| Tuesday, 2nd April 2019, 4:34 pm

'ഔട്ട്ഗോയിങ് സര്‍-ജി'; മോദിയെ പരിഹസിച്ച് ശത്രുഘ്നന്‍ സിന്‍ഹ, മോദിയുടെ പ്രസംഗങ്ങള്‍ അലോസരപ്പെടുത്തുന്നതെന്നും വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് നടനും ലോക്സഭാംഗവുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ ട്വീറ്റ്.

“പുറത്തുപോകുന്ന ബഹുമാനപ്പെട്ട സര്‍-ജി (honble outgoing Sirji)” എന്നായിരുന്നു മോദിയെ സിന്‍ഹ വിശേഷിപ്പിച്ചത്. മോദിയുടെ പ്രസംഗത്തേയും സിന്‍ഹ കണക്കറ്റു പരിഹസിച്ചു.


മോദിയുടെ പ്രസംഗങ്ങള്‍ക്ക് ഉള്ളടക്കത്തിന്റേയും തീവ്രതയുടേയും കുറവുണ്ടെന്നും അത്യധികം ആവര്‍ത്തനവിരസതയുള്ള അവ അലോസരപ്പെടുത്തുന്നതാണെന്നും സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

“ഞാനിപ്പോഴും താങ്കളുടെ അഭ്യുദയകാംക്ഷിയാണ്. പക്ഷേ അതില്‍ ഇ.വി.എം ദുരുപയോഗവും താങ്കളുടെ ധാര്‍ഷ്ട്യവും ഉള്‍പ്പെടില്ല. നേര്‍വഴിക്കു പോകണമെന്നാണ് ഈ പതിനൊന്നാം മണിക്കൂറില്‍ എനിക്കു താങ്കളോട് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്.”- സിന്‍ഹ പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് കോണ്‍ഗ്രസില്‍ ചേരാനുള്ള സന്നദ്ധത സിന്‍ഹ അറിയിച്ചത്. ബി.ജെ.പി. എം.പിയാണെങ്കിലും ശക്തനായ മോദി വിമര്‍ശകനായാണ് സിന്‍ഹ അറിയപ്പെടുന്നത്.


കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു തന്റെ കോണ്‍ഗ്രസ് പ്രവേശത്തെക്കുറിച്ച് സിന്‍ഹ മനസ്സുതുറന്നത്. ആര്‍.ജെ.ഡി. നേതാവും തന്റെ കുടുംബ സുഹൃത്തുമായ ലാലുപ്രസാദ് യാദവിന്റെ നിര്‍ദേശ പ്രകാരമാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, സിന്‍ഹ കഴിഞ്ഞതവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പട്ന സാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി.

Latest Stories

We use cookies to give you the best possible experience. Learn more