ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ് സര്‍വീസ് ഓഫീസറായ സതീഷ് കുമാറിനെ നിയമിച്ചതായി അധികൃതര്‍. ഇന്ത്യന്‍ റെയില്‍വേ ബോര്‍ഡിന്റെ ഏറ്റവും ഉന്നത് പദവിയിലാണ് സതീഷ് കുമാറിന്റെ സ്ഥാനം.
റെയില്‍വേ ബോര്‍ഡിന്റെ ചരിത്രത്തില്‍ പട്ടികജാതിയില്‍ നിന്നുള്ള ആദ്യത്തെ ചെയര്‍മാനും സി.ഇ.ഒയുമാണ് നിലവില്‍ സതീഷ് കുമാറെന്ന് റെയില്‍വേ ബോര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
റെയില്‍വേ ബോര്‍ഡിലെ നിലവിലെ സി.ഇ.ഒയും ചെയര്‍പേഴ്‌സണുമായ ജയ വര്‍മ സിന്‍ഹ വിരമിക്കുന്നതോടെയാണ് ആ സ്ഥാനത്തേക്ക് സതീഷ് കുമാറിനെ നിയമിക്കുന്നത്. സതീഷ് കുമാറിന്റെ നിയമനം സെപ്റ്റംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.
സതീഷ് കുമാറിനെ റെയില്‍വേയുടെ ചെയര്‍മാനായും ചീഫ് എക്‌സിക്യൂട്ടീവായും നിയമിക്കുന്നതിന് ക്യാബിനറ്റ് അപ്പോയിന്‍മെന്റ് കമ്മിറ്റിയാണ് അംഗീകാരം നല്‍കിയതെന്നും അദ്ദേഹത്തിന്റെ ശമ്പളസ്‌കെയില്‍ ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം വളരെ ഉയര്‍ന്നതണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴിസിന്റെ 1986ാം ബാച്ചിലെ വിശിഷ്ട ഉദ്യോഗസ്ഥനാണ് സതീഷ് കുമാറെന്നും ഇന്ത്യന്‍ റെയില്‍വേക്ക് വേണ്ടി തന്റെ ജീവിതത്തിലുടനീളം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും റെയില്‍വേ ബോര്‍ഡ് അറിയിച്ചു.
1988 മാര്‍ച്ചിലാണ് സതീഷ് കുമാറിന്റെ ഇന്ത്യന്‍ റെയില്‍വേയിലെ കരിയര്‍ തുടങ്ങുന്നത്. അതിന് ശേഷം വിവിധ സോണുകളിലും ഡിവിഷനുകളിലും സുപ്രധാന പദവി വഹിച്ചിട്ടുണ്ട്.
ഇന്ത്യന്‍ റെയില്‍വേ സംവിധാനത്തില്‍ പല നവീകരണവും കാര്യക്ഷമതയും സുരക്ഷാ മെച്ചപ്പെടുത്തലുകളും കൊണ്ടുവന്നത് സതീഷ് കുമാറാണ്.
ഇന്ത്യന്‍ റെയില്‍വേയില്‍ റെയില്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ ഫോഗ് സേഫ് ഉപകരണത്തിന്റെ ഉപയോഗം കൊണ്ടുവന്നത് മുതല്‍ നിര്‍ണായകമായ പല പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ പങ്കുണ്ടായിട്ടുണ്ട്. ശൈത്യകാലത്തുള്‍പ്പെടെ മൂടല്‍ മഞ്ഞുണ്ടാവുമ്പോഴെല്ലാം ഈ ഉപകരണം ഉപയോഗിച്ച് വരുന്നുണ്ട്.
ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ സേവനങ്ങളാണ് നിലവില്‍ ഈ ഒരു പദവിയിലേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും ഇന്ത്യന്‍ റെയില്‍വേയുടെ ഏറ്റവും ഉയര്‍ന്ന പദവിയിലിരുന്നുകൊണ്ട് അദ്ദേഹം വകുപ്പിന്റെ നിലവാരമുയര്‍ത്തുമെന്നും റെയില്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു.
Content Highlight: sathish kumar becomes first dalit chairman and ceo of indian railway board