| Tuesday, 24th September 2013, 12:21 am

സത്‌നാം സിങ്ങ് വധം;അമൃതാനന്ദമയീമഠം കുറ്റപത്രത്തിലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]എറണാകുളം: സത്‌നാം സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സുപ്രധാനമായ പല കാര്യങ്ങളും ഒഴിവാക്കിയായി ആരോപിച്ച് പിതാവ് ഹരീന്ദ്രകുമാര്‍ സിങ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാണ് ആവശ്യം.

സത്‌നാം സിങ്ങിന് നേരെ കരുനാഗപ്പള്ളി വള്ളിക്കാവിലെ മാതാ അമൃതാനന്ദമയീ മഠത്തില്‍ നിന്നുണ്ടായ അക്രമ സംഭവങ്ങളും കരുനാഗപ്പള്ളി പോലീസ് മര്‍ദിച്ചതായി പറയുന്ന കാര്യങ്ങളും കൊല്ലം ജില്ലാ ജയിലില്‍ നേരിടേണ്ടി വന്ന തിക്താനുഭവങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കിക്കൊണ്ടാണ് പേരൂര്‍ക്കട പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നടന്ന സംഭവങ്ങള്‍ മാത്രമാണ് കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നത്. വള്ളിക്കാവിലെ അമൃതാനന്ദമയീ മഠത്തില്‍ വെച്ചുണ്ടായ അക്രമത്തിലോ തുടര്‍ന്ന് കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ നടന്ന മര്‍ദത്തിലോ ആണ് മകന് മാരകമായ പരിക്കേറ്റതെന്നും ഇതാണ് മരണകാരണമെന്നും പിതാവ് ഹരീന്ദ്രകുമാര്‍ സിങ് പറയുന്നു.

പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒടുവില്‍ നടന്നതായി പോലീസ് തെളിവുണ്ടാക്കിയിട്ടുള്ള സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.

ഐ.ജി ബി സന്ധ്യയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണം യഥാര്‍ത്ഥ പ്രതികളെയോ വസ്തുതകളെയോ പുറത്തുകൊണ്ടുവരുന്നതല്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ഹരീന്ദ്ര കുമാര്‍ സിങ് പറയുന്നു.

82 സാക്ഷികളുള്ള കുറ്റപത്രത്തില്‍ അമൃതപുരിയില്‍ നിന്നുള്ള ഒരാളെപ്പോലും ഉള്‍പ്പെടുത്തിയിട്ടില്ല. താന്‍ പറയാത്ത വിവരങ്ങളാണ് തന്റെ മൊഴി എന്ന പേരില്‍ രേഖപ്പെടുത്തിയതെന്നും ഹരീന്ദ്രകുമാര്‍ ആരോപിക്കുന്നു.

We use cookies to give you the best possible experience. Learn more