എറണാകുളം: അമൃതാനന്ദമയി മഠത്തില്‍ വെച്ച് ആക്രമിക്കപ്പെടുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ബീഹാറി യുവാവ് സത്‌നാം സിങ് മാന്റെ ഓര്‍മ ദിവസമായ ആഗസ്ത് 4 ന് വ്യത്യസ്തമായൊരു പ്രഖ്യാപനവുമായി പിതാവ് ഹരീന്ദ്രസിങ്.
കേരളത്തിലെയും ബീഹാറിലെയും സാമൂഹിക-സാമ്പത്തിക മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യമായ സൗകര്യങ്ങളും സ്‌കോളര്‍ഷിപ്പുകളും നല്‍കുന്നതിനായി “സത്‌നാം സിങ് മാന്‍ സദ്ഭാവന – വിദ്യാഭ്യാസ ട്രസ്റ്റിന്” രൂപം നല്‍കുമെന്നാണ് എറണാകുളത്ത് വെച്ച് നടന്ന പത്രസമ്മേളനത്തില്‍ ഇദ്ദേഹം പറഞ്ഞത്.
തന്റെ കുടുംബ സമ്പാദ്യത്തില്‍ നിന്നും സത്‌നാമിനുള്ള വിഹിതം ഈ രീതിയില്‍ മാറ്റിവെക്കാനാണ് ഹരീന്ദ്രസിങിന്റെ തീരുമാനം. ഒരു കോടി രൂപയുടെ പ്രവര്‍ത്തന മൂലധനത്തോടുകൂടി അടുത്ത വര്‍ഷത്തെ സത്‌നാമിന്റെ ഓര്‍മ ദിവസത്തില്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് പുറമെ സത്‌നാമിന്റെ പേരില്‍ വര്‍ഷം തോറും നല്‍കാന്‍ ഉദ്ദേശിക്കുന്ന അവാര്‍ഡിനെക്കുറിച്ചും ഇദ്ദേഹം പറഞ്ഞു. മതവിദ്വേഷവും അസഹിഷ്ണുതയും ആളിപ്പടര്‍ത്തുന്ന സമകാലീന രാഷ്ട്രീയ സാമൂഹ്യ സാഹചര്യത്തില്‍ മതസമന്വയം, സാമുദായിക സൗഹാര്‍ദം, സര്‍വമത സാഹോദര്യം എന്നീ മേഖലകളില്‍ ദേശീയ തലത്തില്‍ തന്നെ ഇടപെടുന്ന സാമുഹിക രാഷ്ട്രീയ പ്രവര്‍ത്തകരായ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ആയിരിക്കും ഈ അവാര്‍ഡ് നല്‍കുക എന്ന് ഹരീന്ദ്ര സിങ് പറഞ്ഞു.
“എന്റെ മകന്‍ ബില്ലു (സത്‌നാം സിങിന്റെ വിളിപ്പേര്) ഒരു അക്രമകാരിയോ തീവ്രവാദിയോ ഭ്രാന്തനോ ഒന്നും ആയിരുന്നില്ല. ചെറുപ്പകാലം മുതലേ വ്യത്യസ്തമായി ചിന്തിക്കുകയും സാധാരണക്കാര്‍ക്കു വേണ്ടി നില കൊള്ളുകയും ചെയ്തിട്ടുള്ളവനാണവന്‍.
ചുറ്റിലുമുള്ള ലോകത്തെക്കുറിച്ചായിരുന്നു എക്കാലത്തും അവന്റെ ചിന്തകള്‍. ശ്രീബുദ്ധന്റെ ചിന്തകളില്‍ ആകൃഷ്ടനായി ഒരു സത്യാന്വേഷിയെപ്പോലെ യാത്രകള്‍ ആരംഭിച്ചവനാണവന്‍. അവനെ കൊലപ്പെടുത്തിയവര്‍ക്കിടയില്‍, അവനെ തീവ്രവാദിയെന്നും ഭീകരവാദിയെന്നും മുദ്രകുത്തിയവര്‍ക്കിടയില്‍ അവന്‍ യഥാര്‍ത്ഥത്തില്‍ ആരായിരുന്നു എന്നത് എക്കാലവും ഓര്‍മിക്കുന്ന തരത്തില്‍ അടയാളപ്പെടുത്തണം. അതിന് വേണ്ടിയാണ് അവന്റെ പേരില്‍ ട്രസ്റ്റ് ആരംഭിക്കുന്നത്”. ഹരീന്ദ്രസിങ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു. ദല്‍ഹി ആസ്ഥാനമായി രൂപീകരിക്കുന്ന ട്രസ്റ്റിന്റെ പ്രവര്‍ത്തന മേഖല കേരളവും ബീഹാറുമായിരിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
2012 ല്‍ സത്‌നാം കൊല്ലപ്പെടുന്ന സമയം മുതല്‍ കേരളത്തില്‍ ഈ വിഷയത്തില്‍ തുടര്‍ച്ചയായി ഇടപെട്ടുവരുന്നത് കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന “സത്‌നാം സിങ്- നാരായണന്‍കുട്ടി ഡിഫന്‍സ് കമ്മിറ്റി” ആയിരുന്നു. ആരംഭിക്കാന്‍ പോകുന്ന ട്രസ്റ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും ഇതേ കമ്മിറ്റി തന്നെയായിരിക്കും.