| Saturday, 3rd October 2015, 3:25 pm

പൂക്കളുടെ വേദപുസ്തകം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൃദയത്തിലൊളിപ്പിച്ച്
അടക്കം ചെയ്യാനല്ല
സൂര്യനും,
പൂക്കള്‍ക്കുമിടയില്‍ വച്ച്
എനിക്ക് നിന്നെ
ജ്ഞാനസ്‌നാനം ചെയ്യണം.
പ്രഭാതങ്ങളടക്കം പറഞ്ഞോട്ടേ
നമുക്ക് മേല്‍
കാലമൊരു കാവല്‍പ്പുരയാകുന്നതില്‍



| കവിത :  സതി അങ്കമാലി |


വിതകളില്‍
ഞാന്‍ നിന്നെ ഉറക്കി കിടത്തിയിട്ടുണ്ട്

ജീവന്റെ ആമുഖത്തില്‍
പുഴകളുടെ ആഖ്യാനങ്ങളില്‍
പൂക്കളുടെ വേദപുസ്തകത്തില്‍
സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്
നമ്മളൊരുമിച്ച
“ഒറ്റ” പെടല്‍

ഇപ്പോഴും,
മഞ്ഞുനൂലുകള്‍
തുന്നിയെടുക്കുന്നുണ്ട്
ഉള്ളിലേയ്ക്ക്  ഉള്ളിലേയ്ക്ക്
താണിറങ്ങിപ്പോയ
ഉമ്മ പൂക്കുന്ന മരങ്ങളെ.

എന്നിട്ടും,
ഇന്നാണോ ?
ഇന്നാണോ ?
ഇറുത്തുമാറ്റുകയെന്ന്
പനിച്ചു വിറച്ച്… പനിച്ചു വിറച്ച്…

ഇല്ലാ
ഒരൊറ്റക്കുതിപ്പില്‍
എന്നില്‍ തന്നെ പിടഞ്ഞ്
അതിഗൂഢമായി
ഞാന്‍ നിന്നെ കൊല ചെയ്തിട്ടുണ്ട്

ആരും,
ആരുമെന്നെ
അനാഥത്വത്തിലേയ്ക്ക്
ഒറ്റുകൊടുക്കാതിരിക്കാന്‍

ഹൃദയത്തിലൊളിപ്പിച്ച്
അടക്കം ചെയ്യാനല്ല
സൂര്യനും,
പൂക്കള്‍ക്കുമിടയില്‍ വച്ച്
എനിക്ക് നിന്നെ
ജ്ഞാനസ്‌നാനം ചെയ്യണം.
പ്രഭാതങ്ങള്‍ അടക്കം പറഞ്ഞോട്ടേ
നമുക്ക് മേല്‍
കാലമൊരു കാവല്‍പ്പുരയാകുന്നതില്‍

അതിനുമുന്‍പ്,
ഏകാന്തതയില്‍ നിന്ന്
ഈ ചോര മുഴുവന്‍
തുടച്ചു മാറ്റണം
തുടച്ചു മാറ്റണം.

We use cookies to give you the best possible experience. Learn more