| Monday, 19th November 2018, 2:33 pm

കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് സതീഷ് സന 'കോടികള്‍' കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദില്ലി: കേന്ദ്ര കല്‍ക്കരി സഹമന്ത്രി ഹരിഭായി ചൗധരിക്ക് മൊയിന്‍ ഖുറേഷി കേസില്‍ ഉള്‍പ്പെട്ട സതീഷ് സന “കുറച്ച് കോടികള്‍” കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തല്‍. ഇടനിലക്കാരന്‍ മനോജ് പ്രസാദിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടെന്നും ഡി.എ.ജി മനീഷ് സിന്‍ഹ സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ സി.ബി.ഐയിലെ തകര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.

നീരവ് മോദി കേസും രാകേഷ് അസ്താനയ്‌ക്കെതിരായ കേസും നിരീക്ഷിച്ചിരുന്ന ഡി.ഐ.ജി മനീഷ് കുമാര്‍ സിന്‍ഹയെ സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ അലോക് വര്‍മ്മ നാഗ്പൂരിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ മനീഷ് സിന്‍ഹ നല്കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് മനീഷ് സിന്‍ഹ നടത്തുന്നത് എന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.


ഊര്‍ജിത് പട്ടേലിന് നട്ടെല്ലുണ്ടെന്നാണ് താന്‍ കരുതുന്നത്: രാഹുല്‍ഗാന്ധി


കേന്ദ്ര കല്‍ക്കരി സഹമന്ത്രിയും ഗുജറാത്തിലെ ബി.ജെ.പി നേതാവുമായ ഹരിഭായി ചൗധരി സതീഷ് സനയില്‍ നിന്ന് “കുറച്ച് കോടികള്‍” കൈക്കൂലി വാങ്ങിയെന്ന മൊഴിയുണ്ടെന്നാണ് സിന്‍ഹ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ സ്വാധീനിച്ച് കേസ് ഒതുക്കാന്‍ ഏതാനും കോടി കൈക്കൂലി നല്കിയെന്ന് സന പറഞ്ഞതായാണ് വെളിപ്പെടുത്തല്‍. അജിത് ഡോവലുമായി തന്റെ കുടുംബത്തിന് ഏറെ അടുപ്പമുണ്ടെന്ന് അറസ്റ്റിലായ ഇടനിലക്കാരന്‍ മനോജ് പ്രസാദ് പലതവണ അവകാശപ്പെട്ടിരുന്നതുമാണ്.

ഇന്ത്യ ഇന്റര്‍പോളിലെ നിരീക്ഷക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറും എന്ന രഹസ്യവിവരം പോലും മനോജ് പ്രസാദിന് നേരത്തെ അറിയാമായിരുന്നുവെന്നാണ് ഡി.എ.ജി മനീഷ് സിന്‍ഹയുടെ വെളിപ്പെടുത്തല്‍. മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ കെ.വി ചൗധരി ഒരു ബന്ധുവിനെ രക്ഷിക്കാന്‍ സതീഷ് സനയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും മനീഷ് സിന്‍ഹയുടെ ഹര്‍ജിയില്‍ പറയുന്നു.


തെരഞ്ഞെടുപ്പ് വിജയത്തിനായി “യജ്ഞം” നടത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു


രാകേഷ് അസ്താന അലോക് വര്‍മ്മയെക്കുറിച്ച് നല്‍കിയ പരാതിയെ പിന്തുണയ്ക്കണമെന്ന് സതീഷ് സനയോട് കേന്ദ്ര നിയമ സെക്രട്ടറി സുരേഷ് ചന്ദ്ര ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര കാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുടെ നിര്‍ദ്ദേശമനുസരിച്ചാണ് സംസാരിക്കുന്നതെന്ന് നിയമ സെക്രട്ടറി സനയോട് പറഞ്ഞതായും വെളിപ്പെടുത്തലിലുണ്ട്.

അലോക് വര്‍മ്മയെ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ കേസ് നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍.

We use cookies to give you the best possible experience. Learn more