| Sunday, 4th August 2019, 10:27 am

എന്തുകൊണ്ടായിരുന്നു സത്‌നാം ബിസ്മില്ലാഹി റഹ്മാനി റഹീം ചൊല്ലിയത്

ഷഫീഖ് താമരശ്ശേരി

2012 ജൂലൈ അവസാനവാരത്തില്‍ വര്‍ക്കലയിലെ താജ് ഹോട്ടലില്‍ ‘മെറ്റഫിസിക്സ് ആന്റ് പൊളിറ്റിക്സ്’ എന്ന വിഷയത്തില്‍ ഒരു അന്തര്‍ദേശീയ സെമിനാര്‍ നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമായിരുന്നു അതില്‍ പങ്കെടുത്തിരുന്നത്. യു.ആര്‍ അനന്തമൂര്‍ത്തി, മുനി നാരായണ പ്രസാദ് തുടങ്ങിയവരായിരുന്നു പ്രബന്ധാവതാരകര്‍.

ശേഷം നടന്ന ചര്‍ച്ചയില്‍ വളരെ ക്രിയാത്മകമവും പ്രാധാന്യമര്‍ഹിക്കുന്നതുമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ച ഒരു ഉത്തരേന്ത്യന്‍ യുവാവ് സംഘാടകരുടെ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അയാള്‍ ആരാണെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ആ യുവാവിന്റെ ഫോട്ടോ പത്രത്തില്‍ വന്നു. ‘മാതാ അമൃതാന്ദമയിയെ വധിക്കാന്‍ ശ്രമിച്ച ബീഹാറി യുവാവ് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊല്ലപ്പെട്ട നിലയില്‍’ എന്ന തലക്കെട്ടോടെ.

സത്നാം സിങ്

2006-2007 കാലം. ദക്ഷിണ ബീഹാറിലെ ഗയ ജില്ലയിലെ ഷേര്‍ഘാട്ടി ഗ്രാമം. അവധിക്കാലത്ത് വീട്ടിലേക്ക് വരികയായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകന്‍ സത്നാം സിങ് മാനിനെ റെയില്‍വേ സ്റ്റേഷനില്‍ ചെന്ന് സ്വീകരിക്കാന്‍ പ്രദേശത്തെ ജമീന്‍ദാറും വ്യവസായിയുമായ ഹരീന്ദ്രകുമാര്‍ സിങ് കാറില്‍ ഗയ നഗരത്തിലേക്ക് ചെന്നു.

1317 കിലോമീറ്റര്‍ അകലെയുള്ള ചണ്ഡീഗഡില്‍ നിന്നും ഗയയിലേയ്ക്കുള്ള യാത്രയ്ക്കായി ഹരീന്ദ്രസിംഗ്, സത്നാമിന് ഫസ്റ്റ് ക്ലാസ് എ.സി കമ്പാര്‍ട്ട്മെന്റില്‍ സീറ്റ് റിസര്‍വ് ചെയ്ത് നല്‍കിയിരുന്നു. പക്ഷേ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഹരീന്ദ്രസിംഗ് കണ്ടത് ക്ഷീണിച്ചവശനായി വിയര്‍പ്പില്‍ കുളിച്ച് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്മെന്റില്‍ നിന്നും ഇറങ്ങിവരുന്ന സത്നാമിനെയാണ്. ഒന്ന് ഇരിക്കാന്‍ പോലും കഴിയാതെയും പലപ്പോഴും ഒറ്റക്കാലില്‍ നിന്നുമൊക്കെയുമായിരുന്നു തിരക്കുള്ള ആ ബോഗിയില്‍ സത്നാം യാത്ര ചെയ്തത്.

ഗയ റെയില്‍വേ സ്റ്റേഷന് (Photo- ഷഫീഖ് താമരശ്ശേരി)

റിസര്‍വ്ഡ് ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും തിക്കും തിരക്കുമുള്ള, വിയര്‍പ്പ് നാറ്റമുള്ള കമ്പാര്‍ട്ട്മെന്റില്‍ മകന്‍ യാത്ര ചെയ്തതിനെ ഹരീന്ദ്രസിംഗ് ചോദ്യം ചെയ്തു. സത്നാമിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ഇത്രമാത്രം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് പറയപ്പെടുന്ന ഇന്ത്യയില്‍ സാധാരണക്കാരുടെ ജീവിതവും യാത്രയുമെല്ലാം ഈ സ്ഥിതിയിലാണ്. അതിനാല്‍ ഇതിലപ്പുറം മറ്റൊരു സൗകര്യവും എനിക്കാവശ്യമില്ല’. കുടിയേറ്റക്കാരും തൊഴിലാളികളുമായ സാധാരണക്കാരായ മനുഷ്യര്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ ഈ സ്ഥിതിയില്‍ യാത്ര ചെയ്യേണ്ടി വരുന്നതിലുള്ള അമര്‍ഷം സത്നാം പങ്കുവെച്ചു.

സത്നാമിന്റെ ഈ പ്രവൃത്തിയെക്കുറിച്ച് ചോദിച്ച സഹോദരന്‍ സുധാംശു സിങ് മാനിന് ഒരിക്കല്‍ സത്നാം ഇങ്ങനെ മറുപടി നല്‍കി. ‘actual India travells in general coaches, while travelling in these coaches you will learn that india was a nation of poor farmers and migrants. but todays india treat them as a burden, here people don’t want a super power but atleast an easy 1000km journey for them’…..

ജീവിതത്തില്‍ ഒരിക്കലും അവന്‍ അക്രമസ്വഭാവം കാണിച്ചിട്ടില്ല. ഒരിക്കല്‍ പോലും രോഷാകുലനായി കണ്ടിട്ടില്ല. പലതരം അസ്വസ്ഥതകളും നിസ്സഹായതയും മാത്രമാണ് അവനിലുണ്ടായിരുന്നത്. ആവശ്യത്തിലധികം സ്വത്തും ബിസിനസ്സുമെല്ലാം ഞങ്ങള്‍ക്കുണ്ടായിട്ടും അതിലൊന്നും യാതൊരു താത്പര്യവും അവന്‍ കാണിച്ചില്ല. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു അവന്‍. ഒരിക്കല്‍ അവന്‍ പഠനമുപേക്ഷിക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു, നീ വിഷാദത്തിലാണോ? അവന്‍ മറുപടി പറഞ്ഞു: ജീവിതത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനര്‍ത്ഥം വിഷാദമാണെന്നല്ല. ‘asking quetsions in life did not mean depression’ -ഹരീന്ദ്രകുമാര്‍ സിങ് (സത്നാമിന്റെ പിതാവ്)

സത്നാമിന്റെ അച്ഛനും അമ്മയും

‘ഷിയാ, സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ച് ഒരിക്കല്‍ സത്നാം മസ്ജിദില്‍ വന്നിരുന്നു. പിന്നീടൊരിക്കല്‍ മുസ്ലിം ശരീഅത്ത് നിയമത്തെക്കുറിച്ച് ചോദിച്ചുകൊണ്ടും. രണ്ടിനെക്കുറിച്ചും എനിക്ക് കാര്യമായ ധാരണകള്‍ ഇല്ലാതിരുന്നതിനാല്‍ ഗയ നഗരത്തിലെ ഒരു മുസ്ലിം പണ്ഡിതന്റെയടുത്തേക്ക് ഞാന്‍ അവനെ പറഞ്ഞിവിട്ടു. കുറേ കാലത്തിന് ശേഷം ഞങ്ങള്‍ വീണ്ടും സംസാരിക്കുകയുണ്ടായി. അപ്പോഴേക്കും സത്നാം ഒരുപാട് ദൂരം മുന്നോട്ട് പോയിരുന്നു.

സൂഫിസത്തെക്കുറിച്ച് സത്നാം ആഴത്തില്‍ പഠിച്ചിരുന്നു. ഇവിടുത്തെ മുസ്ലിങ്ങള്‍ യഥാര്‍ത്ഥ ഇസ്ലാമിനെ മനസ്സിലാക്കണമെന്ന് സത്നാം പറയുമായിരുന്നു. ഇന്റര്‍നെറ്റ് വഴി വിദേശസര്‍വകലാശാലകളിലെ ഇസ്ലാമിക ഗവേഷകരുമായി സത്നാം അന്ന് ആശയവിനിമയം നടത്താറുണ്ടായിരുന്നുവെന്നാണ് പിന്നീട് ഞാന്‍ മനസ്സിലാക്കിയത്. ബിസ്മില്ലാ… മന്ത്രമടക്കം നിരവധി അറബ് സൂക്തങ്ങള്‍ സത്നാം ഈണത്തില്‍ ഉച്ഛരിക്കുമായിരുന്നു. അതിന്റെ അര്‍ത്ഥവും പറയുമായിരുന്നു.

അക്രമകാരിയെന്ന് പറഞ്ഞ് കേരളത്തില്‍ നിന്നും സത്നാമിനെ ആളുകള്‍ പിടികൂടിയപ്പോള്‍ അവന്‍ ചൊല്ലിയത് ബിസ്മില്ലാഹി റഹ്മാനി റഹീം എന്നായിരുന്നുവത്രേ. അതിന്റെ പേരിലായിരുന്നു പോലും അവനെ ഭീകരവാദിയായി ചിത്രീകരിച്ചത്.’ – തഖീ ഇമാം (സത്നാമിന്റെ മുത്തച്ഛന്‍ പണിതു നല്‍കിയ മുസ്ലിം പള്ളിയിലെ ഇമാം)

തഖീ ഇമാം സത്നാമിന്റെ പിതാവിനോടൊപ്പം (Photo- ഷഫീഖ് താമരശ്ശേരി)

‘ദീര്‍ഘകാലത്തെ എന്റെ ആശ്രമജീവിതത്തിനിടയില്‍ ആത്മീയപഠനാവശ്യങ്ങള്‍ക്കായി വന്ന ആയിരക്കണക്കിനാളുകളുമായി ഞാന്‍ ഇടപെട്ടിട്ടുണ്ട്. അതില്‍ എന്നെ അത്ഭുതപ്പെടുത്തിയ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു സത്നാം. ഭക്തിയല്ല, വൈവിധ്യവും ആഴവുമുള്ള ചിന്തകളായിരുന്നു സത്നാമിന്റെ ആത്മീയചോദനകളുടെ ആധാരം. ജീവിച്ചിരുന്നെങ്കില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യം അറിയപ്പെടുന്ന ചിന്തകനായി സത്നാം മാറിയേനെ’. – സ്വാമി സച്ചിദാനന്ദ സരസ്വതി (റഖിയ പീത് ആശ്രമം, ജാര്‍ഖണ്ഡ്)

‘സത്നാം ഇവിടെ പഠിക്കാനെത്തിയത് ഇവിടുത്തെ അക്കാദമിക അന്തരീക്ഷങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയിരുന്നു. സാധാരണ, മുമ്പ് വായിച്ചതും പഠിച്ചതുമായ ഓര്‍മകള്‍ വെച്ച് ക്ലാസ്സെടുത്തിരുന്ന അധ്യാപകര്‍ക്ക് സത്നാം ക്ലാസ്സിലെത്തിയതോടുകൂടി അത് സാധ്യമാകാതെയായി. സത്നാമിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനായി അവര്‍ക്ക് മണിക്കൂറുകളോളം പുസ്തകങ്ങളും വെബ്സൈറ്റുകളുമെല്ലാം റഫര്‍ ചെയ്യേണ്ടി വന്നു.’ –ബല്‍രാജ് ചൗഹാന്‍ (മുന്‍ വൈസ് ചാന്‍സ്ലര്‍, റാം മനോഹര്‍ ലോഹിയ ലോ യൂണിവേഴ്സിറ്റി)

ബല്‍രാജ് ചൗഹാന്‍ (മുന്‍ വൈസ് ചാന്‍സ്ലര്‍, റാം മനോഹര്‍ ലോഹിയ ലോ യൂണിവേഴ്സിറ്റി)

‘മൊര്‍ഹര്‍ നദിയുടെ തീരത്ത് നടന്ന, സത്നാമിന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് പതിനയ്യായിരത്തിലധികം ആളുകളായിരുന്നു. എന്റെ അറിവില്‍ അതിന് മുമ്പോ ശേഷമോ ഷേര്‍ഘാട്ടിയില്‍ അത്തരമൊരു ചടങ്ങ് നടന്നിട്ടില്ല. ഗ്രാമം അക്ഷരാര്‍ത്ഥത്തില്‍ വിതുമ്പിയ ദിവസമായിരുന്നു അത്. ഇവിടുത്തെ ഓരോ കുടുംബത്തിനും തങ്ങളുടെ വീട്ടിലെ ഒരാള്‍ നഷ്ടപ്പെട്ടതുപോലത്തെ അനുഭവമായിരുന്നു അത്. ഷഹീദ് സത്നാം സിങ് മാന്‍ മെമ്മോറിയല്‍ എന്ന പേരിലാണ് ഇന്നും ഗ്രാമത്തിലെ മിക്ക പൊതുപരിപാടികളും നടക്കാറുള്ളത്’സയിദ് ഖതീബുല്ലാഹ് (ഷേര്‍ഘാട്ടിയിലെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍)

My Quote Book എന്ന ഡയറിയില്‍ ഒരിക്കല്‍ സത്നാം എഴുതി. ‘ഇപ്പോള്‍ ഞാനെന്തുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നതെന്നോ… സ്വത്വത്തെ കണ്ടെത്താനും ആത്മത്തെക്കുറിച്ച് മനസ്സിലാക്കാനും സ്വന്തം ഉണ്‍മയുടെ യഥാര്‍ത്ഥ ഭാവം തിരയാനും ശ്രമിക്കുന്നയാളുകള്‍ സത്യത്തില്‍ പരാജിതരായ ആത്മാക്കളാണ് എന്നുള്ളത് കൊണ്ടാണ്. പരാജിതമായ ആത്മാവിന് മാത്രമേ സ്വയം കണ്ടെത്താനാകൂ. ലക്ഷ്യമില്ലാതിരിക്കുക എന്ന ലക്ഷ്യമാണ് ഏറ്റവും വിഷമമേറിയ ലക്ഷ്യം’

ആരായിരുന്നു സത്നാം

സത്യത്തിന്റെ പേര് എന്നര്‍ത്ഥം വരുന്ന ‘സത്‌നാം’ എന്ന നാമധാരി ജീവിതത്തിന്റെ പൊരുളു തേടി യാത്ര തിരിച്ചത് സാക്ഷാല്‍ ശ്രീ ബുദ്ധന് ബോധോദയം ലഭിച്ചതിലൂടെ ചരിത്രപ്രസിദ്ധമായ ബീഹാറിലെ ബോധ്ഗയയില്‍ നിന്നാണ്. ലക്‌നൗവിലെ റാം മനോഹര്‍ ലോഹിയ യൂണിവേഴ്‌സിറ്റിയില്‍ നിയമവിദ്യാര്‍ത്ഥിയായിരിക്കെയാണ് സത്‌നാം ആത്മീയ ചിന്തകളില്‍ ആകൃഷ്ടനാകുന്നത്. ബോധ്ഗയയിലെ മഹാബോധി ക്ഷേത്രം, ഝാര്‍ഖണ്ഡിലെ സ്വാമി സച്ചിദാനന്ദ സരസ്വതിയുടെ റഖിയ പീത് ആശ്രമം, കൊല്‍ക്കത്തയിലെ വേലൂര്‍ മഠം, വാരണസി എന്നിങ്ങനെ നിരവധി ആത്മീയ കേന്ദ്രങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊടുവിലാണ് സത്‌നാം കേരളത്തിലെത്തിയത്.

അല്ലലില്ലാത്ത വീട്ടുസാഹചര്യങ്ങള്‍ ഉപേക്ഷിച്ച് ഒരു അവധൂതനെപ്പോലെ സത്യാന്വേഷണങ്ങള്‍ക്കായി ഇറങ്ങിപ്പുറപ്പെട്ട സത്‌നാമിന്റെ കാഴ്ചകളിലും ജീവിതത്തിലും, ലോകത്തിന്റെ ദുഖവും കണ്ണീരും ഇല്ലാതായിക്കാണാന്‍ രാജ്യവും കൊട്ടാരവും കുടുംബവും ഉപേക്ഷിച്ചിറങ്ങിപ്പുറപ്പെട്ട ബോധിസത്വന്റെ സൂക്ഷ്മ പകര്‍പ്പുകള്‍ കാണാം.

സത്നാമിന്റെ മരണാനന്തരചടങ്ങ് നടന്ന മൊര്‍ഹര്‍ നദി (Photo- ഷഫീഖ് താമരശ്ശേരി)

മലയാള നാടിന്റെ ആത്മീയ, നവോത്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള വാഴ്ത്തുകളും ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, വാഗ്ഭടാനന്ദന്‍, അയ്യങ്കാളി എന്നിവരുടെ ചിന്തകളുമാണ് സത്‌നാമിനെ കേരളത്തിലേക്ക് ആകര്‍ഷിച്ചത്. നാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ തിരുവനന്തപുരം കുന്നുംപുറം ക്ഷേത്രത്തിലാണ് സത്‌നാം ആദ്യമായെത്തിയത്. അവിടെ നിന്നും ഗുരുവിന്റെ ആസ്ഥാനമായിരുന്ന വര്‍ക്കലയിലെ ശിവഗിരിമഠത്തിലെത്തി.

സ്വാമി മുനി നാരായണപ്രസാദിന്റെ ശിക്ഷണത്തില്‍ നാരായണ ഗുരുഗുലത്തില്‍ രണ്ടാഴ്ച്ചയോളം തങ്ങിയതിന് ശേഷം വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിലേക്ക് നീങ്ങി. ഇവിടെ വെച്ച് സത്‌നാം ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയായിരുന്നു. വര്‍ക്കലയിലെ സര്‍വ്വമതപ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോഴോ അതിന് മുമ്പോ ഹൃദിസ്ഥമാക്കിയ മുസ്ലിം പ്രാര്‍ത്ഥനാ മന്ത്രം ‘ബിസ്മില്ലാഹി റഹ്മാനി റഹീം’ ചൊല്ലിയതിന്റെ പേരില്‍ തീവ്രവാദിയെന്ന് ചിത്രീകരിച്ചായിരുന്നു സത്‌നാമിനെ മര്‍ദ്ദിച്ചത്.

സത്നാമിന്റെ വീടിനോട് ചേര്ന്നുള്ള മുസ്ലീം പള്ളി (സത്നാമിന്റെ മുത്തച്ഛന്റെ പേരില് കിഷോരി മസ്ജിദ് എന്നാണ് ഇത് അറിയപ്പെടുന്നത്) (Photo- ഷഫീഖ് താമരശ്ശേരി)

തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ജയിലിലും മാനസികാരോഗ്യകേന്ദ്രത്തിലുമായി രണ്ടു ദിവസം. മൂന്നാം നാള്‍, ആഗസ്ത് നാലിന് കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയ സത്‌നാമിന്റെ ശരീരത്തില്‍, തലയ്‌ക്കേറ്റ മാരക ക്ഷതമടക്കം 77 മുറിവുകളുണ്ടായിരുന്നു. മര്‍ദനത്തിന്റെ നിരവധി പാടുകളും.

ഒരു ‘ഹിന്ദു സ്ഥലത്തേക്ക്’ മുസ്ലിം പ്രാര്‍ത്ഥനാമന്ത്രവുമായി കടന്നു കയറി എന്നതിനാണ് സത്‌നാമിന് നേരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം വധശ്രമത്തിന് കേസെടുത്തത് എന്നാണ് അന്നത്തെ ഡി.ജി.പി സെന്‍കുമാര്‍ സത്‌നാമിന്റെ പിതാവുമായി പിന്നീട് നടന്ന കൂടിക്കാഴ്ചയില്‍ പറഞ്ഞത്. അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സത്‌നാമിന്റെ മുസ്ലിം തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ സംഘപരിവാറിന്റെ പ്രമുഖ ബുദ്ധിജീവിയും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരന്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തു എന്നതാണ് ഏറെ ഖേദകരം.

താന്‍ ബ്രഹ്മജ്ഞാനം അന്വേഷിക്കുകയാണെന്നായിരുന്നു അമൃതാനന്ദമയി മഠത്തില്‍ പ്രവേശനമാവശ്യപ്പെട്ടെത്തിയ സത്‌നാം പറഞ്ഞിരുന്നത്. ‘ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്’ ബ്രഹ്മജ്ഞാനം തേടിവന്ന ഒരുവന് കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനാണ്.

അമൃതാനന്ദമയി മഠം

ആശ്രമത്തില്‍ നിന്ന് പിടിക്കപ്പെട്ടതുമുതല്‍ സത്‌നാം നിരന്തരമായ മര്‍ദ്ദനങ്ങള്‍ക്കിരയായിരുന്നു എന്നത് വ്യക്തമാണ്. സ്‌നേഹത്തിന്റെയും കരുണയുടെയും പ്രതീകമായി വാഴ്ത്തപ്പെടുന്ന ഒരു സ്ത്രീയുടെ കണ്‍മുന്നില്‍ തന്റെയടുത്തേക്ക് ദര്‍ശനത്തിനായെത്തിയ ഒരു യുവാവിനെ തെരുവ് പട്ടിയെപ്പോലെ മര്‍ദ്ദിച്ചിട്ടും അവര്‍ ഒന്നും ഉരിയാടിയതേയില്ല. ‘ലോകം മുഴുവന്‍ കാരുണ്യം ചൊരിയുന്ന’ ആ അമ്മയ്ക്ക് നിസ്സഹായനായ ഈ യുവാവിന്റെ നിലവിളികള്‍ കേള്‍ക്കാനേ സാധിച്ചില്ല.

ഇനിയും ജീവിച്ച് തുടങ്ങിയിട്ടില്ലാതിരുന്ന ആ പരദേശി യുവാവിന്റെ ചോരയില്‍ മുഖം മിനുക്കി എത്ര തവണ അമ്മയെന്ന പ്രതീകമലങ്കരിച്ചാലും കിലോമറ്ററുകള്‍ക്കകലെ ബീഹാറിലെ ഷേര്‍ഘാട്ടി ഗ്രാമത്തില്‍ ഇന്നും മുറിയില്‍ നിന്നും പുറത്തിറങ്ങാതെ കഴിയുന്ന സുമം സിങ് എന്ന ആ അമ്മയുടെ തീരാനഷ്ടത്തിന്റെയും കണ്ണീരിന്റെയും അര്‍ത്ഥം വരില്ല അമൃതാനന്ദമയി എന്ന പേരിലെ അമ്മയ്ക്ക്.

സത്‌നാമിന് സംഭവിച്ചതെന്ത്?

മാതാ അമൃതാനന്ദമയിയുടെ ദര്‍ശനസമയത്ത് അവിടേക്ക് ഇടിച്ചുകയറി ആക്രമിക്കാന്‍ ശ്രമിച്ചു എന്നതിന്റെ പേരില്‍ 2012 ജൂലൈ 31 നാണ് സത്‌നാമിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പൊലീസെത്തുന്നതിന് മുമ്പെ തന്നെ ആശ്രമത്തിലെ ആളുകളില്‍ നിന്നും സത്‌നാമിന് കടുത്ത മര്‍ദനമേറ്റിരുന്നു. ആന്തരികമായി കടുത്ത ക്ഷതങ്ങള്‍ സംഭവിച്ച സത്നാമിന് ചികിത്സ നല്‍കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ പൊലീസിനോട് ശുപാര്‍ശ ചെയ്തിട്ടും പൊലീസുകാര്‍ സത്‌നാമിനെ കസ്റ്റഡിയില്‍ തന്നെ സൂക്ഷിക്കുകയാണുണ്ടായത്.

ഉച്ചയ്ക്ക് രണ്ടുമണിയോടെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ച സത്‌നാമിനെ പിറ്റേ ദിവസം വൈകീട്ട് 7 മണിക്ക് മാത്രമാണ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. 24 മണിക്കൂര്‍ എന്ന അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ സമയം സത്‌നാമിനെ പൊലീസ് കസ്റ്റഡിയില്‍ വെക്കുകയായിരുന്നു. നിരായുധനായി ഒറ്റമുണ്ട് മാത്രം ധരിച്ച് ആശ്രമത്തിനകത്ത് പ്രവേശിച്ച സത്‌നാം അവിടെ ബഹളം വെച്ചു എന്ന കാരണത്താല്‍ വധശ്രമമടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. (ഐ.പി.സി സെഷന്‍ – 307, 332, 452 എന്നിവ).

സത്നാം കേസില് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന് സുധാംഷു സിങ് നടത്തിയ ഏകദിന ഉപവാസം

അറസ്റ്റ് വാര്‍ത്തയറിഞ്ഞ ഉടന്‍ ദല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗം കേരളത്തിലെത്തിയ സത്‌നാമിന്റെ അച്ഛന്റെ സഹോദരപുത്രന്‍ വിമല്‍ കിഷോര്‍ സ്റ്റേഷനിലെത്തുകയും സത്‌നാം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയില്‍ കഴിയുന്നയാളാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ബീഹാറില്‍ നിന്നും ഫാക്‌സ് വഴി ലഭിച്ച സത്നാമിന്റെ ചികിത്സ സംബന്ധമായ കുറിപ്പുകളും മറ്റു രേഖകളും പൊലീസിന് നല്‍കുകയും ചെയ്തിരുന്നു. അതും പോരാഞ്ഞ് ബീഹാര്‍ പൊലീസിനെ ഫോണില്‍ കണക്ട് ചെയ്ത്കൊടുക്കുകയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതിരുന്ന പൊലീസ് ഉന്നതതലങ്ങളില്‍ നിന്ന് കനത്ത സമ്മര്‍ദമുണ്ടെന്നും കൊലക്കുറ്റത്തിന് കേസെടുക്കാനാണ് ഉത്തരവ് എന്നുമാണ് വിമല്‍ കിഷോറിനോട് പറഞ്ഞത്.

സത്‌നാമിന്റെ മരണം വിവാദമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതലക്കാരിയായിരുന്ന ഐ.ജി. ബി.സന്ധ്യ വള്ളിക്കാവിലെ ആശ്രമത്തില്‍ ചെന്ന് അമൃതാനന്ദമയിയെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയതിന് ശേഷം അന്വേഷണം ആരംഭിച്ചത് അന്ന് തന്നെ വിവാദമായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ പോലും ഇവര്‍ സത്‌നാമിന്റെ കുടുംബത്തെയോ ആ ദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്ന സഹോദരന്‍ വിമല്‍ കിഷോറിനെയോ ബന്ധപ്പെട്ടിട്ടില്ല. തീര്‍ത്തും ഏകപക്ഷീയമായ ഒരന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാനുള്ള ശ്രമമാണ് ബി.സന്ധ്യ നടത്തിയത്.

സത്‌നാമിന്റെ മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന തലയുടെ പിന്‍ഭാഗത്തെ ക്ഷതവും കഴുത്തിനടുത്തായി സംഭവിച്ച മാരക മുറിവുമെല്ലാം കൊല്ലപ്പെടുന്നതിനും 24 മണിക്കൂര്‍ മുമ്പ് സംഭവിച്ചതാണ് എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആഗസ്ത് 4 ന് വൈകീട്ട് 7 മണിയ്ക്കാണ് മരണം സ്ഥിരീകരിക്കുന്നത്. സത്‌നാം കൊല്ലപ്പെടുന്നതിനാസ്പദമായ സംഭവം നടന്നത് വൈകീട്ട് 3 മണിക്കും 4 മണിക്കും ഇടയിലാണെന്നാണ് പൊലീസ് പറയുന്നത്.

സത്നാമിന്റെ പിതാവ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ കാണുന്നു, വി.എസ് സുനില്കുമാര് സമീപം

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നേറ്റ മര്‍ദനമാണ് മരണകാരണമെന്ന് വരുത്തിക്കീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാല്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുമായും ജീവനക്കാരുമായും നടന്നുവെന്ന് പറയപ്പെടുന്ന സംഘര്‍ഷമല്ല മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. എന്നിട്ടും ഇവരെ മാത്രം പ്രതികളാക്കി ആശ്രമത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് കമ്മീഷന്‍ സര്‍ക്കാറിന് നല്‍കിയത്. ഉന്നത ബന്ധങ്ങളുള്ള കേസ്സിലെ യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള പൊലീസിന്റെ ബോധപൂര്‍വമായ ശ്രമമായിരുന്നു ഇത് എന്നുവേണം കരുതാന്‍.

തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുവന്ന ഈ കേസില്‍ തങ്ങള്‍ തൃപ്തരല്ല എന്നും, സി.ബി.ഐ അടക്കമുള്ള ഉന്നതതല ഏജന്‍സികളെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സത്‌നാമിന്റെ അച്ഛന്‍ ഹരീന്ദ്രകുമാര്‍ സിങ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും നേരില്‍ കണ്ടിരുന്നു. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അനുകൂലമായ യാതൊരു നടപടിയും ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതിയെ സമീപിച്ചു.

തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടന്നു വന്ന കേസ്സിന് സ്റ്റേ നല്‍കിയതിന് ശേഷമാണ് ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നത്. സാധാരണയായി കീഴ്‌ക്കോടതികളില്‍ സ്റ്റേ നല്‍കുന്ന കേസുകള്‍ക്ക് ഹൈക്കോടതിയില്‍ മുഖ്യപരിഗണന ലഭിക്കാറുണ്ട്. എന്നാല്‍ സത്‌നാമിന്റെ കേസ്സില്‍ ഇങ്ങനെയൊരു പരിഗണന ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല, പതിവിന് വിപരീതമായ രീതിയില്‍ തുടര്‍ച്ചയായി കേസ് മാറ്റിവെക്കുകയാണുണ്ടായത്.

സത്നാം കേസില് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് എറണാകുളത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ

ഒടുവില്‍ 2019 ഫെബ്രുവരി മാസത്തില്‍ ഹരീന്ദ്ര സിംഗിന്റെ അപേക്ഷയെ നിരുപാധികം തള്ളിക്കൊണ്ട് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനിടയില്‍ കേസിലെ പ്രതികളായ മാനസികാരോഗ്യ കേന്ദ്രത്തിലെ രണ്ട് ജീവനക്കാര്‍ മരിച്ചു. ഇനി ഹൈക്കോടതി വിചാരണ പൂര്‍ത്തിയാക്കുകയോ, ശിക്ഷ വിധിക്കുകയോ ചെയ്താല്‍ പോലും നിരപരാധികളായ ഏതാനും ആളുകള്‍ മാത്രമാണ് ഇരകളാക്കപ്പെടാന്‍ പോകുന്നത്.

സത്‌നാമിന്റെ യഥാര്‍ത്ഥ ഘാതകര്‍ ഇപ്പോഴും തിരശ്ശീലയ്ക്ക് പിറകില്‍ മറഞ്ഞിരിക്കുകയാണ്. ഭ്രാന്തമായ ഭക്തിവ്യവസായത്തിന്റെ തിരതള്ളലില്‍ ഒരുകൂട്ടം ക്രിമിനലുകള്‍ പണത്തിന്റെയും സ്വാധീനത്തിന്റെയും പിന്‍ബലത്തില്‍ നടത്തിയ ഹീനമായ നരഹത്യയെ മൂടിവയ്ക്കാന്‍, നീതിന്യായ നിയമസംഹിതകളുടെ ധിക്കാരപൂര്‍വമായ വളച്ചൊടിക്കലാണ് ഇവിടുത്തെ നീതിനിര്‍വഹണ-നിയമപാലക സംവിധാനങ്ങള്‍ നടത്തിയിട്ടുള്ളത്.

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more