തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ ബഹളം വച്ചെന്ന് ആരോപിക്കപ്പെട്ട് അറസ്റ്റിലായ ബീഹാര്‍ സ്വദേശി സത്‌നാം സിങ് കൊല്ലപ്പെട്ട കേസില്‍ അന്തിമ കുറ്റപത്രം തയ്യാറായി.
അമൃതാനന്ദമയി ഉള്‍പ്പെടെ മഠത്തിലെ ഭക്തരെ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ജയില്‍ വാര്‍ഡനും അറ്റന്‍ഡറും അടക്കം ആറ് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്.[]
പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ല. അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തില്‍ ബഹളംവെച്ച സത്‌നാംസിങ്ങിന്റെ കൊലപാതകം ഏറെ വിവാഹങ്ങള്‍ക്ക് ഇടവെച്ചിരുന്നു.
സത്‌നാംസിങ്ങിനെ അറസ്റ്റുചെയ്തശേഷം മാനസികവിഭ്രാന്തി കണ്ടെത്തിയതിനെ തുടര്‍ന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ്ക്കുകയായിരുന്നു. ആഗസ്ത് 6ന് സത്‌നാം കൊല്ലപ്പെട്ടു. പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് സ്തനാം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നെന്ന് അന്ന് തന്നെ ആരോപണമുയര്‍ന്നിരുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍വെച്ചു നടന്ന മര്‍ദനമാണ് മരണകാരണമെന്ന് തെളിഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ആറുപേരെ പ്രതിചേര്‍ത്ത് കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു.
മാനസികാരോഗ്യ കേന്ദ്രത്തിലെ ജയില്‍വാര്‍ഡന്‍ വിവേകാനന്ദന്‍, അറ്റന്‍ഡര്‍ അനില്‍ കുമാര്‍, നാല് അന്തേവാസികള്‍ എന്നിവരാണ് അന്തിമ പ്രതിപ്പട്ടികയിലുള്ളത്.
എ.ഡി.ജി.പി. ബി.സന്ധ്യയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയത്. അന്വേഷണച്ചുമതലയുള്ള എ.സി. പി. ഗോപകുമാര്‍ അന്തിമ കുറ്റപത്രം ഡി.ജി.പിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.