍ മണ്ഡലത്തില്‍ മുന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ സുരേഷ് ഗോപിയെ മാത്രം ഫോണില്‍ വിളിച്ച് നല്‍കുന്ന റിപ്പോര്‍ട്ടറുടെ ആത്മാര്‍ത്ഥതയ്ക്ക് മുന്നില്‍ സുരേഷ് ഗോപി പോലും കൈകൂപ്പി പോയിട്ടുണ്ടാകണമെന്നും സുരേഷ് ഗോപിയുടെ പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്ന ഒന്നാം തരം സംഘിണി ആയ സത്യഭാമ ഉണ്ടാക്കിയ നാണക്കേടിന് മാപ്രകളൂടെ വക കൈസഹായമെന്നുമാണ് ചിലരുടെ വിമര്‍ശനം.

അതേസമയം സത്യഭാമയെ തള്ളിപ്പറയാന്‍ തയ്യറാകാത്ത സുരേഷ് ഗോപിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുമുണ്ട്.

നൂറ്റാണ്ടുകളായി ജാതിയുടെയും നിറത്തിന്റെയും പേരില്‍ അവഹേളിക്കപ്പെട്ട ഒരു ജനതയുടെ പ്രതിനിധി കൂടിയായ ആര്‍.എല്‍.വി രാമകൃഷ്ണനു നേരെ കലാമണ്ഡലം സത്യഭാമയെന്ന വര്‍ണവെറിയും ജാതി വെറിയും മൂത്ത ഒരു നൃത്താധ്യാപിക നടത്തിയ കേട്ടാലറയ്ക്കുന്ന പ്രയോഗങ്ങളെ ഒരു വാക്കു കൊണ്ടു പോലും വിമര്‍ശിക്കാതെ (അങ്ങയുടെ ഭാഷയില്‍ കക്ഷി ചേരാതെ ) നിഷ്പക്ഷ നിരീക്ഷകനാകാന്‍ താങ്കളെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തിയത്.

മാനവികതയുടെ ചെറുകണികയെങ്കിലും ഹൃദയത്തില്‍ അവശേഷിച്ച മുഴുവന്‍ മനുഷ്യരും കക്ഷിരാഷ്ട്രീയ ജാതി മത ഭേദമന്യേ സത്യഭാമയ്‌ക്കെതിരെ രാമകൃഷ്ണന്റെ പക്ഷം ചേര്‍ന്നപ്പോള്‍ അതില്‍ കക്ഷി ചേരാതെ നിരീക്ഷകനാകാന്‍ ഒരു കലാകാരന്‍ കൂടിയായ താങ്കള്‍ക്കു കഴിഞ്ഞതെങ്ങനെയാണെന്നും ഇവര്‍ ചോദിക്കുന്നു.

നര്‍ത്തകനും നടനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഇയാള്‍ക്ക് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ സത്യഭാമ പറഞ്ഞത്. ആര്‍.എല്‍.വി രാമകൃഷ്ണന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും ഇയാള്‍ ചാലക്കുടിക്കാരന്‍ നര്‍ത്തകനാണെന്നും സംഗീത നാടക അക്കാദമിയുമായി ഇയാള്‍ക്ക് പ്രശ്‌നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

വിഷയം വലിയ വിവാദമായപ്പോഴും രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമ ഉറച്ചുനില്‍ക്കുകയാണ്. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷന്‍മാര്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവര്‍ നൃത്തം പഠിക്കുന്നുണ്ടെങ്കില്‍ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവര്‍ മത്സരത്തിന് വരരുത്. മത്സരങ്ങളില്‍ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോള്‍ പലരും മത്സരങ്ങള്‍ക്ക് വരുന്നത്. കുട്ടികളെ തിരിച്ചറിയുക പോലും സാധ്യമല്ല. അങ്ങനെ പലരും രക്ഷപ്പെട്ടുപോകുന്നുണ്ട് എന്നായിരുന്നു സത്യഭാമ പറഞ്ഞത്.

Content highlight: Sathyabhama RLV Ramakrishnan Issue and Media Support of Suresh Gopi