കൊച്ചി: മണിപ്പൂര്‍ വംശഹത്യയെ വലിയ മുന്നറിയിപ്പായി സഭാ നേതൃത്വം തിരിച്ചറിയണമെന്ന് സിറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം സത്യദീപം. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ത്ത് ഹൈന്ദവികതയുടെ ഏകമുഖമാനം നല്‍കാനാണ് ഏക സിവില്‍ കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ തിരിച്ചറിയണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടി.
മണിപ്പൂര്‍ കലാപം തുടങ്ങി രണ്ട് മാസമായിട്ടും തടയാന്‍ ബി.ജെ.പി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ല. ഇത് കലാപം മനഃപൂര്‍വമാണെന്ന സംശയം ബലപ്പെടുത്തുന്നുവെന്നും സത്യദീപം ജൂലൈ 12ാം ലക്കത്തിലെ മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രധാനമന്ത്രിയുടെ മൗനത്തെയും സത്യദീപം വിമര്‍ശിച്ചു. ഉക്രൈന്‍ യുദ്ധമുഖത്തെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്താന്‍ സമയം കണ്ടെത്തുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് സ്വന്തം രാജ്യത്ത് മാസങ്ങളായി തുടരുന്ന കലാപങ്ങളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്തത്. ഈ ചോദ്യം വിമര്‍ശകരുടേത് മാത്രമല്ല, ജനാധിപത്യ വിശ്വാസികളുടേത് കൂടിയാണ്.
മുന്നൂറോളം പള്ളി അഗ്നിക്കിരയായി. 130ലേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സര്‍ക്കാര്‍ കണക്ക്. ക്രൈസ്തവ സാന്നിധ്യം ശക്തമായ മണിപ്പൂര്‍ പോലുള്ള പ്രദേശങ്ങളിലെ വംശഹത്യയെ വലിയ മുന്നറിയിപ്പായി സഭാ നേതൃത്വം ഇനിയെങ്കിലും തിരിച്ചറിയണം.
മണിപ്പൂര്‍ സമാധാന റാലികളില്‍, ഹിന്ദുത്വ വര്‍ഗീയ ഫാസിസത്തിനെതിരെ പ്രദര്‍ശിപ്പിച്ച ഫ്‌ളക്സുകളും വിശ്വാസികളെക്കൊണ്ട് ഏറ്റുവിളിപ്പിച്ച മുദ്രാവാക്യങ്ങളും സി.ബി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവനയായി പുറത്തുവരണം.
ജൂലൈ അഞ്ചിന് ഫാ. സ്റ്റാന്‍ സാമിയുടെ രക്തസാക്ഷി സ്മരണ പുതുക്കിയപ്പോഴും ഫാസിസത്തിന്റെ വധശ്രമത്തിന് കാര്യമായ മാറ്റമൊന്നുമില്ലെന്ന് മണിപ്പൂര്‍ തെളിയിക്കുകയാണെന്നും സത്യദീപം മുഖപ്രസംഗത്തില്‍ പറഞ്ഞു.
Content Highlights: Sathya deepam criticizes manipur Genocide is a big example for christian sabha