തിരുവനന്തപുരം: വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സത്യഭാമ. താന്‍ ആരേയും പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിട്ടില്ലെന്നും പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്നും സത്യഭാമ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആര് എന്ത് പറഞ്ഞാലും തനിക്ക് ഒരു വിരോധവും ഇല്ല. വൃത്തികേടാണോ താന്‍ പറഞ്ഞതെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ എന്നുമായിരുന്നു സത്യഭാമ പറഞ്ഞത്.
പട്ടിയുടെ വാലിലും ഇപ്പോള്‍ ഭരതനാട്യമാണെന്നും എല്ലാവരും ജീവിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ കാണിക്കുകയാണെന്നും ഒരു ഗതിയും പരഗതിയുമില്ലെന്നും സത്യഭാമ പറഞ്ഞു.
ഞാന്‍ ആരേയും തേജോവധം ചെയ്തിട്ടില്ല. എന്റെ ഈ 66ാം വയസില്‍ എന്റെ അഭിപ്രായം പറയാന്‍ അവകാശമില്ലേ. മര്യാദയും മാനദണ്ഡവുമൊന്നും നോക്കിയിട്ടല്ല പറഞ്ഞത്. ഞാന്‍ എന്റെ സ്വന്തം അഭിപ്രായമാണ് സംസാരിച്ചത്. അതിന് ഇപ്പോള്‍ എന്താണ്.
ഒരു കവലയില്‍ നിന്ന് സംസാരിച്ചാലും ഞാന്‍ ഒരു വ്യക്തിയുടെ പേര് പറഞ്ഞാലല്ലേ പ്രശ്‌നമുള്ളൂ. മതത്തിന്റെ പേര് പറഞ്ഞാലേ പ്രശ്‌നമുള്ളൂ. കറുപ്പ്- വെളുപ്പ്, സങ്കടം സന്തോഷം, രാവ് പകല്‍ ഈ വാക്കുകളൊക്കെ പിന്നെ എന്തിനാണ്.
എനിക്കെതിരെ ഒരു പൊതുവികാരം ഉയര്‍ന്നിട്ടും കാര്യമില്ല. ഞാനെന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. ആര് എന്ത് പറഞ്ഞാലും എനിക്ക് ഒരു വിരോധവും ഇല്ല. വൃത്തികേടാണോ ഞാന്‍ പറഞ്ഞതെന്ന് നിങ്ങള്‍ തീരുമാനിച്ചോളൂ. എന്നെ ചോദ്യം ചെയ്യാനാണോ നിങ്ങള്‍ വന്നത്.
നിറങ്ങള്‍ തമ്മില്‍ വ്യത്യാസം ഉണ്ട്. കറുപ്പും വെളുപ്പും പിന്നെ എന്തിനാണ്. നിങ്ങളുടെ ആരുടേയും സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട. എത്രയോ സ്ഥലത്ത് മത്സരത്തിന് ജഡ്ജ് ആയി പോയിട്ടുണ്ട്. നിങ്ങള്‍ നല്ല കറുത്ത ഒരു കുട്ടിയെ കൊണ്ടുവാ.. ഇപ്പോഴത്തെ കുറേ പയ്യന്‍മാര്‍ മേക്കപ്പിനുണ്ട്. അവര്‍ പണ്ടത്തെ മേക്കപ്പ് ആര്‍ടിസ്റ്റുമാരെ പോലെയല്ല. ചില പയ്യന്‍മാര്‍ ചെയ്യുന്നത് കണ്ടാല്‍ കുട്ടികളെപ്പോലും തിരിച്ചറിയില്ല. ആ തരത്തില്‍ മേക്കപ്പ് ചെയ്യുന്ന പയ്യന്‍മാരുണ്ട്. അങ്ങനെ രക്ഷപ്പെടുന്ന കുറേപ്പേരുണ്ട്. അറിയുക പോലുമില്ല ആ കുട്ടിക്ക് ഇങ്ങനെ ഒരു നിറമാണെന്ന്. അവര്‍ ചിലപ്പോള്‍ കളിക്കുകയും ചെയ്യും.
നിങ്ങള്‍ ആര്‍.എല്‍.വി രാമകൃഷ്ണന്റെ പേര് പറഞ്ഞില്ലെന്ന് പറയുന്നു, പിന്നെ അദ്ദേഹത്തിന് എന്താണ് പൊള്ളാന്‍ കാരണം, നിങ്ങള്‍ തമ്മില്‍ വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ചോദ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്നായിരുന്നു രാമകൃഷ്ണന്റെ മറുപടി. രാമകൃഷ്ണനെതിരെ ആണ് പറഞ്ഞത് എന്ന് നിങ്ങള്‍ തീരുമാനിക്കുകയല്ലേ എന്നായിരുന്നു സത്യഭാമയുടെ മറുപടി.
പിന്നെ ആരെ ഉദ്ദേശിച്ചാണ് താങ്കള്‍ പറഞ്ഞത് എന്ന ചോദ്യത്തിന് അയാള്‍ ഇവിടെയില്ലെന്നും പോയിരിക്കുകയാണെന്നുമായിരുന്നു സത്യഭാമയുടെ മറുപടി.
നമ്മള്‍ അങ്ങനെ എന്തെല്ലാം പറയും. ഒരാളുടെ പേര് പറയുന്നതിലല്ലേ കുഴപ്പമുള്ളൂ. നിങ്ങള്‍ പറയുന്ന ആ വ്യക്തി ഇപ്പോള്‍ കേസിന് പോകുമെന്ന് പറയുന്നു. കേസിന് പോകട്ടെ.
കറുത്ത ഒരു കുട്ടിക്ക് മോഹിനിയാട്ടം പഠിക്കാനോ ഡാന്‍സ് കളിക്കാനോ മത്സരത്തില്‍ പങ്കെടുക്കാനും അവകാശം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് മേക്കപ്പ് ചെയ്ത് വൃത്തിയാക്കുന്ന കുറേ പയ്യന്‍മാര്‍ ഇറങ്ങിയിട്ടുണ്ടല്ലോ ആ കുട്ടി നല്ലപോലെ കളിക്കുന്ന കുട്ടിയാണെങ്കില്‍ ചിലപ്പോള്‍ കിട്ടുമായിരിക്കും എന്നാണ് സത്യഭാമ നല്‍കിയ മറുപടി.
യോഗ്യതയെ കുറിച്ചാണ് ചോദ്യമെന്ന് ആവര്‍ത്തിച്ചപ്പോള്‍ പഠിക്കുന്നതുകൊണ്ടോ കളിക്കുന്നതുകൊണ്ടോ കുഴപ്പമില്ല. പക്ഷേ കുട്ടി കളിക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് സൗന്ദര്യത്തിന് ഒരു കോളമുണ്ട്, ഇന്നയാളെ മേക്കപ്പിന് വിളിച്ചോ എന്ന്. അവര്‍ക്ക് പൈസ കൂടുതലാണ്.
സാധാരണക്കാരെ വിളിക്കുമ്പോള്‍ ഇത്തിരി സൗന്ദര്യം ഉള്ള കുട്ടിയാണെങ്കില്‍ അതിന്റെ രീതിയില്‍ മേക്കപ്പ് ചെയ്യുന്നവരുമുണ്ട്. പഠിക്കുന്നതുകൊണ്ട് എന്ത് കുഴപ്പം,
കറുത്ത കുട്ടികള്‍ പരിശീലനത്തിന് വരുമ്പോള്‍ അവരുടെ കാശ് വാങ്ങി പരിശീലിപ്പിക്കുന്നതിന് കുഴപ്പമില്ല അവര്‍ തട്ടില്‍ കയറുന്നതിനാണോ കുഴപ്പമെന്ന ചോദ്യത്തിന് കാശ് വാങ്ങിച്ചിട്ട് കാര്യം പറയുമെന്നും ഗുരു എന്ന നിലയില്‍ നമ്മള്‍ പറഞ്ഞുകൊടുക്കണമെന്നും ഇല്ലെങ്കില്‍ കുട്ടികള്‍ ഒരുപാട് പ്രതീക്ഷിക്കുമെന്നുമായിരുന്നു സത്യഭാമയുടെ മറുപടി.
വെളുപ്പും കറുപ്പും നോക്കിയാണോ മാര്‍ക്കിടുന്നത് എന്ന ചോദ്യത്തിന് സൗന്ദര്യത്തിന് ഒരു കോളമുണ്ടെന്നായിരുന്നു മറുപടി.
സൗന്ദര്യം എന്നാല്‍ കറുപ്പും വെളുപ്പും വേര്‍തിരിക്കണമെന്നാണോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെ അല്ലാതെ പിന്നെ എങ്ങനെയാണെന്നായിരുന്നു സത്യഭാമയുടെ മറുചോദ്യം.
നെല്‍സണ്‍ മണ്ടേല സുന്ദരനാണോ വിരൂപിയാണോ എന്ന ചോദ്യത്തിന് അത് ഞാന്‍ ഈ റിപ്പോര്‍ട്ടറെ പിന്നീട് വിളിച്ച് അറിയിക്കാമെന്നായിരുന്നു സത്യഭാമയുടെ മറുപടി.
നിങ്ങളുടെ വല്ലവരുടേയും ചിലവ് എനിക്കുണ്ടോ, നിങ്ങള്‍ എന്ത് കണ്ടിട്ടാണ് എന്നോട് ഈ വിധം സംസാരിക്കുന്നത്. മര്യാദയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കുക. ഞാന്‍ ഒരു വ്യക്തിയുടെ പേരോ മതത്തിന്റെയോ ജാതിയുടേയോ പേര് പറഞ്ഞിട്ടില്ല. നിങ്ങള്‍ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്നൊക്കെ പറയാന്‍ നിങ്ങള്‍ ആരാണ്.
നാട്യശാസ്ത്രത്തില്‍ കറുപ്പും വെളുപ്പും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് ഞാന്‍ ബുക്ക് തരാം നിങ്ങള്‍ പഠിച്ചിട്ട് വരൂ എന്നായിരുന്നു ഇവരുടെ മറുപടി.
പട്ടിയുടെ വാലിലും ഇപ്പോള്‍ ഭരതനാട്യമാണ്. ഇപ്പോഴത്തെ നിലയില്‍ എല്ലാവരും ജീവിക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ കാണിക്കുകയാണ്. ഒരു ഗതിയും പരഗതിയുമില്ല. ഞാന്‍ പഠിക്കുന്ന കാലത്ത് 4 കൊല്ലം കൊണ്ട് ആകെ 22 പിള്ളേരാണ് പഠിച്ചിറങ്ങുന്നത്. ഇന്ന് 250 പിള്ളേരാണ് ഒരോ വര്‍ഷവും എല്ലാ മേഖലയില്‍ നിന്നും പഠിച്ചിറങ്ങുന്നത്. ഇവിടെ ആര്‍ക്കെങ്കിലും ജോലി സാധ്യതയുണ്ടോ. ജഡ്ജായിട്ട് ജുബ്ബയിട്ട് മൂന്ന് പയ്യന്‍മാരെ കൊണ്ടിരുത്തും. യൂണിവേഴ്‌സിറ്റി മത്സരത്തിന് ഇപ്പോള്‍ എന്തുപറ്റി.
അവസരങ്ങള്‍ കുറയുന്നതാണോ മാഡത്തിന്റെ പ്രശ്‌നം എന്ന ചോദ്യത്തിന് 66 വയസായിട്ടും അവസരങ്ങള്‍ കുറവാണെന്നും എന്താണ് സംശയമെന്നും അവര്‍ ചോദിച്ചു.
ഇതുവരെ നിങ്ങള്‍ എന്നെ കണ്ടിട്ടുണ്ടോ. ഈ നില്‍ക്കുന്ന ഏതെങ്കിലും ചാനലോ ആരെങ്കിലും എന്നെ അറിയാമോ, എന്തുകൊണ്ട് അറിയില്ല? നിങ്ങളൊക്കെ അന്വേഷിക്കണമായിരുന്നു.
നിങ്ങള്‍ക്ക് തന്നെ അറിയാം, ഒരു അവാര്‍ഡ് കിട്ടണമെങ്കിലോ പാരിതോഷികം കിട്ടണമെങ്കിലോ അതിന് പിടിയും വലിയുമാണെന്ന്. അങ്ങനെ ആരുടേയും മൂടുതാങ്ങി സമ്മാനം മേടിക്കാനോ അവാര്‍ഡ് മേടിക്കാനോ പോകാത്ത ആളാണ് ഞാന്‍. മനസിലായോ.
ഞാന്‍ കലാമണ്ഡലത്തിലെ ജൂറിയില്‍ ഇരുന്നിട്ടുണ്ട്. വൈലോപ്പള്ളിയില്‍ ഇരുന്നിട്ടുണ്ട്. മത്സരത്തിന് പോകുമ്പോള്‍ ഒരു ലിസ്റ്റ് ആദ്യമേ തരും. ഇന്നവര്‍ക്ക് ഇന്നവര്‍ക്ക് കൊടുക്ക് എന്ന് പറയും. അവിടെ യഥാര്‍ത്ഥ കുട്ടിക്ക് കിട്ടുന്നുണ്ടോ. ഇത് കാണുമ്പോള്‍ എനിക്ക് പൊള്ളും. നമ്മള്‍ ഉള്ളകാര്യം സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കൊക്കെ എന്താണ് ഇത്ര പ്രശ്‌നം.
വെറുപ്പ് തന്നെയാണ്. എല്ലാം കിട്ടുന്നത് പരിചയക്കാര്‍ക്കാണ്, പാര്‍ട്ടി ലെവലിലാണ്. എനിക്ക് ഒരു അസ്വസ്ഥതയും ഇല്ല. തൃശൂരില്‍ നിന്ന് ഇവിടെ വന്നിട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ 10ാം ക്ലാസിന് ശേഷം കലാമണ്ഡലത്തില്‍ പോയതാണ്. അതിന് ശേഷം ഈ കണ്ണായ സ്ഥലത്ത് മൂന്ന് നില കെട്ടിടം വെച്ചത് ഞാന്‍ ഡാന്‍സ് പഠിപ്പിച്ച് ഉണ്ടാക്കിയത്. ഒരു അസ്വസ്ഥതയും എനിക്കില്ല.
കറുത്ത കുട്ടിയായാലും വെളുത്ത കുട്ടിയായാലും എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. നിങ്ങളാണ് ഞാന്‍ ഇന്നയാളെ കുറിച്ച് പറഞ്ഞു എന്ന് പറഞ്ഞ് പ്രചരിപ്പിച്ചത്. ഏത് കേസിനേയും ഞാന്‍ ഫേസ് ചെയ്‌തോളാം. എനിക്ക് പിന്തുണ തന്ന് നിരവധി പേര്‍ വിളിച്ചിട്ടുണ്ട്, സത്യഭാമ പറഞ്ഞു.
Content Highlight: Sathyabhama about her statement on black colour and bharathanatyam performers